വിവരാവകാശ മാനദണ്ഡങ്ങൾക്കു കടുപ്പമേറുന്നു; ഇനി അപേക്ഷ സമർപ്പിക്കൽ അത്ര സുഖകരമാവില്ല

അപേക്ഷയിലെ വാക്കുകളുടെ പരിധി 500 എണ്ണമാക്കുന്നു എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. എന്നാൽ പരിധിയിലേറെ വാക്കുകൾ ഉൾക്കൊള്ളിച്ചു എന്ന കാരണത്താൽ അപേക്ഷ നിരസിക്കാനാവില്ല. വിവരം നിഷേധിക്കുന്നതിനെതിരായ പരാതി ഓൺലൈനാക്കുക, അപേക്ഷകൻ തന്നെ തപാൽ ചാർജ് വഹിക്കുക എന്നിവയാണ് അടുത്ത മാറ്റങ്ങൾ. ഇക്കണോമിക് സർവേ, നാഷനൽ സാമ്പിൾ സർവേ ഓഫിസ് ഡാറ്റ തുടങ്ങിയ സർക്കാർ പ്രസിദ്ധീകരണങ്ങൾ ഇനി മുതൽ 10 രൂപയുടെ വിവരാവകാശ അപേക്ഷയിൽ ലഭ്യമാവില്ല എന്നതാണ് മറ്റൊരു പ്രധാന മാറ്റം.

വിവരാവകാശ മാനദണ്ഡങ്ങൾക്കു കടുപ്പമേറുന്നു; ഇനി അപേക്ഷ സമർപ്പിക്കൽ അത്ര സുഖകരമാവില്ല

വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകാനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു. അപേക്ഷയിലെ വാക്കുകളുടെ പരിധി 500 എണ്ണമാക്കുന്നു എന്നതാണ് അതിൽ പ്രധാനപ്പെട്ടത്. എന്നാൽ പരിധിയിലേറെ വാക്കുകൾ ഉൾക്കൊള്ളിച്ചു എന്ന കാരണത്താൽ അപേക്ഷ നിരസിക്കാനാവില്ല. വിവരം നിഷേധിക്കുന്നതിനെതിരായ പരാതി ഓൺലൈനാക്കുക, അപേക്ഷകൻ തന്നെ തപാൽ ചാർജ് വഹിക്കുക എന്നിവയാണ് അടുത്ത മാറ്റങ്ങൾ.

നിലവിൽ സർക്കാർ വഹിച്ചിരുന്ന തപാൽ ചാർജാണ് ഇനി മുതൽ അതാതു വ്യക്തികളിലേക്കു പോവുന്നത്. തീർന്നില്ല, ഇക്കണോമിക് സർവേ, നാഷനൽ സാമ്പിൾ സർവേ ഓഫിസ് ഡാറ്റ തുടങ്ങിയ സർക്കാർ പ്രസിദ്ധീകരണങ്ങൾ ഇനി മുതൽ 10 രൂപയുടെ വിവരാവകാശ അപേക്ഷയിൽ ലഭ്യമാവില്ല എന്നതാണ് മറ്റൊരു പ്രധാന മാറ്റം. പ്രസിദ്ധീകരണത്തിന്‍റെ വിപണി വിലയോ ഓരോ പേജിന്‍റെ ഫോട്ടോകോപ്പിക്കും രണ്ടു രൂപ വീതമോ നൽകണമെന്നാണ് പുതിയ വ്യവസ്ഥ. വിവരങ്ങൾ കള്ളമാണെന്നു അവകാശപ്പെടുന്നവരെ എതിർത്തുകൊണ്ടുള്ള രേഖകൾ സമർപ്പിക്കാൻ വിവരാവകാശ ഉദ്യോ​ഗസ്ഥർക്ക് അവസരവും കൈവരികയാണ്.

നിലവിൽ 30 ദിവസത്തിനകം വിവരാവകാശം ലഭ്യമാക്കണമെന്നും അതു കഴിഞ്ഞാൽ അപ്പീൽ പോവാമെന്നുമായിരുന്നു നിയമം. എന്നാൽ ഇനി മുതൽ അപ്പീലിന്റെ ഒരു പകർപ്പ് ഇൻഫർമേഷൻ ഓഫീസർക്ക് അയച്ചുകൊടുക്കണം. അയാൾ അതിൽ നടപടി സ്വീകരിക്കണം. രണ്ടാമത്തെ അപ്പീൽ കേന്ദ്ര ഇൻഫർമേഷൻ കമ്മീഷനും സമർപ്പിക്കണം. വിവരാകാശ കമ്മീഷന്റെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയ മാറ്റിയ നിർദേശങ്ങൾ സംബന്ധിച്ച് ഈ മാസം 15 വരെ അഭിപ്രായങ്ങൾ അറിയിക്കാൻ അവസരമുണ്ട്.

2015 - 16 വർഷത്തിൽ വിവരാവകാശ നിയമപ്രകാരം ലഭിച്ചത് ഒരു കോടിയിലേറെ അപേക്ഷകളാണ്. മുൻ യുപിഎ സർക്കാരും വിവരാവകാശ അപേക്ഷയുടെ മാനദണ്ഡങ്ങൾ മാറ്റാൻ ശ്രമം നടത്തിയിരുന്നെങ്കിലും വിവിധ കോണുകളിൽ നിന്ന് എതിർപ്പുകൾ ഉയർന്നതിനെ തുടർന്ന് ശ്രമം ഒഴിവാക്കുകയായിരുന്നു. അതേസമയം, സാധാരണക്കാരന്റെ അറിയാനുള്ള അവകാശം കൂടുതൽ സങ്കീർണവും ചെലവേറിയതും ആക്കുകയാണ് പുതിയ മാറ്റങ്ങളിലൂടെ സർക്കാർ ചെയ്യുന്നതെന്ന പരാതികൾ ഉയർന്നുകഴിഞ്ഞു.

പൊതു അധികാര സ്ഥാപനങ്ങളുടെ കൈവശമുള്ള വിവരങ്ങൾ എല്ലാ പൗരന്മാർക്കും ലഭ്യമാക്കുക, പൊതു അധികാര കേന്ദ്രങ്ങളുടെ പ്രവർത്തനത്തിൽ സുതാര്യതയും വിശ്വാസ്യതയും വർധിപ്പിക്കുക, ജനങ്ങളോടുള്ള ഉത്തരവാദിത്തം നിലനിർത്തുക, അഴിമതി നിർമ്മാർജനം ചെയ്യുക എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി 2005 ഒക്ടോബർ 12നാണ് രാജ്യത്ത് വിവരാവകാശ നിയമം നിലവിൽ വന്നത്.

ഭരണഘടനാ പ്രകാരമോ ലോകസഭയുടെയോ നിയമസഭകളുടെയോ നിയമം വഴിയോ സർക്കാർ വിജ്ഞാപനം വഴിയോ നിലവിൽ വന്നതോ, രൂപീകരിക്കപ്പെട്ടതോ ആയ എല്ലാ അധികാരികളും സ്ഥാപനങ്ങളും, സർക്കാരിൽ നിന്നും ഏതെങ്കിലും തരത്തിൽ സഹായധനം ലഭിക്കുന്ന സർക്കാർ ഇതര സംഘടനകളും ഈ നിയമത്തിന്റെ പരിധിയിൽ വരും.