ജയിലിൽ നിന്നിറങ്ങാൻ അവിചാരിതമായി ലഭിച്ച കച്ചിത്തുരുമ്പിൽ പിടിച്ചു ശശികല; സുപ്രീം കോടതി വിധി പുനഃപരിശോധിക്കാനുള്ള ഹർജി നൽകി

1991 ലെ ഒരു സുപ്രീം കോടതി വിധി അനുസരിച്ച് തന്നെ വെറുതെ വിടണമെന്നാണു ശശികലയുടെ വാദം.

ജയിലിൽ നിന്നിറങ്ങാൻ അവിചാരിതമായി ലഭിച്ച  കച്ചിത്തുരുമ്പിൽ പിടിച്ചു ശശികല; സുപ്രീം കോടതി വിധി പുനഃപരിശോധിക്കാനുള്ള ഹർജി നൽകി

അനധികൃതസ്വത്തു സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ രണ്ടര മാസമായി ബംഗളൂരു പരപ്പാന അഗ്രഹാര ജയിലില്‍ തടവിലുള്ള വി കെ ശശികല സുപ്രീം കോടതി വിധിയ്‌ക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കി. 1991 ലെ ഒരു സുപ്രീം കോടതി വിധി അനുസരിച്ച് തന്നെ വെറുതെ വിടണമെന്നാണു ശശികലയുടെ വാദം.

അഴിമതിക്കേസില്‍ തന്നെയായിരുന്നു ആ വിധിയും വന്നത്. ഏതാണ്ട് ജയലളിതയും ശശികലയും കൂട്ടരും ഉള്‍പ്പെട്ട കേസ് പോലെ. അതിലെ പ്രധാന പ്രതി മരിച്ചു പോയതിനാല്‍ അയാള്‍ക്കുള്ള ശിക്ഷ കോടതി റദ്ദാക്കിയിരുന്നു. അതുപോലെ കൂട്ടുപ്രതികളേയും കോടതി വെറുതെ വിട്ടിരുന്നു. ആ വിധി ആയുധമാക്കിയാണ് ഇപ്പോള്‍ ശശികലയും കൂട്ടാളികളായ ഇളവരശി, സുധാകരന്‍ എന്നിവരും പുനഃപരിശോധനാ ഹര്‍ജി നല്‍കിയിരിക്കുന്നത്.

1991 ലെ വിധി പ്രകാരം ഞങ്ങളെ വെറുതെ വിടണം എന്ന ശശികലയുടേയും കൂട്ടരുടേയും അപേക്ഷ കോടതി സ്വീകരിക്കുമോ ഇല്ലയോ എന്നു കണ്ടറിയണം. കോടതി പുനഃപരിശോധനാ ഹര്‍ജി പരിഗണിച്ചാലേ അതിനെപ്പറ്റി എന്തെങ്കിലും നീക്കുപോക്കുകള്‍ ഉണ്ടാകൂ.

ജയലളിതയുടെ സ്വത്തു സമ്പാദനക്കേസില്‍ അവര്‍ മരിച്ചതു കൊണ്ട് ശിക്ഷയില്‍ നിന്നും ഒഴിവാക്കിയിരുന്നു. അതേ സമയം ശശികല, ഇളവരശി, സുധാകരന്‍ എന്നിവര്‍ക്കു നാല് വര്‍ഷം വീതം തടവും ഒരാള്‍ക്കു പത്ത് കോടി വീതം പിഴയും ചുമത്തിയിരുന്നു. പിഴ അടച്ചില്ലെങ്കില്‍ 13 മാസം കൂടുതല്‍ തടവുശിക്ഷ അനുഭവിക്കേണ്ടി വരും.

കഴിഞ്ഞ വാലന്‌റൈന്‍സ് ദിനത്തിനായിരുന്നു ശശികലയും കൂട്ടാളികളും കുറ്റക്കാരെന്നു സുപ്രീം കോടതി വിധി വന്നത്. തുടര്‍ന്ന് രണ്ടര മാസം അനക്കമൊന്നും ഇല്ലാതിരുന്ന അവര്‍ ഒരു കച്ചിത്തുരുമ്പ് കിട്ടിയപ്പോള്‍ പൊടുന്നനെ പുനഃപരിശോധനാ ഹര്‍ജിയുമായി ഇറങ്ങുകയായിരുന്നു. അവരുടെ വക്കീലന്മാർ അഹോരാത്രം അദ്ധ്വാനിച്ചിട്ടുണ്ടെന്ന് ചുരുക്കം!

ജയലളിതയുടെ മരണത്തിനു ശേഷം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പൊട്ടിപ്പുറപ്പെട്ട പുകപടലങ്ങള്‍ ഇനിയും ശമിച്ചിട്ടില്ല. ഇതിനിടയില്‍ ഒരു തിരിച്ചുവരവിനുള്ള ശശികലയുടെ ശ്രമങ്ങള്‍ എന്തെങ്കിലും കോലാഹലങ്ങൾ ഉയര്‍ത്തുമോയെന്ന് കാത്തിരുന്ന് കാണണം!

Read More >>