മതാടിസ്ഥാനത്തിലുള്ള സംവരണം മറ്റൊരു പാക്കിസ്ഥാനെ സൃഷ്ടിക്കുമെന്ന് വെങ്കയ്യ നായിഡു

ചില വിഭാഗങ്ങള്‍ക്ക് സംവരണം വര്‍ധിപ്പിക്കാനുള്ള തെലങ്കാന സര്‍ക്കാരിന്റെ ആവശ്യം ഭരണഘടനാപരമായി സാധുതയില്ലാത്തത്. മതാടിസ്ഥാനത്തിലുള്ള സംവരണത്തെ ഭാവിയില്‍ തടയുമെന്നും വെങ്കയ്യ നായിഡു പറഞ്ഞു.

മതാടിസ്ഥാനത്തിലുള്ള സംവരണം മറ്റൊരു പാക്കിസ്ഥാനെ സൃഷ്ടിക്കുമെന്ന് വെങ്കയ്യ നായിഡു

മതാടിസ്ഥാനത്തിലുള്ള സംവരണം മറ്റൊരു പാക്കിസ്ഥാനെ സൃഷ്ടിക്കുമെന്ന് കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. മതത്തിന്റെ പേരിലുള്ള സംവരണത്തെ ഭരണഘടനാ ശില്‍പിയായ ബിആര്‍ അംബേദ്കര്‍ എതിര്‍ത്തിരുന്നുവെന്നും അംബേദ്കര്‍ ജയന്തിയോട് അനുബന്ധിച്ച് ഹൈദരാബാദില്‍ നടന്ന ബിജെപി യോഗത്തില്‍ അദ്ദേഹം വ്യക്തമാക്കി.

മതത്തെ അടിസ്ഥാനപ്പെടുത്തി സംവരണം നടപ്പിലാക്കുന്നത് രാജ്യത്ത് സാമൂഹിക അസമത്വം സൃഷ്ടിക്കും. ചില വിഭാഗങ്ങള്‍ക്ക് സംവരണം വര്‍ധിപ്പിക്കാനുള്ള തെലങ്കാന സര്‍ക്കാരിന്റെ ആവശ്യം ഭരണഘടനാപരമായി സാധുതയില്ലാത്തതാണ്. ബിജെപി മതാടിസ്ഥാനത്തിലുള്ള സംവരണത്തെ ഇപ്പോള്‍ എതിര്‍ക്കുന്നില്ലെന്നും കെ ചന്ദ്രശേഖര്‍ റാവു അത് നടപ്പിലാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഭാവിയില്‍ തങ്ങള്‍ ഇതിനെ തടയുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇത്തരത്തിലുള്ള നീക്കം മറ്റൊരു പാകിസ്ഥാൻറെ പിറവിക്ക് കാരണമാകുമെന്നതിനാലാണ് എതിർക്കുന്നത് - അദ്ദേഹം പറഞ്ഞു. മുന്‍പ് വൈഎസ് രാജശേഖര റെഡ്ഡിയും ചന്ദ്രബാബു നായിഡുവും അത് നടപ്പിലാക്കാന്‍ ശ്രമിച്ചപ്പോള്‍ തങ്ങള്‍ എതിര്‍ത്തിരുന്നുവെന്ന് വെങ്കയ്യനായിഡു ചൂണ്ടിക്കാട്ടി. ഇത് ബിജെപിയുടെ ദേശീയ തലത്തിലുള്ള നയമാണ്. അല്ലാതെ ബിജെപി തെലങ്കാന ഘടകത്തിന്റെയല്ല. സാമുദായിക അടിസ്ഥാനത്തിലുള്ള സംവരണത്തിനും തങ്ങള്‍ എതിരാണെന്ന് നായിഡു പറഞ്ഞു. കാരണം അത്തരം സംവരണം ജനങ്ങളെ വര്‍ഗാടിസ്ഥാനത്തില്‍ വേര്‍തിരിക്കും. ജനങ്ങള്‍ക്കിടയില്‍ ഐക്യമില്ലായ്മ സൃഷ്ടിക്കും. അത് രാജ്യത്തിന്റെ വിഭജനത്തിന് മുറവിളി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.