കേരളവും പശ്ചിമബംഗാളും ലക്ഷ്യംവച്ച്‌ ആര്‍എസ്എസ്; കോയമ്പത്തൂരിലെ സമ്മേളനത്തില്‍ കര്‍മപദ്ധതി തയ്യാറാക്കും

ആദ്യഘട്ടത്തില്‍ ബംഗാളിനായിരിക്കും പ്രാധാന്യം നല്‍കുകയെന്ന് ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കി. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയും പ്രതിരോധമാരംഭിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുതുടങ്ങിയെന്നാണ് ഔദ്യോഗിക വിശദീകരണം.

കേരളവും പശ്ചിമബംഗാളും ലക്ഷ്യംവച്ച്‌ ആര്‍എസ്എസ്; കോയമ്പത്തൂരിലെ സമ്മേളനത്തില്‍ കര്‍മപദ്ധതി തയ്യാറാക്കും

ഉത്തര്‍പ്രദേശിലെ വിജയത്തിനുശേഷം ആര്‍എസ്എസ്, കേരളവും ബംഗാളും ലക്ഷ്യംവെക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇടതുകോട്ടകളില്‍ വിള്ളലുണ്ടാക്കി ഇരുസംസ്ഥാനങ്ങളിലും വേരോട്ടം ശക്തമാക്കാനാണ് സംഘപരിവാര്‍ ശ്രമം. കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരേയും പശ്ചിമബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിനെതിരേയും പ്രതിരോധമാരംഭിക്കാനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചുതുടങ്ങിയെന്നാണ് ഔദ്യോഗിക വിശദീകരണം.

ബംഗാളിലും കേരളത്തിലും ഹിന്ദുക്കള്‍ക്കെതിരേ വ്യാപക അക്രമങ്ങളാണ് നടക്കുന്നതെന്ന പ്രചാരണം ശക്തമാക്കി സര്‍ക്കാരുകളെ പ്രതിരോധത്തിലാക്കാനുള്ള ശ്രമങ്ങളാകും തുടങ്ങുക. കേരളത്തില്‍ സമീപകാലത്തായി നടന്ന അക്രമസംഭവങ്ങള്‍ ദേശീയ ശ്രദ്ധയിലേക്ക് കൊണ്ടുവന്നത് ഇതിന്റെ ഭാഗമായാണ്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി, കേരളത്തില്‍ ഒരു സീറ്റും പശ്ചിമബംഗാളില്‍ മൂന്നുസീറ്റും നേടിയിരുന്നു. കേരളത്തില്‍ ആറ് ശതമാനത്തില്‍ നിന്ന് പത്തര ശതമാനമായി വോട്ട് വര്‍ധിപ്പിക്കാനും ബിജെപിക്ക് സാധിച്ചിരുന്നു. ഈ ആഴ്ച കോയമ്പത്തൂരില്‍ ചേരുന്ന ആര്‍എസ്എസ് ഭാരവാഹികളുടെ അഖില ഭാരതീയ പ്രതിനിധി സഭാ സമ്മേളനം കേരളത്തിലും ബംഗാളിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിനുള്ള കര്‍മ്മപദ്ധതി തയ്യാറാക്കും. ആദ്യഘട്ടത്തില്‍ കേരളത്തെ അപേക്ഷിച്ച് ബംഗാളിനായിരിക്കും പ്രാധാന്യം നല്‍കുകയെന്ന് ആര്‍എസ്എസ് നേതൃത്വം വ്യക്തമാക്കി.

ഭൂരിപക്ഷ സമുദായത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും ആര്‍എസ്എസ് ആരോപിച്ചു. ഇതിനുപുറമേ കേരളത്തില്‍ ആര്‍എസ്എസിനെതിരേ നടക്കുന്ന അക്രമണങ്ങളും ചര്‍ച്ചാവിഷയമാകും. ആര്‍എസ്എസിന്റെ മുതിര്‍ന്ന നേതാക്കള്‍ക്കൊപ്പം പോഷക സംഘടനകളുടെ 40 അധ്യക്ഷന്മാരും യോഗത്തില്‍ പങ്കെടുക്കും. കഴിഞ്ഞവര്‍ഷം ഹൈദരാബാദില്‍ ചേര്‍ന്ന ആര്‍എസ്എസ് അഖിലേന്ത്യാ നിര്‍വാഹകസമിതി യോഗത്തില്‍ കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളെപ്പറ്റിയും ബംഗാളില്‍ ഹിന്ദുക്കള്‍ക്കുനേരെ നടക്കുന്ന ആക്രമണങ്ങള്‍ക്കെതിരേയും ശക്തമായ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയിരുന്നു.

loading...