നൊബേല്‍ നേടിയ റിച്ചാര്‍ഡ് തേലര്‍ മോദിയുടെ നോട്ട് നിരോധനത്തെ പിന്തുണച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

ഏറെക്കാലമായി താന്‍ പിന്തുണച്ചു വരുന്ന നയമാണ് ഇത് എന്നും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത് കള്ളപ്പണവും അഴിമതിയും കുറയ്ക്കാന്‍ സഹായകമാകുമെന്നും കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവടുവെപ്പാണ് ഇതെന്നുമാണ് തേലര്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നത്

നൊബേല്‍ നേടിയ റിച്ചാര്‍ഡ് തേലര്‍ മോദിയുടെ നോട്ട് നിരോധനത്തെ പിന്തുണച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

സാമ്പത്തിക ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ റിച്ചാര്‍ഡ് തേലര്‍ ഇന്ത്യയില്‍ നവംബര്‍ എട്ടിന് നടപ്പിലാക്കിയ നോട്ട് നിരോധനത്തെ അനുകൂലിച്ചിരുന്നതായി ട്വീറ്റുകള്‍ വെളിപ്പെടുത്തുന്നു. അമേരിക്കന്‍ സൈദ്ധാന്തികനായ തേലറിന്റെ സാമ്പത്തിക നയങ്ങളെ അഭിനന്ദിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ വ്യാപകമായതോടെയാണ് നവംബര്‍ എട്ടിനുള്ള ഒരു ട്വീറ്റും പൊങ്ങിവന്നിരിക്കുന്നത്.

ഏറെക്കാലമായി താന്‍ പിന്തുണച്ചു വരുന്ന നയമാണ് ഇത് എന്നും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിച്ചത് കള്ളപ്പണവും അഴിമതിയും കുറയ്ക്കാന്‍ സഹായകമാകുമെന്നും കറന്‍സി രഹിത സമ്പദ് വ്യവസ്ഥയിലേക്കുള്ള ചുവടുവെപ്പാണ് ഇതെന്നുമാണ് തേലര്‍ അന്ന് ട്വീറ്റ് ചെയ്തിരുന്നത്.

എന്നാല്‍ അതിന് മറുപടിയായി, ഇതിനു പകരം 2000 രൂപയുടെ ഒറ്റ നോട്ടു പുറത്തിറക്കാന്‍ ഗവണ്മെന്റ് തീരുമാനിച്ചിട്ടുണ്ട് എന്ന് ട്വീറ്റിന് മറുപടികള്‍ വന്നു. "ശരിക്കും?" എന്നൊരു മറുപടിയുമായി തേലര്‍ ഇതിനോട് പ്രതികരിച്ചു. 8.41നായിരുന്നു നോട്ട് നിരോധനത്തെ പ്രശംസിച്ചുകൊണ്ടുള്ള ട്വീറ്റ്. എന്നാല്‍ 9 മണിയോടെ തന്നെ തേലര്‍ അതില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ സാമ്പത്തിക മാന്ദ്യം ഉണ്ടാക്കിയത് നോട്ട് നിരോധനമാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞരും പ്രതിപക്ഷ നേതാക്കളും ഇന്ത്യയിലെ ജനങ്ങളും തുടര്‍ച്ചയായി പറഞ്ഞുകൊണ്ടിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയും സമ്മതിച്ചിരുന്നില്ല. നോട്ട് നിരോധനം പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ജിഡിപിയെയും കാര്‍ഷിക മേഖലയെയും ദോഷകരമായി ബാധിക്കുന്ന നീക്കമാണിതെന്ന് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക ശാസ്ത്രജ്ഞനുമായ ഡോ. മന്‍മോഹന്‍ സിംഗ് പറഞ്ഞപ്പോള്‍ മോദി മന്‍മോഹന്‍സിംഗിനെ കളിയാക്കുകയാണ് ചെയ്തത്. ഏറ്റവുമൊടുവില്‍ നോട്ട് നിരോനത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിക്കാന്‍ ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരി വരെ തയ്യാറായി.

സാമ്പത്തിക മേഖല ആകെ കുഴഞ്ഞുകിടക്കുകയാണ് എന്നും ജിഎസ്ടിക്ക് ജനജീവിതം നശിപ്പിക്കാന്‍ മാത്രമേ കഴിയൂ എന്നും എന്‍ഡിഎ സര്‍ക്കാരിലെ മുന്‍ ധനമന്ത്രി കൂടിയായ യശ്വന്ത് സിംഹയും പറഞ്ഞിരുന്നു. ഈ നിലയ്ക്ക് പോയാല്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞെന്നുവരില്ലെന്നും സിംഹ ഓര്‍മ്മിപ്പിച്ചു.

മുന്‍ ആര്‍ബിഎെ ഗവര്‍ണര്‍ രഘുറാം രാജന്‍ നോട്ടുനിരോധനത്തിനെതിരെ തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു. നൊബേല്‍ പട്ടികയില്‍ അവസാന ഘട്ടം വരെ രഘുറാം രാജന്‍റെ പേരും ഉണ്ടായിരുന്നു.

Read More >>