അസാധുനോട്ടുകള്‍ നശിപ്പിക്കാന്‍ സൈന്യത്തിന്റെ സഹായം തേടി റിസര്‍വ് ബാങ്ക്

യുദ്ധകാലാടിസ്ഥാനത്തില്‍ നോട്ടുകള്‍ നശിപ്പിക്കാനുള്ള ശ്രമത്തിലാണ് ആര്‍ബിഐ. അതിനായി സൈന്യത്തിന്റെ സഹായം തേടാനും ആലോചനയുണ്ട്. നോട്ട് നശിപ്പിക്കുന്നതില്‍ വേഗതയും രഹസ്യാത്മകതയും ആവശ്യമുള്ളതിനാലാണ് സൈന്യത്തിന്റെ സഹായം ആവശ്യപ്പെടുന്നത്.

അസാധുനോട്ടുകള്‍ നശിപ്പിക്കാന്‍ സൈന്യത്തിന്റെ സഹായം തേടി റിസര്‍വ് ബാങ്ക്

നോട്ട് നിരോധനത്തിനു ശേഷം കുമിഞ്ഞു കൂടിയ അസാധു നോട്ടുകള്‍ റിസര്‍വ് ബാങ്കിനു തലവേദനയാകുകയാണ്. കോടിക്കണക്കിന്റെ തിരിച്ചെത്തിയ നോട്ടുകളാണ് കെട്ടിക്കിടക്കുന്നത്. അവയെല്ലാം ഇപ്പോഴത്തെ വേഗതയില്‍ നശിപ്പിക്കാൻ കുറഞ്ഞത് രണ്ട് വര്‍ഷമെങ്കിലും എടുക്കുമെന്നാണു കരുതപ്പെടുന്നത്.

യുദ്ധകാലാടിസ്ഥാനത്തില്‍ നോട്ടുകള്‍ നശിപ്പിക്കാനുള്ള ശ്രമത്തിലാണ് ആര്‍ബിഐ. അതിനായി സൈന്യത്തിന്റെ സഹായം തേടാനും ആലോചനയുണ്ട്. നോട്ട് നശിപ്പിക്കുന്നതില്‍ വേഗതയും രഹസ്യാത്മകതയും ആവശ്യമുള്ളതിനാലാണ് സൈന്യത്തിന്റെ സഹായം ആവശ്യപ്പെടുന്നത്. ഈ ജോലി ഏതെങ്കിലും ഏജൻസിയെ ഏല്‍പ്പിക്കാന്‍ പറ്റില്ലെന്ന് ആര്‍ബിഐ ഉദ്യോഗസ്ഥര്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെ രാജ്യത്ത് ഉപയോഗത്തിലുണ്ടായിരുന്നത് 15.7 ലക്ഷം കോടി 500 രൂപാ നോട്ടുകളും 6.3 ലക്ഷം കോടി 1000 രൂപാ നോട്ടുകളുമായിരുന്നു. അസാധുനോട്ടുകള്‍ മാറിയെടുക്കാനുള്ള സമയപരിധി കഴിഞ്ഞപ്പോള്‍ 16.4 ലക്ഷം കോടിയുടെ നോട്ടുകള്‍ ബാങ്കുകളില്‍ തിരിച്ചെത്തി. ഇപ്പോള്‍ 19 ആര്‍ബിഐ ശാഖകളിലായി ശേഖരിച്ചിരിക്കുകയാണ് അവ.

നോട്ടുകള്‍ എണ്ണി, വേര്‍തിരിച്ച്, ഷ്രഡറിലേയ്ക്ക് അയച്ചിരിക്കുകയാണ്. ആര്‍ബിഐയുടെ ഓരോ ഓഫീസിലും മൂന്നോ നാലോ ഷ്രഡറുകള്‍ വീതമാണുള്ളത്. ദിവസം അഞ്ച് പേര്‍ വീതം ഡ്യൂട്ടിയിലുള്ള രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് നോട്ടുകള്‍ നശിപ്പിക്കുന്നത്. സ്വകാര്യബാങ്കുകളില്‍ നിന്നുമുള്ള ഷ്രഡര്‍മാരെയും ചുമതല ഏല്‍പ്പിച്ചിട്ടുണ്ട്. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കുന്നുണ്ട്.

എല്ലാ ആര്‍ബിഐ ഓഫീസുകളിലും ആവശ്യത്തിനുള്ള തൊഴിലാളികള്‍ ഇല്ലെന്ന് ഒരു ഉദ്യോഗസ്ഥന്‍ അറിയിച്ചു. മാത്രമല്ല, നോട്ടുകള്‍ ആദ്യം എണ്ണിയത് ബാങ്കുകളിലായിരുന്നു. അത് പരിശോധിക്കുകയും ചെയ്യേണ്ടിയിരുന്നു.

എല്ലാം ഒന്നു കൂടി പരിശോധിക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുന്നെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വ്യാജനോട്ടുകള്‍ ഉണ്ടാകുമെന്ന സംശയമാണ് കാരണം. അതുകൊണ്ട് പരിശോധനയ്ക്കു ശേഷമേ നശിപ്പിക്കല്‍ തുടങ്ങുകയുള്ളൂ.

തിരിച്ചെത്തിയ അസാധുനോട്ടുകളുടെ ശരിയായ കണക്ക് അറിയാനായി ഒന്നു കൂടി എണ്ണണമെന്നു കേന്ദ്രസര്‍ക്കാര്‍ റിസര്‍വ് ബാങ്കിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. എത്ര നോട്ടുകള്‍ തിരിച്ചെത്തിയെന്ന് ആര്‍ബിഐ സ്ഥീരീകരിച്ചിട്ടില്ല. വ്യാജനോട്ടുകള്‍ വളരെ കുറവേ കാണുകയുള്ളൂവെന്നാണ് ആര്‍ബിഐ പറയുന്നത്.