രത്തന്‍ ടാറ്റ എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത

രത്തന്‍ ടാറ്റയുടെ സ്ഥാനാര്‍ത്ഥിത്വം കോൺഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷപാർട്ടികളും എതിർക്കാൻ സാധ്യതയില്ല. ബി.ജെ.പി ഭരിക്കുമ്പോള്‍ ഇന്ത്യന്‍ പ്രസിഡന്റ്‌ പദവിയിലേക്ക് അബ്ദുൾ കലാമിനെ ഇവരെല്ലാം എതിര്‍പ്പുകള്‍ ഇല്ലാതെ പിന്തുണച്ചിരുന്നു

രത്തന്‍ ടാറ്റ എന്‍.ഡി.എയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാകാന്‍ സാധ്യത

ഡല്‍ഹി ബ്യൂറോ

പ്രമുഖ ബിസിനസുകാരനും ടാറ്റ സണ്‍സ് മുന്‍ ചെയര്‍മാനുമായ രത്തന്‍ ടാറ്റയെ ബിജെപി രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന. നേരത്തെ രാഷ്ട്രപതി സ്ഥാനത്തേക്ക് വരുമെന്ന് ശക്തമായി പ്രചാരണമുണ്ടായിരുന്ന പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവ് എല്‍കെ അദ്വാനി ബാബറി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് വിചാരണ നേരിടാനിരിക്കെയാണ് പുതിയ വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്.

ബിസിനസ് രംഗത്തുനിന്നുള്ള ഒരാളെ രാഷ്ട്രപതിയാക്കി പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കുന്നതിലൂടെ രാജ്യം ആഗോള-ഉദാരവല്‍ക്കരണത്തോട് സൗഹാര്‍ദ്ദ നിലപാടാണ് സ്വീകരിക്കുന്നതെന്ന സന്ദേശം കൂടി ലോകരാഷ്ട്രങ്ങള്‍ക്ക് നല്‍കാനും ലക്ഷ്യമിടുന്നതായി സൂചനയുണ്ട്. ഇതിലുപരി പാഴ്‌സി വിഭാഗത്തില്‍പ്പെടുന്ന ടാറ്റയെ രാഷ്ട്രപതിയാക്കുന്നത് ബിജെപിക്ക് മികച്ച രാഷ്ട്രീയ മുന്നേറ്റം നേടാനുമാകും. ഹിന്ദുത്വപാര്‍ട്ടിയെന്ന പേരുദോഷം മായ്ക്കാനുള്ള മികച്ചൊരു അവസരവും കൂടിയാണ് ഇതിലൂടെ കൈവരിക.

ബിസിനസിനുപരി മാനുഷിക മൂല്യങ്ങള്‍ കൂടി കാത്തുസൂക്ഷിക്കുന്ന രത്തന്‍ ടാറ്റ ധാരാളം സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വ്യക്തിയാണെന്നത് ജനങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന് സ്വീകാര്യത വര്‍ധിപ്പിക്കുമെന്നാണ് പാര്‍ട്ടി കണക്കുകൂട്ടുന്നത്.

നേരത്തെ രാഷ്ട്രപതി സ്ഥാനത്തേക്ക് ഉയര്‍ന്നുവന്ന പേരുകളില്‍ ഒന്നാമത്തേത് എല്‍കെ അദ്വാനിയുടേതായിരുന്നു. അദ്വാനിയെ ഒരു രാഷ്ട്രീയക്കാരന്‍ എന്ന ലേബലില്‍ നിന്ന് മാറ്റി രാജ്യത്തെ പ്രഥമ പൗരനാക്കി വാഴിക്കാനായിരുന്നു പാര്‍ട്ടിയുടെ ഉദ്ദേശ്യം. എന്നാല്‍ ബാബറി മസ്ജിദ് കേസുമായി ബന്ധപ്പെട്ട് സമീപകാലത്തുണ്ടായ പരാമര്‍ശങ്ങളാണ് അദ്വാനിയുടെ ചീട്ട് കീറിയത്.

പത്മ ഭൂഷണും പത്മ വിഭൂഷണും നേടിയിട്ടുള്ള രത്തന്‍ ടാറ്റ ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നിന്നും വിദ്യാഭ്യാസം നേടിയിട്ടുണ്ട്. രത്തൻ ടാറ്റയുടെ സംരംഭമായ ടാറ്റാ സണ്‍സാണ് ഇംഗ്ലണ്ടില്‍ ഏറ്റവുമധികം തൊഴിലവസരങ്ങള്‍ നല്‍കുന്ന സ്ഥാപനം. സ്റ്റീൽ, ഓട്ടോമൊബൈല്‍സ്, ഹോസ്പിറ്റാലിറ്റി എന്നീ മേഖലകളില്‍ ടാറ്റ സണ്‍സിനോട് കിടപിടിക്കാന്‍ മറ്റൊരു ഇന്ത്യന്‍ വ്യവസായവുമില്ല. ലോകം മുഴുൻ വ്യാപിച്ചു കിടക്കുന്ന താജ് ഹോട്ടൽ ശൃംഖലയും ഇവരുടേതാണ്.

ബിസിനസുകാരനായ ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡന്റായ സാഹചര്യത്തില്‍ പ്രമുഖ വ്യവസായിയായ രത്തൻ ടാറ്റാ ഇന്ത്യന്‍ പ്രസിഡന്റ്റാകുന്നതും കൌതുകരമായ ഒന്നായിരിക്കും.

രത്തന്‍ ടാറ്റയുടെ സ്ഥാനാര്‍ത്ഥിത്വം കോൺഗ്രസുള്‍പ്പെടെയുള്ള പ്രതിപക്ഷപാർട്ടികളും എതിർക്കാൻ സാധ്യതയില്ല. ബി.ജെ.പി ഭരിക്കുമ്പോള്‍ ഇന്ത്യന്‍ പ്രസിഡന്റ്‌ പദവിയിലേക്ക് അബ്ദുൾ കലാമിനെ ഇവരെല്ലാം പിന്തുണച്ചിരുന്നു.

മോദിയുടെ തീരുമാനം എങ്ങനെയാകും എന്ന് പ്രവചനാതീതമാണ്. ബ്രിക്‌സ് ബാങ്ക് ചെയർമാൻ സ്ഥാനത്തേക്ക് എല്ലാവരും മുൻ ധനകാര്യമന്ത്രി യശ്വന്ത് സിൻഹ, സുബ്രഹ്മണ്യം സ്വാമി എന്നിങ്ങനെ പലരെയും പ്രതീക്ഷിച്ചപ്പോള്‍ ഐസിഐസി ബാങ്ക് മുന്‍ ചെയർമാൻ കെ.വി.കമ്മത്തിനെ കളത്തിലിറക്കിയ മോദിയുടെ തന്ത്രവും ഇന്ത്യ കണ്ടു. പ്രസിഡന്റ്‌ പദവിയിലേക്ക് രത്തൻ ടാറ്റയെ ഉയര്‍ത്തി കാട്ടുന്നത് വഴി നരേന്ദ്ര മോദി മികച്ച നിലയിലുള്ള വിദേശനിക്ഷേപം മുന്നില്‍ കാണുന്നുണ്ട്. പല വ്യവസായ ഭീമന്മാരും ഇന്ത്യയിൽ മുതല്‍ മുടക്കും എന്ന സാധ്യതയാണത്.