സുനന്ദ പുഷ്കർ കേസ്; റിപബ്ലിക് ടിവിയുടെ റിപ്പോർട്ട് പച്ചക്കള്ളമെന്ന് ശശി തരൂർ

സുനന്ദ പുഷ്കറിന്റെ മരണത്തിൽ കോൺഗ്രസ് എംപി ശശി തരൂരിനു പങ്കുണ്ടെന്ന് ആരോപിക്കുന്ന റിപ്പോർട്ട് അർണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി പുറത്തു വിട്ടു. റിപ്പോർട്ട് കെട്ടിച്ചമച്ചതാണെന്ന് തരൂർ പ്രതികരിച്ചു.

സുനന്ദ പുഷ്കർ കേസ്; റിപബ്ലിക് ടിവിയുടെ റിപ്പോർട്ട് പച്ചക്കള്ളമെന്ന് ശശി തരൂർ

കോൺഗ്രസ് എംപി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് അര്‍ണബ് ഗോസ്വാമിയുടെ റിപബ്ലിക് ടിവി പുറത്തുവിട്ട റിപ്പോര്‍ട്ട് കെട്ടിച്ചമച്ചതും പച്ചക്കള്ളവുമാണെന്ന് കോണ്‍ഗ്രസ്സ് എംപി ശശി തരൂര്‍. വളച്ചൊടിക്കലുകളുടെ സങ്കരം എന്നാണ് ഫേസ്ബുക്കിലൂടെ തരൂര്‍ ആ റിപ്പോര്‍ട്ടിനെ വിമര്‍ശിച്ചത്. അര്‍ണാബിനെ മുഖംമൂടി ധരിച്ച നെറിയില്ലാത്ത ജേണലിസ്റ്റ് എന്നും തരൂര്‍ ആക്ഷേപിച്ചു.


തിങ്കളാഴ്ചയാണ് റിപബ്ലിക് ടിവി സുനന്ദ പുഷ്‌കറിന്റെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപിക്കുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തത്. സുനന്ദയുടെ മൃതദേഹം ലീല ഹോട്ടലിന്റെ 307 ാം മുറിയില്‍ നിന്നും 345 ാം മുറിയിലേക്കു മാറ്റിയതായും റിപബ്ലിക് ടിവി പറഞ്ഞു. അന്വേഷണത്തിനു മുമ്പ് മൃതദേഹം വികൃതമാക്കിയിട്ടുള്ളതായും ചാനല്‍ ആരോപിച്ചു.

സുനന്ദയുടെ മരണത്തിനു ഏതാനും മണിക്കൂറുകള്‍ മുമ്പ് അവരുമായും സഹായി നരേനുമായും ഫോണില്‍ സംസാരിച്ചെന്നും സംഭാഷണത്തിന്റെ ടേപ്പുകള്‍ ഡൽഹി പൊലീസിനെ ഏല്പ്പിച്ചിട്ടുണ്ടെന്നും റിപബ്ലിക് ടിവിയുടെ ന്യൂസ് എഡിറ്റർ പ്രേമ ശ്രീദേവി അവകാശപ്പെട്ടു. എന്നാല്‍ അങ്ങിനെയൊരു ടേപ് കിട്ടിയിട്ടില്ലെന്നാണു സുനന്ദ കേസ് അന്വേഷിക്കുന്ന ഓഫീസര്‍ ഇഷ് വാര്‍ സിംഗ് പറയുന്നത്.


2014 ജനുവരിയിലാണു ശശി തരൂരിന്റെ മൂന്നാം ഭാര്യയായ സുനന്ദ പുഷ്‌കറിനെ ഡല്‍ഹി ലീല പാലസ് ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്നേ ദിവസം തരൂരും ആ ഹോട്ടലില്‍ തങ്ങിയിരുന്നു. പ്രാഥമിക അന്വേഷണത്തിനുശേഷം മരണകാരണം 'ദുരൂഹം' ആണെന്നായിരുന്നു പൊലീസ് അറിയിച്ചത്. സംഭവത്തില്‍ താന്‍ നിപരാധിയാണെന്ന് തരൂര്‍ വാദിച്ചിരുന്നു.

സുനന്ദയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് അര്‍ണാബ് ഗോസ്വാമി പുതിയ ആരോപണങ്ങളും വെളിപ്പെടുത്തലുകളുമായി രംഗത്തെത്തുന്നത്. നിലവില്‍ ലോകസഭ എംപി ആയ ശശി തരൂരിനു പുതിയ തലവേദനകള്‍ ഉണ്ടാക്കുന്നതാണ് റിപബ്ലിക് ടിവി റിപ്പോര്‍ട്ട്.

ടെലിവിഷന്‍ റേറ്റിംഗിനു വേണ്ടിയും വ്യക്തിപരമായ നേട്ടങ്ങള്‍ക്കു വേണ്ടിയും മറ്റൊരാളുടെ ദുരന്തത്തെ ഉപയോഗിക്കുന്നതില്‍ അമര്‍ഷമുണ്ടെന്നും തരൂര്‍ രേഖപ്പെടുത്തി. ഈ ആരോപണങ്ങളെല്ലാം കോടതിയില്‍ തെളിയിക്കാന്‍ അര്‍ണാബിനെ തരൂര്‍ വെല്ലുവിളിച്ചു.

Read More >>