അടുക്കളയില്‍ സംഘപരിവാര്‍ ഫാസിസം; കന്നുകാലി മാംസ നിരോധനത്തില്‍ കാഞ്ച ഐലയ്യ നാരദാന്യൂസിനോട്

കന്നുകാലി കശാപ്പ് നിരോധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവ് വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ദളിത് എഴുത്തുകാരന്‍ കാഞ്ച ഐലയ്യ. മുമ്പേ തീരുമാനിച്ച ആര്‍എസ്എസിന്റെ അജണ്ടയാണിത്. സാമ്പത്തിക രംഗത്തും ഭക്ഷ്യമേഖലയിലും വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് അദ്ദേഹം നാരദാന്യൂസിനോട് പറഞ്ഞു.

അടുക്കളയില്‍ സംഘപരിവാര്‍ ഫാസിസം; കന്നുകാലി മാംസ നിരോധനത്തില്‍ കാഞ്ച ഐലയ്യ നാരദാന്യൂസിനോട്

കശാപ്പുശാലകള്‍ നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധങ്ങള്‍ക്കും പ്രതിസന്ധിയ്ക്കും ഇടയാക്കുമെന്ന മുന്നറിയിപ്പുമായി ദളിത് എഴുത്തുകാരനും ചിന്തകനുമായ കാഞ്ച ഐലയ്യ. രാജ്യത്തെ സാമ്പത്തിക രംഗത്തും ഭക്ഷ്യമേഖലയിലും ഉത്തരവ് ദോഷകരമായി ബാധിക്കും. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് തൊഴിലും ഭക്ഷണവും നിഷേധിക്കുന്ന നടപടി ഒരു സര്‍ക്കാരിന് എങ്ങനെ സ്വീകരിക്കാന്‍ കഴിയുമെന്നും അദ്ദേഹം ചോദിക്കുന്നു.

സാംസ്കാരിക അടിച്ചേൽപ്പിക്കലാണിത്. രാജ്യത്തെ ആദിവാസികളേയും ദളിതുകളേയും ന്യൂനപക്ഷങ്ങളേയും ലക്ഷ്യം വെച്ചുള്ള നടപടിയാണിതെന്ന് അദ്ദേഹം വ്യക്തമാക്കി.

കേരളവും വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും മറ്റും ഈ നടപടിയെ അംഗീകരിക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് ഫെഡറല്‍ സംവിധാനത്തെ തകര്‍ക്കുന്നതാണ്. അറുപതുകളില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങളില്‍ ബീഫ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. വലിയ പ്രതിഷേധങ്ങളെയാണ് അന്ന് കോണ്‍ഗ്രസിനു നേരിടേണ്ടി വന്നത്.

ഇപ്പോഴുള്ള ഉത്തരവ് ജനങ്ങളുടെ ഭക്ഷണത്തിന്മേലുള്ള കൈകടത്തലാണ്. സംഘപരിവാർ ഫാസിസം അടുക്കളയിൽ കയറിയെന്നു പറയാം. കുട്ടികളടക്കമുള്ളവരുടെ ആരോഗ്യത്തേയും മറ്റും ബാധിക്കുന്നതാണ്. ഇതിനെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ ഉയരുമെന്നുറപ്പാണ്. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനെ കേന്ദ്രനടപടി എങ്ങനെ ബാധിക്കുമെന്ന് കാത്തിരുന്ന് കാണണമെന്നും കാഞ്ച ഐലയ്യ നാരദാന്യൂസിനോട് പറഞ്ഞു.