നായയെ കൊന്ന പൊലീസുകാരനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നോയ്ഡയില്‍ 50,000 രൂപ പാരിതോഷികം

കേസില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നായയെ കൊന്ന പൊലീസുകാരനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് നോയ്ഡയില്‍ 50,000 രൂപ പാരിതോഷികം

നായയെ കൊന്നയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50,000 രൂപ പ്രതിഫലം പ്രഖ്യാപിച്ച് മൃഗസംരക്ഷണ വേദി. നോയ്ഡയിലാണ് സംഭവം. തെരുവുനായയെ കഴുത്തുഞെരിച്ചു കൊന്നയാളെ പിടികൂടാന്‍ സഹായിക്കുന്ന വിവരം നല്‍കുന്നവര്‍ക്കാണ് പാരിതോഷികം. ട്രാഫിക് പൊലീസുകാരന്റെ വേഷത്തിലെത്തിയ ആളാണ് കഴിഞ്ഞ ദിവസം നായയെ കൊന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നോയ്ഡ് ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ധവാന്‍ സിങ്ങാണ് നായയെ കൊന്നതെന്ന് സൂചനയുണ്ട്. ജൂലൈ 14ന് സെക്ടര്‍ 45ലെ സര്‍ദാര്‍പൂര്‍ ബസാറിലാണ് സംഭവം നടന്നത്. ഹ്യൂമന്‍ സൊസൈറ്റി ഇന്‍ര്‍നാഷണല്‍ എന്ന മൃഗസംരക്ഷണ വേദിയും ഫൗന പൊലീസും സംയുക്തമായാണ് പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ളത്. സംഭവത്തിന് പിന്നിലുള്ളതായി കരുതുന്ന പൊലീസുകാരന്‍ കൃത്യം നടക്കുമ്പോള്‍ ഡ്യൂട്ടിയിലില്ലായിരുന്നതായി റിപ്പോര്‍ട്ടുണ്ട്. പച്ചക്കറി വാങ്ങാന്‍ മാര്‍ക്കറ്റിലെത്തിയ തനിക്കു നേരെ കുരച്ചുചാടിയ നായയെ സ്വയരക്ഷക്കായി ധവാന്‍ സിങ്ങ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.

മദ്യലഹരിയിലായിരുന്നു ഇയാളെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ധവാന്‍ സിങ്ങിനെ പിടികൂടാന്‍ ശ്രമം ഊര്‍ജിതമാക്കിയതായി പൊലീസ് പറഞ്ഞു. കേസില്‍ ഇടപെടല്‍ ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തെഴുതിയതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

Read More >>