ബാങ്ക് മാറിയാലും അക്കൗണ്ട് നമ്പര്‍ മാറില്ല; റിസര്‍വ് ബാങ്കിന്റെ നിര്‍ദ്ദേശം

ബാങ്കിംഗ് സേവനത്തില്‍ അതൃപ്തരാകുന്ന ഉപയോക്താക്കള്‍ക്കു മറ്റൊരു ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനുള്ള ദൈര്‍ഘ്യമേറിയ നടപടികളില്‍ നിന്നും മോചനം നല്‍കാൻ പുതിയ സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ സാധിക്കും. പല ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക എന്ന പ്രയാസത്തില്‍ നിന്നും ഉപയോക്താക്കള്‍ക്കു രക്ഷപ്പെടുകയും ചെയ്യാം. മത്സരം മുറുകുന്നതോടെ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ ബാങ്കുകള്‍ ശ്രമിക്കുകയും ചെയ്യും.

ബാങ്ക് മാറിയാലും അക്കൗണ്ട് നമ്പര്‍ മാറില്ല; റിസര്‍വ് ബാങ്കിന്റെ  നിര്‍ദ്ദേശം

മൊബൈല്‍ നമ്പര്‍ മാറ്റാതെ തന്നെ സേവനദാതാക്കളെ മാറാവുന്ന 'പോര്‍ട്ട്' സംവിധാനം പോലെ ബാങ്കുകളിലും ഒരേ അക്കൗണ്ട് നമ്പര്‍ തുടരാനുള്ള സംവിധാനം വേണമെന്നു റിസര്‍വ് ബാങ്ക്. ഒരു ബാങ്കിലെ അക്കൗണ്ട് നിര്‍ത്തിയ ശേഷം മറ്റൊരു ബാങ്കില്‍ അക്കൗണ്ട് തുറക്കുമ്പോള്‍ നമ്പര്‍ മാറ്റേണ്ടതില്ല എന്നതാണ് ഇതുമൂലം ഉപയോക്താക്കള്‍ക്കുണ്ടാകുന്ന സൗകര്യം.

ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ എസ് എസ് മുന്ദ്രയുടെ അഭിപ്രായത്തില്‍ ബാങ്ക് അക്കൗണ്ടുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നത് ഈ സൗകര്യത്തിനു സഹായിക്കും. ബാങ്കിംഗ് കോഡ്‌സ് ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാങ്കിംഗ് സേവനത്തില്‍ അതൃപ്തരാകുന്ന ഉപയോക്താക്കള്‍ക്കു മറ്റൊരു ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനുള്ള ദൈര്‍ഘ്യമേറിയ നടപടികളില്‍ നിന്നും മോചനം നല്‍കാൻ പുതിയ സംവിധാനം ഏർപ്പെടുത്തുന്നതിലൂടെ സാധിക്കും. കൂടാതെ പല ബാങ്ക് അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക എന്ന പ്രയാസത്തില്‍ നിന്നും ഉപയോക്താക്കള്‍ക്കു രക്ഷപ്പെടുകയും ചെയ്യാം. മത്സരം മുറുകുന്നതോടെ മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ ബാങ്കുകള്‍ ശ്രമിക്കുകയും ചെയ്യും.

എന്നാല്‍ ബാങ്കുകള്‍ക്ക് ഈ സംവിധാനം നടപ്പില്‍ വരുത്തുന്നത് അത്ര എളുപ്പവുമായിരിക്കില്ല. സാങ്കേതിക വിദ്യയിലും ഡാറ്റാ ഇന്റഗ്രേഷനിലും വരാനിടയുള്ള പഴുതുകളെ അഭിമുഖീകരിക്കേണ്ടി വരും. ബാങ്ക് ബസാര്‍ സിഇഓ ആദില്‍ ഷെട്ടി പറയുന്നതനുസരിച്ച് ബാങ്കുകള്‍ക്ക് അവരുടെ അക്കൗണ്ട് നമ്പറിംഗ് സിസ്റ്റം പുതുക്കി പണിയേണ്ടി വരും. പലരും പല രീതികളാണ് പിന്തുടരുന്നത് എന്നതിനാല്‍ സമയമെടുക്കുന്നതായിരിക്കും പുതിയ സംവിധാനത്തിലേയ്ക്കുള്ള മാറ്റം. അവരുടെ സോഫ്റ്റ് വേര്‍ ഘടനയിലും മാറ്റമുണ്ടാകും.

മറ്റൊരു തടസ്സം കെവൈസി (നോ യുവര്‍ കസ്റ്റമര്‍) നടപടികളിലായിരിക്കും. ബാങ്കുകള്‍ ഏകീകൃതമായ രീതിയിലല്ല കെവൈസി കൈകാര്യം ചെയ്യുന്നത്. കള്ളപ്പണക്കാര്‍ പിടിക്കപ്പെടുന്നതില്‍ നിന്നും രക്ഷപ്പെടാന്‍ തുടര്‍ച്ചയായി അക്കൗണ്ടുകള്‍ മാറ്റുന്നതിനും സാധ്യതയുണ്ട്. അപ്പോള്‍ ബാങ്കുകള്‍ക്ക് വ്യാജന്മാരെ തിരിച്ചറിയാന്‍ പ്രത്യേകസംവിധാനം ഉപയോഗിക്കേണ്ടി വരും.