കണ്ണൂരിലെ കാള ട്വിറ്ററില്‍ പശുവായി; കേരളത്തിനെതിരേ സംഘപരിവാര്‍ വ്യാജപ്രചാരണം വീണ്ടും

കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ കണ്ണൂര്‍ താഴത്തെരുവില്‍ കാളയെ അറുത്ത് മാംസം വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പരസ്യമായി 'പശു'വിനെ അറുത്തുവെന്നാണ് ദില്ലിയിലെ ബിജെപി വക്താവ് തജീന്ദര്‍പാല്‍ സിംഗ് ബഗ്ഗ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

കണ്ണൂരിലെ കാള ട്വിറ്ററില്‍ പശുവായി; കേരളത്തിനെതിരേ സംഘപരിവാര്‍ വ്യാജപ്രചാരണം വീണ്ടും

കണ്ണൂര്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ട്വിറ്ററില്‍ വ്യാജവിവരങ്ങള്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെ കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റുമായി സംഘപരിവാര്‍ നേതാക്കള്‍ രംഗത്ത്. ബീഫ് നിരോധനത്തിനെതിരേ കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തെക്കുറിച്ച് ദില്ലിയിലെ ബിജെപി വക്താവ് തജീന്ദര്‍പാല്‍ സിംഗ് ബഗ്ഗയാണ് തെറ്റിദ്ധാരണാജനകമായ പോസ്റ്റിട്ടിരിക്കുന്നത്. കശാപ്പുശാലകള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരേ കണ്ണൂര്‍ താഴത്തെരുവില്‍ കാളയെ അറുത്ത് മാംസം വിതരണം ചെയ്ത് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ പരസ്യമായി 'പശു'വിനെ അറുത്തു വെന്നാണ് ബഗ്ഗ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. കൊന്നത് പശുവിനെയാണ് എന്നതിലൂടെ കേരളം ഗോവധത്തെ പ്രോത്സാഹിപ്പിക്കുന്നു എന്ന നിലപാട് പ്രഖ്യാപിക്കാനാണ് ബഗ്ഗ ശ്രമിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അടുത്തബന്ധം സൂക്ഷിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ഫോട്ടോകളും ബഗ്ഗിയുടെ പ്രൊഫൈലിലുണ്ട്. ഇത്തരമൊരു പ്രൊഫൈല്‍ വഴി പ്രചരിപ്പിക്കപ്പെടുന്ന ആശയങ്ങള്‍ക്ക് സ്വീകാര്യതയേറുമെന്നുറപ്പ്. കഴിഞ്ഞദിവസം യൂത്ത് കോണ്‍ഗ്രസ് നടത്തിയ ബീഫ് മേളകളുടെ ചിത്രങ്ങളും ബഗ്ഗ പ്രചരിപ്പിക്കുന്നുണ്ട്. പശുക്കളെ കൊല്ലുന്നു എന്നുതന്നെയാണ് ആരോപണം. കേരളത്തിലെ സംഭവവികാസങ്ങള്‍ ദേശീയതലത്തില്‍ തെറ്റായി പ്രചരിപ്പിക്കുന്ന സംഘപരിവാര്‍ അജണ്ട ഇവിടെ വ്യക്തമാകുന്നു. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ വ്യാപകമായി പശുക്കളെ കൊല്ലുന്നു എന്ന പ്രതീതി സൃഷ്ടിക്കുകയാണ് തന്റെ പോസ്റ്റിലൂടെ ബഗ്ഗ.

പയ്യന്നൂര്‍ ധന്‍രാജ് വധക്കേസ് പ്രതിയും ആര്‍എസ്എസ് പ്രചാരകുമായ ബിജു കൊല്ലപ്പെട്ടതിനു പിന്നാലെ കുമ്മനം രാജശേഖരന്‍ ട്വിറ്ററിലിട്ട വീഡിയോയും തെറ്റിദ്ധാരണ പരത്തുന്നതായിരുന്നു. കൊലപാതകത്തെത്തുടര്‍ന്ന് സിപിഐഎം പ്രവര്‍ത്തകര്‍ ആഘോഷപ്രകടനം നടത്തുന്നു എന്ന പേരില്‍ കുമ്മം പോസ്റ്റ് ചെയ്ത വീഡിയോ വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. കേരളത്തില്‍ ജംഗിള്‍രാജ് എന്ന തലക്കെട്ടോടെയായിരുന്നു വീഡിയോ പോസ്റ്റ് ചെയ്തിരുന്നത്. ദേശീയ തലത്തില്‍ ഈ വീഡിയോ ഏറെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. യാഥാര്‍ത്ഥ്യമറിയാത്തവര്‍ കുമ്മനത്തിന്റെ വാക്ക് വിശ്വസിക്കുകയും സിപിഐഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി ദേശീയതലത്തില്‍ തുടര്‍ ചര്‍ച്ചകള്‍ നടത്തുകയുമുണ്ടായി.

ഇതിന്റെ പിറ്റേന്നാണ് ഏഷ്യാനെറ്റ് ചാനല്‍ മേധാവിയും ബിജെപി എംപിയുമായ രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ വ്യാജ പോസ്റ്റുമായെത്തിയത്. കൊല്ലപ്പെട്ട ബിജുവിന്റെ മൃതദേഹം കൊണ്ടുപോകാന്‍ പരിയാരം മെഡിക്കല്‍ കോളേജിലെത്തിയ ആംബുലന്‍സ് സിപിഐഎം പ്രവര്‍ത്തകര്‍ തകര്‍ത്തു എന്നതായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ പോസ്റ്റ്. എന്നാല്‍ ആര്‍എസ്എസ് കാര്യകാര്യാംഗം വത്സന്‍ തില്ലങ്കേരിയുടെ നേതൃത്വത്തിലുള്ള ആര്‍എസ്എസ് പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്ന് ആശുപത്രിയിലെ സിസിടിവിയില്‍ നിന്ന് പിന്നീട് വ്യക്തമായി.

സിപിഐഎം സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണന്‍ അഫ്‌സ്പ എന്ന പട്ടാളനിയമത്തിനെതിരേ സംസാരിച്ചതിനെ തെറ്റായി വ്യാഖ്യാനിച്ച് റിപ്പബ്ലിക് ടിവി അടുത്തിടെ ചര്‍ച്ച സംഘടിപ്പിച്ചതാണ് അടുത്തത്. പട്ടാളക്കാരെ അധിക്ഷേപിച്ച് സിപിഐഎം നേതാവ് എന്നതായിരുന്നു ഏഷ്യാനെറ്റിനു കൂടി പങ്കാളിത്തമുള്ള റിപ്പബ്ലിക് ടിവിയുടെ വ്യാഖ്യാനം. ചര്‍ച്ചയ്‌ക്കെത്തിയ എംബി രാജേഷ് എംപിയെ ഒന്നും പറയാനനുവദിക്കാതെ നിലപാട് അടിച്ചേല്‍പ്പിക്കാന്‍ അവതാരകനായ അര്‍ണബ് ഗോസ്വാമി ശ്രമിക്കുകയും ചെയ്തിരുന്നു. ഇടതുഭരണം നിലനില്‍ക്കുന്ന കേരളത്തില്‍ അരാജകത്വമാണെന്ന് വരുത്താന്‍ സംഘപരിവാര്‍ നേതാക്കള്‍ ശ്രമിക്കുന്നുവെന്നതിന്റെ തെളിവാവുകയാണ് ഈ സംഭവങ്ങളോരോന്നും.

Read More >>