ഇന്ന് മുതല്‍ എസ്ബിഐ ബാങ്കിങ്‌കടുപ്പമേറും; മിനിമം ബാലന്‍സ് ഇനി മെട്രോകളില്‍ 5,000, നഗരങ്ങളില്‍ 3,000; എടിഎം ഉപയോഗത്തിനും അധിക ചാര്‍ജുകള്‍

25,000 രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലുള്ളവര്‍ക്ക് എസ്ബിഐയുടെ എ ടി എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് യാതൊരു നിരക്കുകളും ബാധകമല്ല. അക്കൗണ്ടില്‍ 1 ലക്ഷം രൂപയോ അതിലധികമോ ഉള്ളവര്‍ക്ക് ഏത് ബാങ്കിന്റെ എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ചാര്‍ജുകള്‍ ബാധകമല്ല.

ഇന്ന് മുതല്‍ എസ്ബിഐ   ബാങ്കിങ്‌കടുപ്പമേറും; മിനിമം ബാലന്‍സ് ഇനി മെട്രോകളില്‍ 5,000, നഗരങ്ങളില്‍ 3,000; എടിഎം ഉപയോഗത്തിനും അധിക ചാര്‍ജുകള്‍

സ്റ്റേറ്റ് ബാങ്കുകളുടെ ലയനത്തോടെ ഒന്നായ സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ (എസ്ബിഐ) ബാങ്കിംഗ് ദുഷ്‌കരമാകുന്നു. ലയനത്തിന് ശേഷം രാജ്യത്തെ ഒറ്റ ബാങ്കായി മാറിയ എസ്ബിഐ ഉപഭോക്താക്കള്‍ക്കായി കര്‍ശന നയങ്ങളാണ് ഇന്ന് മുതല്‍ നടപ്പിലാക്കുന്നത്. വിദ്യാര്‍ത്ഥികള്‍, പെന്‍ഷന്‍കാര്‍ അടക്കമുള്ള രാജ്യത്തെ 31 കോടി ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുന്നതാണ് പുതിയ നയങ്ങള്‍.

മെട്രോ നഗരത്തില്‍ അക്കൗണ്ടുള്ളവര്‍ 5,000 രൂപയാണ് ഇനി മിനിമം ബാലന്‍സ് അക്കൗണ്ടില്‍ നിലനിര്‍ത്തേണ്ടത്. ഇത്തരത്തില്‍ മിനിമം ബാലന്‍സ് ഇല്ലാത്തവര്‍ക്ക് 50-100 രൂപ പിഴ ചുമത്താനാണ് തീരുമാനം. നഗരങ്ങളിലെ ബാങ്കുകളില്‍ അക്കൗണ്ട് ഉള്ളവര്‍ക്ക് 3,000, ഗ്രാമങ്ങളിലെ ബാങ്കുകളില്‍ അക്കൗണ്ടുള്ളവര്‍ക്ക് 2,000 എന്നിങ്ങനെയാണ് മിനിമം ബാലന്‍സായി അക്കൗണ്ടില്‍ സുക്ഷിക്കേണ്ട തുക. ഗ്രാമപ്രദേശങ്ങളിലെ എസ്ബിഐ ബ്രാഞ്ചുകളിലെ ഉപഭോക്താക്കള്‍ മിനിമം ബാലന്‍സായി സൂക്ഷിക്കേണ്ടത് 1000 രൂപയാണ്. ഈ വിഭാഗത്തില്‍പ്പെടുന്നവര്‍ മിനിമം ബാലന്‍സ് സൂക്ഷിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ 20 മുതല്‍ 50 രൂപ വരെയാണ് പിഴ.

എസ്ബിഐയുടെ എ ടി എമ്മുകളില്‍ നിന്ന് മാസത്തില്‍ അഞ്ച് തവണയിലധികം പണം പിന്‍വലിച്ചാല്‍ 10 രൂപ വീതം ഈടാക്കും. മറ്റ് ബാങ്കുകളുടെ എ ടി എമ്മില്‍ നിന്ന് മാസം മൂന്ന് തവണയില്‍ കൂടുതല്‍ പണം പിന്‍വലിച്ചാല്‍ 10 രൂപ വീതമാണ് ഈടാക്കുക. അതേസമയം 25,000 രൂപയില്‍ കൂടുതല്‍ അക്കൗണ്ടിലുള്ളവര്‍ക്ക് എസ്ബിഐയുടെ എ ടി എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് യാതൊരു നിരക്കുകളും ബാധകമല്ല. അക്കൗണ്ടില്‍ 1 ലക്ഷം രൂപയോ അതിലധികമോ ഉള്ളവര്‍ക്ക് ഏത് ബാങ്കിന്റെ എ ടി എമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ചാര്‍ജുകള്‍ ബാധകമല്ല. പുതിയ തീരുമാനങ്ങളെ എസ് ബി ഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ ന്യായീകരിച്ചു. ജന്‍ ധന്‍ അക്കൗണ്ടുകള്‍ മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യതകളെ അതിജീവിക്കാന്‍ ഇത്തരം ചില നടപടികള്‍ അനിവാര്യമാണെന്ന് അരുന്ധതി പറഞ്ഞു.