'ബിയിംഗ് സ്മാര്‍ട്ട്'; പുതിയ സ്മാര്‍ട്ട് ഫോണുമായി സല്‍മാന്‍ ഖാന്‍

ബിയിംഗ് സ്മാര്‍ട്ട് എന്ന പേരില്‍ ബോളിവുഡ് താരം സ്മാര്‍ട്ട് ഫോണ്‍ ഇറക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യയാണ് റിപ്പോര്‍ട്ട് ചെയ്തത്

ബിയിംഗ് സ്മാര്‍ട്ട്; പുതിയ സ്മാര്‍ട്ട് ഫോണുമായി സല്‍മാന്‍ ഖാന്‍

ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ മൊബൈല്‍ ഫോണ്‍ വിപണിയിലേക്കെന്ന് വാര്‍ത്ത. ബിയിംഗ് സ്മാര്‍ട്ടെന്ന പേരില്‍ ഖാന്‍ സ്മാര്‍ട്ട് ഫോണ്‍ ഇറക്കാന്‍ പദ്ധതിയിടുന്നതായി ടൈംസ് ഓഫ് ഇന്ത്യ ദിനപ്പത്രമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്മാര്‍ട്ട് ഫോണ്‍ ഇറക്കുന്നതുമായി ബന്ധപ്പെട്ട ട്രെയ്ഡ്മാര്‍ക്ക് സല്‍മാന്‍ രജിസ്റ്റര്‍ ചെയ്തതായി വാര്‍ത്തകള്‍ പറയുന്നു.

ബിയിംഗ് ഹ്യൂമന്‍ എന്ന പേരില്‍ 51കാരനായ താരത്തിന്റെ പേരില്‍ നിലവില്‍ ഒരു വസ്ത്ര ബ്രാന്‍ഡുണ്ട്. മൈക്രോമാക്‌സ്, സാംസങ്ങ് കമ്പനികളുടെ മുന്‍ ജീവനക്കാരുടെ നേതൃത്വത്തില്‍ ഖാന്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിവരുന്നതായും സൂചനയുണ്ട്. നിര്‍മാണം പൂര്‍ത്തിയാകുന്ന ഫോണുകള്‍ തുടക്കത്തില്‍ ഓണ്‍ലൈന്‍ വഴി വിപണനം നടത്താനും ക്രമേണ റീട്ടേയ്ല്‍ മാര്‍ക്കറ്റിലൂടെ വിപണി കണ്ടെത്താനുമാണ് സല്‍മാന്‍ ഉദ്ദേശിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.

20,000 രൂപ വില വരുന്ന ഫോണ്‍ നിര്‍മിക്കാന്‍ താരം ഒരു ചൈനീസ് പ്ലാന്റുമായി ധാരണയായതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. സല്‍മാന്‍ നിക്ഷേപകരേയും സാങ്കേതിക വിദഗ്ധരേയും തേടുന്നതായി അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.