തമിഴ് നാട്ടിലെ മണൽ മാഫിയയെ വെളിച്ചത്ത് കൊണ്ടുവന്നു; ജേണലിസ്റ്റിന് ദുരിതകാലം

രാജ്യത്ത് നടക്കുന്ന കൊള്ളയടി വെളിച്ചത്ത് കൊണ്ടുവന്നതിന് ഒരു ജേണലിസ്റ്റ് ഇത്രയേറേ ക്രൂശിക്കപ്പെടുന്നെങ്കിൽ സത്യം തുറന്ന് പറയുന്നവർക്ക് മരണത്തിനെപ്പോലും നേരിടേണ്ടി വരുന്ന അവസ്ഥ ഉണ്ടാകുമെന്ന് സന്ധ്യ ആശങ്കപ്പെടുന്നു.

തമിഴ് നാട്ടിലെ മണൽ മാഫിയയെ വെളിച്ചത്ത് കൊണ്ടുവന്നു; ജേണലിസ്റ്റിന് ദുരിതകാലം

സ്വതന്ത്ര പത്രപ്രവർത്തകയായ സന്ധ്യ രവിശങ്കർ തമിഴ് നാട് തീരത്തെ നിയമവിരുദ്ധമായ മണൽ ഖനനത്തിനെപ്പറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചപ്പോൾ ഇത്രയും വലിയ ഭീഷണി ഉയരുമെന്ന് കരുതിയിട്ടുണ്ടാവില്ല. ചെന്നൈയിലെ അവരുടെ വീടിന് ഇപ്പോൾ പൊലീസ് കാവൽ ഉണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഭീഷണികൾ അവരെത്തേടിയെത്തുന്നു. അവർ ചെയ്തത് ഒരു കാര്യമേയുള്ളൂ, വൻ കിട മാഫിയകൾ വാഴുന്ന തമിഴ് നാടിന്റെ കടലോരപ്രദേശത്തിലെ മണൽ വാരലിനെപ്പറ്റി എഴുതി എന്നത്.

2013 ൽ ഉത്തർ പ്രദേശിലെ ഒരു ജൂനിയർ ഐ ഏ എസ് ഓഫീസർ ആയ ദുർഗ ശക്തി നാഗ്പാലിനെതിരെ നടപടി എടുത്ത സംഭവവുമായി ബന്ധപ്പെട്ടാണ് സന്ധ്യയുടെ അന്വേഷണം ആരംഭിക്കുന്നത്. ഒരു പള്ളിയുടെ മതിൽ പൊളിച്ചെന്ന കാരണം പറഞ്ഞ് ദുർഗയ്ക്കെതിരെ നടപടി ഉണ്ടായി. പക്ഷേ, യഥാർഥ കാരണം യു പിയിലെ അനധികൃത ഖനനത്തിനെതിരെ ദുർഗ നീങ്ങിയതായിരുന്നു.

അപ്പോഴാണ് തൂത്തുക്കുടി ജില്ലാ കളക്ടർ ആശിഷ് കുമാർ പ്രദേശത്തെ അനധികൃത ഖനനം റേയ്ഡ് ചെയ്യാൻ പോകുന്നെന്ന വാർത്ത അറിയുന്നത്. അന്വേഷിച്ചപ്പോൾ ആ വാർത്ത ശരിയായിരുന്നു. തുടർന്ന് സന്ധ്യ കൂടുതൽ വിവരങ്ങൾക്കായി തൂത്തുക്കുടിയിലേയ്ക്ക് പോയി. അവിടെ വച്ച് ഖനനപ്രഭുവായ എസ് വൈകുണ്ഡരാജനെപ്പറ്റി കേൾക്കുന്നത്. തമിഴ് നാടിന്റെ തീരപ്രദേശങ്ങളിൽ നിന്നും അയാൾ കവർന്നെടുത്തത് 1370409.28 മെട്രിക് ടൺ മണൽ ആയിരുന്നു.

അപ്പോഴേയ്ക്കും 2014 പൊതുതെരഞ്ഞെടുപ്പ് വരുകയും സന്ധ്യ അതിന്റെ തിരക്കിലാകുകയും ചെയ്തു.

ടൈംസ് നൗവിലെ ജോലി ഉപേക്ഷിച്ച് സന്ധ്യ ഫ്രീലാൻസ് ജേണലിസ്റ്റ് ആയി തുടരുമ്പോൾ ജിയോളജിസ്റ്റ് ആയ വിക്ടർ രാജമാക്കം എന്നയാൾ മദ്രാസ് ഹൈക്കോടതിയിൽ സമർപ്പിച്ച പൊതുതാല്പര്യഹർജി ശ്രദ്ധയിൽപ്പെട്ടു. മണൽ ഖനനക്കാർ ഒരു ലക്ഷം കോടി രൂപ വിലവരുന്ന അറ്റോമിക് മിനറലുകൾ നീക്കിയെന്നായിരുന്നു പരാതി. ഇത്തരം മിനറലുകൾ വിദേശരാജ്യങ്ങളിലേയ്ക്ക് നിയമവിരുദ്ധമായി കയറ്റുമതി ചെയ്യുന്നതായും അദ്ദേഹം ആരോപിച്ചു.

സന്ധ്യ ആ പൊതുതാല്പര്യഹർജിയെ പിന്തുടർന്ന് ഇക്കണോമിക് ടൈംസിൽ വിശദമായി എഴുതി. അപ്പോൾ മുതൽ സന്ധ്യയ്ക്കെതിരെ ഭീഷണികളും ആരംഭിച്ചു. അവർക്കെതിരെ കേസുകൾ ഉണ്ടായി. അവരുടെ റിപ്പോർട്ട് ആധാരമാക്കി അന്വേഷണവും ഉണ്ടായി. പക്ഷേ, മണൽ മാഫിയയിൽ നിന്നും അവർക്ക് കുട പിടിക്കുന്നവരിൽ നിന്നും നിരന്തരം ഭീഷണികൾ വരുകയാണ് ഫോണിലൂടെയും സോഷ്യൽ മീഡിയയിലൂടെയും.

രാജ്യത്ത് നടക്കുന്ന കൊള്ളയടി വെളിച്ചത്ത് കൊണ്ടുവന്നതിന് ഒരു ജേണലിസ്റ്റ് ഇത്രയേറേ ക്രൂശിക്കപ്പെടുന്നെങ്കിൽ സത്യം തുറന്ന് പറയുന്നവർക്ക് മരണത്തിനെപ്പോലും നേരിടേണ്ടി വരുന്ന അവസ്ഥ ഉണ്ടാകുമെന്ന് സന്ധ്യ ആശങ്കപ്പെടുന്നു.