ലാലു പ്രസാദ് യാദവിനെ കുടുക്കി അര്‍ണബിന്റെ റിപ്പബ്ലിക്ക് ടിവിക്ക് ഗംഭീര തുടക്കം; ജയിലില്‍ നിന്ന് കുപ്രസിദ്ധ ഗുണ്ട ഷഹാബുദ്ദീന്‍ ലാലുവിനെ വിളിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്

കൊലപാതക കേസുകളില്‍പ്പെട്ട് തിഹാര്‍ ജയിലിനുള്ളില്‍ കഴിയുന്ന ആര്‍ജെഡി നേതാവും കുപ്രസിദ്ധ ഗുണ്ടയുമായ ഷഹാബുദ്ദീനും ലാലുപ്രസാദ് യാദവുമായുള്ള ഫോണ്‍ സംഭാഷണം പുറത്ത്. ബിഹാറിലെ സിവാനില്‍ കലാപമുണ്ടായപ്പോള്‍ വെടിവെയ്ക്കാന്‍ ഉത്തരവിട്ട എസ്പിയെ മാറ്റണമെന്ന് ഷഹാബുദ്ദീന്‍ ലാലുവിന് നിര്‍ദ്ദേശം നല്‍കുന്ന ഫോണ്‍ സംഭാഷണമാണ് അര്‍ണാബ് ഗോസ്വാമിയുടെ പുതിയ ചാനലായ റിപ്പബ്ലിക് പുറത്തുവിട്ടത്. മദ്യമാഫിയയെ സഹായിക്കാത്ത ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാന്‍ ഷഹാബുദ്ദീന്‍ ജയിലിനുള്ളില്‍ നിന്ന് നിര്‍ദ്ദേശം നല്‍കുന്ന സംഭാഷണങ്ങളും ചാനല്‍ പുറത്തുവിട്ടിട്ടുണ്ട്.

ലാലു പ്രസാദ് യാദവിനെ കുടുക്കി അര്‍ണബിന്റെ റിപ്പബ്ലിക്ക് ടിവിക്ക് ഗംഭീര തുടക്കം; ജയിലില്‍ നിന്ന് കുപ്രസിദ്ധ ഗുണ്ട ഷഹാബുദ്ദീന്‍ ലാലുവിനെ വിളിക്കുന്ന ഫോണ്‍ സംഭാഷണം പുറത്ത്

കൊലപാതക കേസുകളില്‍ ശിക്ഷിക്കപ്പെട്ട് തിഹാര്‍ ജയിലിനുള്ളില്‍ കഴിയുന്ന കുപ്രസിദ്ധ ഗുണ്ടയും ആര്‍ജെഡി നേതാവുമായ മുഹമ്മദ് ഷഹാബുദ്ദീനും ലാലുപ്രസാദ് യാദവും തമ്മിലുള്ള ഫോണ്‍ സംഭാഷണം അര്‍ണാബ് ഗോസ്വാമിയുടെ പുതിയ ചാനല്‍ റിപ്പബ്ലിക് ടി വി പുറത്തുവിട്ടു. ജയിലിനുള്ളില്‍ നിന്ന് ഷഹാബുദ്ദീന്‍ ലാലു പ്രസാദ് യാദവിന് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്ന ഫോണ്‍ സംഭാഷണങ്ങളാണ് പുറത്തുവന്നത്.

ലാലു പ്രാസാദ് യാദവിന്റെ രാഷ്ട്രീയ ജീവിതത്തെ പ്രതിസന്ധിയിലാക്കുന്ന രീതിയിലുള്ള വെളിപ്പെടുത്തല്‍ നടത്തിയാണ് റിപ്പബ്ലിക് ടി വിയുടെ തുടക്കം. ബിഹാറിലെ സിവാനില്‍ കലാപമുണ്ടായപ്പോൾ പൊലീസ് ഇടപെടലും വെടിവെപ്പുമുണ്ടായിരുന്നു. ഇതിനു നേതൃത്വം നല്‍കിയ പൊലീസ് സൂപ്രണ്ടിനെ മാറ്റണമെന്ന് ഷഹാബുദ്ദീന്‍ ലാലുവിന് നിര്‍ദ്ദേശം നല്‍കുന്ന ഫോണ്‍ സംഭാഷണമാണ് ചാനല്‍ ആദ്യം പുറത്തുവിട്ടത്. ജയിലിലുള്ള ഷഹാബുദ്ദീന്‍ ലാലുവിനെ നേരിട്ട് വിളിച്ചാണ് നിര്‍ദ്ദേശം നല്‍കുന്നത്. കലാപത്തിലെ പൊലീസ് ഇടപെടലാണ് ഷഹാബുദ്ദീനെ ചൊടിപ്പിച്ചതെന്നാണ് ചാനലിന്റെ വിലയിരുത്തല്‍.

ബിഹാറിലെ മദ്യനിരോധനത്തിനു ശേഷം മദ്യമാഫിയയ്‌ക്കെതിരെ നടപടിയെടുക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി വരുതിയില്‍ നിര്‍ത്തണമെന്ന നിര്‍ദ്ദേശം നല്‍കുന്ന മറ്റൊരു ഫോണ്‍ സംഭാഷണവും ചാനല്‍ പുറത്തുവിട്ടു. മദ്യമാഫിയയ്‌ക്കെതിരെ നടപടിയെടുത്ത ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസറെ ഭീഷണിപ്പെടുത്തിയെന്ന് അനുയായി ഷഹാബുദ്ദീനെ അറിയിക്കുന്ന സംഭാഷണമാണിത്.

തിഹാര്‍ ജയിലില്‍ നിന്ന് ബിഹാറില്‍ ഷഹാബുദ്ദീന്‍ സമാന്തര ഭരണം നടത്തുന്നു എന്നതിന്റെ തെളിവുകളാണിതെന്ന് ചാനല്‍ പറയുന്നു. ഫോണ്‍ സംഭാഷണം ഇന്നു ചാനല്‍ പുറത്തുവിടുമെന്നറിഞ്ഞ് കഴിഞ്ഞദിവസം ലാലു പ്രസാദ് യാദവ് 39 തവണ അര്‍ണാബിനെ ഫോണില്‍ വിളിച്ചെന്നാണ് വിവരം. എന്നാല്‍ അര്‍ണാബ് ലാലുവിന്റെ ഫോണ്‍ അറ്റന്റ് ചെയ്തില്ല. കോള്‍ റെക്കോര്‍ഡ്‌സിന്റെ മുഴുവന്‍ തെളിവും തങ്ങളുടെ പക്കലുണ്ടെന്നാണ് ചാനലിന്റെ അവകാശവാദം.

ബിഹാര്‍ രാഷ്ട്രീയത്തെ ഇളക്കിമറിക്കുന്ന ഫോണ്‍ സംഭാഷണമാണ് ചാനല്‍ പുറത്തുവിട്ടിരിക്കുന്നത്. ലാലു പ്രസാദ് യാദവിന്റെ ആര്‍ജെഡിയുടെ പിന്തുണയോടെയാണ് നിതീഷ് കുമാര്‍ ബിഹാറില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. ഫോണ്‍ സംഭാഷണ വിവാദത്തെക്കുറിച്ച് നിതീഷ്‌കുമാര്‍ പ്രതികരിച്ചിട്ടില്ല. വിവാദമായതോടെ ബിഹാറിലെ രാഷ്ട്രീയ സമവാക്യങ്ങളില്‍ മാറ്റം വരാനുള്ള സാധ്യതകളും നിലവിലുണ്ട്.

എജിആര്‍ ഔട്ട്‌ലിയര്‍ മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ളതാണ് റിപ്പബ്ലിക് ടി വി. ഏഷ്യാനെറ്റ് ചാനല്‍ ഉടമ രാജീവ് ചന്ദ്രശേഖറാണ് കമ്പനിയുടെ പ്രധാന നിക്ഷേപകന്‍. ഹോട്ട്‌സ്റ്റാറിലൂടെയാണ് റിപ്പബ്ലിക് ടി വി സംപ്രേഷണം ആരംഭിച്ചത്.