ഇറച്ചി രോ​ഗമാണ്, അതിനാൽ മുസ്ലിങ്ങൾ ബീഫ് ഉപേക്ഷിക്കണമെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ്കുമാർ

സത്യത്തിൽ, മാംസം രോഗം പരത്തുന്നവയാണ്. മാംസത്തിനു പകരം നോമ്പു കാലത്ത് ധാരാളം പശുവിന്‍ പാൽ ഉപയോഗിക്കണമെന്നും വീട്ടുപരിസരത്ത് തുളസി തൈകകള്‍ നട്ടുപിടിപ്പിക്കണമെന്നും ഇന്ദ്രേഷ് കുമാർ നിർദേശിക്കുന്നു.

ഇറച്ചി രോ​ഗമാണ്, അതിനാൽ മുസ്ലിങ്ങൾ ബീഫ് ഉപേക്ഷിക്കണമെന്ന് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ്കുമാർ

ഇറച്ചി രോ​ഗമാണെന്നും അതിനാൽ മുസ്ലിങ്ങൾ ബീഫ് ഉപേക്ഷിക്കണമെന്നും ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ. ഇറച്ചി അസുഖമാണെന്നും, പാലാണ് ഔഷധമെന്നുമാണ് പ്രവാചകൻ പറ‍ഞ്ഞിട്ടുള്ളതെന്നും അതിനാൽ നോമ്പെടുക്കുന്ന മുസ്ലിങ്ങൾ ഇറച്ചി തിന്നുന്നത് അവസാനിപ്പിക്കണമെന്നുമാണ് ഇന്ദ്രേഷ് കുമാറിന്റെ വാദം.

ആർഎസ്എസ് പോഷകസംഘടനയായ മുസ്ലിം രാഷ്ട്രീയ മഞ്ച് ജാമിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച ഇഫ്താർ പാർട്ടിയിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു ആർഎസ്എസ് നേതാവിന്റെ വിവാദ പ്രസ്താവന. പ്രസ്താവന വിവാദമായതോടെ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രം​ഗത്തെത്തി.

ആദ്യത്തെ പ്രവാചകൻ മുതൽ അവസാനത്തെ പ്രവാചകൻ വരെയും അവരുടെ ഭാര്യമാരും മാംസാഹാരം ഉപയോ​ഗിച്ചിരുന്നില്ല. അവസാനത്തെ പ്രവാചകൻ ഇറച്ചി രോ​ഗകാരിയാണെന്നാണ് പറഞ്ഞത്. പ്രവാചകന്റെ വാക്കുകൾ പ്രകാരം ആര് മാംസം വർജിക്കുന്നുവോ അവർ രോ​ഗമുക്തരാവുമെന്നും എന്നാൽ ആളുകൾ ഇക്കാര്യം പ്രാവർത്തികമാക്കുന്നില്ലെന്നും ഇന്ദ്രേഷ് കുമാർ പറയുന്നു.

സത്യത്തിൽ, മാംസം രോഗം പരത്തുന്നവയാണ്. മാംസത്തിനു പകരം നോമ്പു കാലത്ത് ധാരാളം പശുവിന്‍ പാൽ ഉപയോഗിക്കണമെന്നും വീട്ടുപരിസരത്ത് തുളസി തൈകകള്‍ നട്ടുപിടിപ്പിക്കണമെന്നും ഇന്ദ്രേഷ് കുമാർ നിർദേശിക്കുന്നു.

ഇന്ദ്രേഷ് കുമാറിനെ ഇഫ്താറിലേക്കു ക്ഷണിക്കുന്നതിനെതിരെ നേരത്തെ തന്നെ വിദ്യാർത്ഥികൾ പ്രതിഷേധവുമായി രം​ഗത്തെത്തിയിരുന്നു. മുസ്ലിങ്ങൾക്കെതിരായ വികാരം യൂണിവേഴ്സിറ്റിയിലും എത്തിക്കാനാണ് ശ്രമമെന്നു വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി.

ഇന്ദ്രേഷ് കുമാർ അജ്മീർ ​ദർ​​ഗയിലേതടക്കം നിരവധി സ്ഫോടനക്കേസുകളിൽ പ്രതിയാണെന്നും അയാളെ ഞങ്ങളുടെ യൂണിവേഴ്സിറ്റിക്ക് ആവശ്യമില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. സമാധാനപരമായി സമരം നടത്തിയ തങ്ങളെ അടിച്ചമർത്താനാണ് പൊലീസ് നോക്കുന്നതെന്നും ആറു വിദ്യാർത്ഥികളെ അവർ അകാരണമായി പിടിച്ചുകൊണ്ടുപോയെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി.

നേരത്തെയും സമാന പ്രസ്താവനകൾ നടത്തി വിവാദത്തിൽ അകപ്പെട്ടിട്ടുള്ള ആളാണ് ഇന്ദ്രേഷ് കുമാർ. വാലന്റൈൻസ് ദിനത്തിന്റെ പാശ്ചാത്യവൽക്കരണമാണ് ബലാത്സം​ഗത്തിനു കാരണമെന്നായിരുന്നു ഇന്ദ്രേഷ്കുമാർ കഴിഞ്ഞദിവസം നടത്തിയ പ്രസ്താവന.

Read More >>