സൗദി സ്വദേശി പത്രപ്പരസ്യത്തിലൂടെ ഹൈദരാബാദ് സ്വദേശിനിയെ വിവാഹമോചനം ചെയ്തു

സംഭവത്തെത്തുടര്‍ന്ന് വഞ്ചനയ്ക്കും സ്ത്രീകളോടുള്ള അതിക്രമത്തിനുമെതിരെ ഹൈദരാബാദ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

സൗദി സ്വദേശി പത്രപ്പരസ്യത്തിലൂടെ ഹൈദരാബാദ് സ്വദേശിനിയെ വിവാഹമോചനം ചെയ്തു

സൗദി അറേബ്യന്‍ സ്വദേശിയായ ബിസിനസുകാരന്‍ തന്റെ ഇന്ത്യന്‍ ഭാര്യയെ വിവാഹമോചനം ചെയ്തത് പത്രപ്പരസ്യത്തിലൂടെ. ഹൈദരാബാദ് സ്വദേശിനിയായ 25കാരിയെയാണ് മുഹമ്മദ് മുഷ്താഖുദ്ദീന്‍ എന്ന സൗദി സ്വദേശി പത്രത്തില്‍ പരസ്യം നല്‍കി ഉപേക്ഷിച്ചത്. സംഭവത്തെത്തുടര്‍ന്ന് വഞ്ചനയ്ക്കും സ്ത്രീകളോടുള്ള അതിക്രമത്തിനുമെതിരെ ഹൈദരാബാദ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാര്‍ച്ച് നാലിനാണ് ഒരു പ്രാദേശിക ഉര്‍ദു പത്രത്തില്‍ വിവാഹമോചന പരസ്യം കണ്ടതെന്ന് യുവതി പോലീസിനോട് പറഞ്ഞു. പരസ്യം കണ്ട് തകര്‍ന്നുപോയ തന്നെ മുഹമ്മദ് മുഷ്താഖുദ്ദീന്റെ അഭിഭാഷകന്‍ ഫോണില്‍ ബന്ധപ്പെട്ടതായും യുവതി പറഞ്ഞു. 2015ലാണ് ഇവരുടെ വിവാഹം നടന്നത്. ഇതിനേത്തുടര്‍ന്ന് ഇയാള്‍ യുവതിയെ സൗദി അറേബ്യയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ വര്‍ഷം കുഞ്ഞ് ലഭിച്ചതിനെത്തുടര്‍ന്ന് ഇരുവരും ഇന്ത്യയിലേക്ക് തിരിച്ചുവന്നിരുന്നു.

ഇതിനിടെ മുഷ്താഖുദ്ദീന്‍ യുവതിയോട് ഒരു വാക്ക് പോലും പറയാതെ ഒരു ദിവസം സൗദിയിലേക്ക് കടന്നുകളയുകയായിരുന്നു. പിന്നീട് താന്‍ പലതവണ ഫോണ്‍ വിളിച്ചെങ്കിലും ഭര്‍ത്താവ് പ്രതികരിച്ചില്ലെന്ന് യുവതി പറയുന്നു. തന്നെ വിവാഹം ചെയ്തതിന് സമാനമായ രീതിയില്‍ ബന്ധുക്കളുടെ മുന്നില്‍ വെച്ച് തലാഖ് ചൊല്ലിയായിരുന്നു വിവാഹമോചനം നടത്തേണ്ടിയിരുന്നതെന്ന് യുവതി പറഞ്ഞു.

മുഷ്താഖുദ്ദീന്‍ 20 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ട് യുവതിയെ പീഡിപ്പിച്ചതായി പോലീസ് പറഞ്ഞു. ഈ വര്‍ഷം ആദ്യം അമേരിക്കയില്‍ ജോലി ചെയ്യുന്ന ഹൈദരാബാദ് സ്വദേശി വാട്ട്‌സ്ആപ്പ് സന്ദേശത്തിലൂടെ തലാഖ് ചൊല്ലി ഭാര്യയെ വിവാഹമോചനം ചെയ്തത് വിവാദമായിരുന്നു.