200 രൂപ നോട്ടുകളും വരുന്നു; റിസര്‍വ് ബാങ്ക് തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്

കഴിഞ്ഞമാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് 200 രൂപ കറൻസി പുറത്തിറക്കുന്നതു സംബന്ധിച്ച് തീരുമാനമെടുത്തത്. ആര്‍ബിഐയിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.

200 രൂപ നോട്ടുകളും വരുന്നു; റിസര്‍വ് ബാങ്ക് തീരുമാനമെടുത്തതായി റിപ്പോര്‍ട്ട്

2000 രൂപ നോട്ടുകള്‍ക്ക് പിന്നാലെ 200 രൂപ നോട്ടുകളും വരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ബോര്‍ഡ് യോഗം 200 രൂപ നോട്ട് അച്ചടിക്കാനുള്ള നിര്‍ദേശം അംഗീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞമാസം ചേര്‍ന്ന ബോര്‍ഡ് യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. ആര്‍ബിഐയിലെ രണ്ട് ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് വാര്‍ത്തകള്‍ പുറത്തുവന്നിരിക്കുന്നത്.

ഗവണ്‍മെന്റിന്റെ അംഗീകാരം കിട്ടിയാല്‍ ജൂണിന് ശേഷമായിരിക്കും 200 രൂപ നോട്ടിന്റെ അച്ചടി തുടങ്ങുക. എന്നാല്‍ ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണമൊന്നും ലഭ്യമായിട്ടില്ല. കഴിഞ്ഞ നവംബര്‍ 8 നാണ് 500, 1000 രൂപ നോട്ടുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചത്. ഇതിനുശേഷം പുതിയ 500, 2000 നോട്ടുകള്‍ ഇറക്കിയിരുന്നു. നോട്ടുനിരോധനത്തിനുശേഷം കുറഞ്ഞ തുകയുടെ കറന്‍സികള്‍ വിപണിയില്‍ ലഭ്യമല്ലെന്ന് പരക്കെ ആക്ഷേപമുണ്ടായിരുന്നു. പിന്‍വലിക്കപ്പെട്ട കറന്‍സികളുടെ ചെറിയൊരുശതമാനം മാത്രമാണ് തിരികെ വിപണിയിലെത്തിയിട്ടുള്ളത്.

കറന്‍സി രഹിത സമ്പത്ത് വ്യവസ്ഥയുടെ ഭാഗമായി കാഷ്‌ലെസ് ഇടപാടുകളെയാണ് സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. നേരിട്ട് പണം നല്‍കിയുള്ള ഇടപാടുകള്‍ക്ക് നിയന്ത്രണങ്ങള്‍ വരുത്തിയതും കറന്‍സിയുടെ ആവശ്യകത കുറച്ചിട്ടുണ്ട്. എങ്കിലും സാധാരണക്കാരുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക് കുറഞ്ഞ തുകയുടെ കറന്‍സികള്‍ ആവശ്യമാണ്. അതിനാലാണ് 200 രൂപ നോട്ടുകള്‍ ഇറക്കുന്നതു സംബന്ധിച്ച് റിസര്‍വ് ബാങ്ക് നടപടി സ്വീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

Story by