ഗുജറാത്തില്‍ വെജിറ്റേറിയന്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കാന്‍ ആര്‍ എസ് എസ് മുസ്ലീം ഘടകം

പശുവിന്‍ പാല്‍ കൊണ്ടുണ്ടാക്കിയ പലഹാരങ്ങളും ഫലൂദ, പഴങ്ങള്‍, ഗുജറാത്തി വിഭവങ്ങളായ ഭാജിയ, ദാല്‍വട, ആംരസ് തുടങ്ങിയവയും നല്‍കും. പശുവിന്‌റെ പ്രാധാന്യവും ബീഫ് കഴിച്ചാലുള്ള അപകടങ്ങളും ഇഫ്താര്‍ വിരുന്നുകളില്‍ വച്ച് ജനങ്ങളെ അറിയിക്കും. ജുഹാപുരയില്‍ വച്ച് നടക്കാനിരിക്കുന്ന വിരുന്നില്‍ രണ്ടായിരത്തോളം ആളുകള്‍ പങ്കെടുക്കുമെന്ന് കരുതുന്നു. മുസ്ലീം സമൂഹത്തില്‍ ആര്‍ എസ് എസ്സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുന്നതിനും സമൂഹത്തിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതുമായിരിക്കും ലക്ഷ്യം.

ഗുജറാത്തില്‍ വെജിറ്റേറിയന്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിക്കാന്‍ ആര്‍ എസ് എസ് മുസ്ലീം ഘടകം

റംസാന്‍ മാസത്തില്‍ സസ്യവിഭവങ്ങള്‍ മാത്രം ഉള്‍പ്പെടുത്തിയ ഇഫ്താര്‍ വിരുന്നൊരുക്കാന്‍ ആര്‍എസ് എസ്സിന്‌റെ മുസ്ലീം വിഭാഗമായ മുസ്ലീം രാഷ്ട്രീയ മഞ്ചിന്‌റെ ഗുജറാത്ത് ഘടകത്തിന്‌റെ തീരുമാനം. പശുവിന്‍ പാലുല്പന്നങ്ങള്‍ ഉപയോഗിച്ചുള്ള വിഭവങ്ങളും വിളമ്പുമെന്നും അവര്‍ പറയുന്നു. ഹിന്ദു-മുസ്ലീം ഐക്യത്തിനായിട്ടാണ് എംആര്‍എം ഇത്തരം ഒരു ഇഫ്താറിന് ഒരുങ്ങുന്നത്. മുത്തലാക്കിനെതിരേ മുസ്ലീം സ്ത്രീകളെ ബോധവതികളാക്കുന്നതിനും ചര്‍ച്ച ചെയ്യുന്നതിനും പദ്ധതിയുണ്ട്.

'ഗോസംരക്ഷണവും ബീഫ് കഴിച്ചാലുള്ള അപകടങ്ങളും ഉള്‍പ്പെടുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കാനാണ് എംആര്‍എം പ്രത്യേക ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുന്നത്. ഹദീസ്സുകളും ഖുറാനും ഉപയോഗിച്ച് തെറ്റായ രീതിയില്‍ മുത്തലാക്ക് പ്രയോഗിക്കുന്ന പ്രശ്‌നം സമൂഹത്തിലുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പ് അഹമ്മദാബാദിലും ബാറൂച്ചിലും മുസ്ലീം മഹിളാ സമ്മേളനില്‍ വച്ച് മുത്തലാക്ക് ഇരകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യാനുള്ള കിറ്റുകള്‍ വിതരണം ചെയ്തിരുന്നു. എല്ലാ പ്രധാന നഗരങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ഇഫ്താര്‍ വിരുന്നുകള്‍ സംഘടിപ്പിക്കുന്നുണ്ട്. എല്ലാ തുറകളിലുമുള്ള ഹിന്ദുക്കളേയും മുസ്ലീംങ്ങളേയും ക്ഷണിക്കുന്നുണ്ട്. പശുവിന്‍ പാല്‍ കൊണ്ടുള്ള മധുരപലഹാരങ്ങളും വെജിറ്റേറിയന്‍ വിഭവങ്ങളുമായിരിക്കും നല്‍കുക. എല്ലാത്തരം വാര്‍പ്പുമാതൃകകളേയും ഇല്ലാതാക്കാനാണ് ശ്രമം. എംആര്‍എം രക്ഷാധികാരിയായ ഇന്ദ്രേഷ് കുമാറിനേയും ക്ഷണിച്ചിട്ടുണ്ട്,' എംആര്‍എം സംസ്ഥാന കണ്‍വീനറും ബിസിനസ്സുകാരനുമായ സലീം ഖാന്‍ (46) പറഞ്ഞു.

'ഞങ്ങള്‍ പശുവിന്‍ പാല്‍ കൊണ്ടുണ്ടാക്കിയ പലഹാരങ്ങളും ഫലൂദ, പഴങ്ങള്‍, ഗുജറാത്തി വിഭവങ്ങളായ ഭാജിയ, ദാല്‍വട, ആംരസ് തുടങ്ങിയവയും നല്‍കും. പശുവിന്‌റെ പ്രാധാന്യവും ബീഫ് കഴിച്ചാലുള്ള അപകടങ്ങളും ഇഫ്താര്‍ വിരുന്നുകളില്‍ വച്ച് ജനങ്ങളെ അറിയിക്കും. ജുഹാപുരയില്‍ വച്ച് നടക്കാനിരിക്കുന്ന വിരുന്നില്‍ രണ്ടായിരത്തോളം ആളുകള്‍ പങ്കെടുക്കുമെന്ന് കരുതുന്നു. മുസ്ലീം സമൂഹത്തില്‍ ആര്‍ എസ് എസ്സിനെക്കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ നീക്കുന്നതിനും സമൂഹത്തിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്നതുമായിരിക്കും ഞങ്ങളുടെ ലക്ഷ്യം. സ്ത്രീകളുടെ സുരക്ഷ, വിദ്യാഭ്യാസത്തിന്‌റെ കുറവ്, ചെറുപ്പക്കാര്‍ക്ക് നല്ല തൊഴിലില്ലാത്തത് തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും,' എംആര്‍എം അഹമ്മദാബാദ് കണ്‍വീനര്‍ ഇക്ബാല്‍ സയ്യിദ് (64) പറഞ്ഞു.

2002 ലാണ് മുസ്ലീം രാഷ്ട്രീയ മഞ്ച് രൂപം കൊണ്ടത്. ആര്‍ എസ് എസ് തലവനായിരുന്ന കെ എസ് സുദര്‍ശന്‌റെ നേതൃത്വത്തിലായിരുന്നു സംഘനയുടെ സ്ഥാപനം.