യുപി ബലാത്സംഗം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജനതാ കാ റിപ്പോർട്ടർ; പൊലീസുകാരന് വിഐപി പരിഗണന; യുവതി ആശുപത്രിയിൽ

ഉത്തർ പ്രദേശിൽ തീവണ്ടിയിൽ വച്ച് റംസാൻ നോമ്പെടുത്ത മുസ്ലീം യുവതിയെ ബലാത്സംഗം ചെയ്ത കോൺസ്റ്റബിളിന് വിഐപി പരിഗണന. ബിജെപിയുടെ പൊലീസ് നീതി നടപ്പാക്കുന്നത് ജാതിയുടെ അളവുകോൽ വച്ച്. വീഡിയോ കാണാം...

യുപി ബലാത്സംഗം: ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി  ജനതാ കാ റിപ്പോർട്ടർ; പൊലീസുകാരന് വിഐപി പരിഗണന; യുവതി ആശുപത്രിയിൽ

ഉത്തര്‍ പ്രദേശില്‍ തീവണ്ടിയില്‍ വച്ച് മുസ്ലീം സ്ത്രീയെ ബലാത്സംഗം ചെയ്ത പൊലീസുകാരന് പൊലീസ് സ്റ്റേഷനില്‍ വിഐപി പരിഗണന. ജനതാ കാ റിപ്പോര്‍ട്ടര്‍ ആണ് യോഗിയുടെ പൊലീസുകാരന്‍ സുഖസൗകര്യങ്ങള്‍ ആസ്വദിക്കുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ടത്. കേസിനെപ്പറ്റി അന്വേഷിച്ചപ്പോള്‍ യുപി പൊലീസ് മറുപടി പറയാന്‍ തയ്യാറായില്ലെന്നതും ദുരൂഹമാണ്.

പൊലീസ് കോണ്‍സ്റ്റബിള്‍ ആയ കമാല്‍ ശുക്ല (24) ആണ് ചൊവ്വാഴ്ച ലഖ്‌നൗ-ചണ്ഡീഗഢ് എക്‌സ്പ്രസ്സില്‍ വച്ച് 25 വയസ്സുകാരിയായ മുസ്ലീം യുവതിയെ ബലാത്സംഗം ചെയ്തത്. രാത്രി ഒമ്പതോടെ തീവണ്ടി ബിജ്‌നോറില്‍ എത്തിയപ്പോഴാണ് ബലാത്സംഗം പുറത്തറിഞ്ഞത്. മീററ്റ് സ്വദേശിയായ യുവതിയെ ബിജ്‌നോര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മൊറാദാബാദില്‍ നിന്നും എസ്‌കോര്‍ട്ട് ഡ്യൂട്ടിയ്ക്ക് കയറിയതായിരുന്നു കമാല്‍. യുവതിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് അയാള്‍ ബലാത്സംഗം ചെയ്തതെന്ന് മൊറാദാബാദ് ജിആര്‍പി പൊലീസ് സൂപ്രണ്ട് കേശവ് കുമാര്‍ ചൗധരി അറിയിച്ചിരുന്നു. കമാല്‍ ഇപ്പോൾ സസ്‌പെന്‍ഷനിലാണ്.

പൊലീസ് പറയുന്നതനുസരിച്ച് ഇപ്രകാരമാണ് സംഭവം:ലഖ്‌നൗവില്‍ നിന്നായിരുന്നു യുവതി ട്രെയിനില്‍ കയറിയത്. ആദ്യം അവര്‍ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ ആയിരുന്നു ഇരുന്നത്. അവിടെ അസൗകര്യം തോന്നിയ അവരോട് അംഗപരിമിതര്‍ക്കുള്ള കമ്പാര്‍ട്ട്‌മെന്റിലേയ്ക്ക് മാറാന്‍ കമാല്‍ ഉപദേശിക്കുകയായിരുന്നു. രാത്രി എട്ട് മണിയ്ക്ക് തീവണ്ടി ചന്ദാപ്പൂരിൽ എത്തിയപ്പോള്‍ കമാല്‍ അവരെ അംഗപരിമിതര്‍ക്കുള്ള കോച്ചിലേയ്ക്ക് കൊണ്ടുപോയി. അവിടെ മൂന്ന് ചെറുപ്പക്കാരും ഉണ്ടായിരുന്നു.

ചെറുപ്പക്കാരെ വേറെ കോച്ചിലേയ്ക്ക് നിര്‍ബന്ധപൂര്‍വ്വം പറഞ്ഞയച്ച കോൺസ്റ്റബിള്‍ കോച്ച് അകത്ത് നിന്നും പൂട്ടുകയായിരുന്നു. ഒമ്പത് മണിയ്ക്ക് തീവണ്ടി ബിജ്‌നോറില്‍ എത്തിയപ്പോള്‍ ചെറുപ്പക്കാര്‍ പുറത്ത് നിന്നും ബഹളമുണ്ടാക്കാന്‍ തുടങ്ങി. കോണ്‍സ്റ്റബിള്‍ ഒരു യുവതിയെ കോച്ചിനുള്ളില്‍ പൂട്ടിയിട്ടിരിക്കുന്നെന്ന് അവര്‍ പറഞ്ഞു. മറ്റ് യാത്രക്കാരും റെയില്‍വേ തൊഴിലാളികളും കമ്പാര്‍ട്ട്‌മെന്റിന്റെ പുറത്ത് കൂടിച്ചേര്‍ന്നു.

കമാലിനെ വാതില്‍ തുറക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നു അവര്‍. യാത്രക്കാര്‍ അകത്ത് ചെന്ന് നോക്കിയപ്പോള്‍ അര്‍ദ്ധബോധാവസ്ഥയില്‍ കിടക്കുന്ന യുവതിയെയാണ് കണ്ടത്. യാത്രക്കാര്‍ കമാലിനെ പിടികൂടി ജിആര്‍പി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.

ഇതിനെല്ലാം ശേഷമാണ് പൊലീസ് സ്റ്റേഷനില്‍ ഉന്നതപരിഗണനയോടെ വിലസുന്ന കമാലിന്റെ വീഡിയോ പുറത്ത് വന്നത്. ബിജെപി സര്‍ക്കാരിന്റെ കീഴിലുള്ള യുപി പൊലീസ് ആകട്ടെ ഒച്ചിഴയുന്ന വേഗത്തിലാണ് വിഷയത്തെ കൈകാര്യം ചെയ്യുന്നത്. കുറ്റാരോപിതന് വിഐപി പരിഗണന കൊടുക്കാനും അവര്‍ തീരുമാനിച്ചത് പോലെയാണ് കാര്യങ്ങള്‍. രാഖി കെട്ടിയ പൊലീസുകാരൻ ആർ എസ് എസ് അനുകൂലിയാണെന്ന സംശയം സ്ഥിരീകരിക്കുന്നതാണ് ഈ വിഐപി പരിഗണന.


ജനത കാ റിപ്പോര്‍ട്ടറിന്റെ എഡിറ്റര്‍ ഇന്‍ ചീഫ് നൂറില്‍ കൂടുതല്‍ തവണ ട്വിറ്ററില്‍ യുപി പൊലീസിനെ ടാഗ് ചെയ്ത് ഈ സംഭവത്തിലേയ്ക്ക് ശ്രദ്ധ ക്ഷണിച്ചെങ്കിലും പൊലീസ് അതെല്ലാം കണ്ടതായി പോലും ഭാവിക്കുന്നില്ല.

ഇര മുസ്ലീം ആയത് കൊണ്ട് ഇങ്ങനെയൊക്കെ ആകാം എന്ന നിലപാടെടുത്തത് പോലെയാണ് യോഗിയുടെ പൊലീസ് പെരുമാറുന്നത് എന്ന് ഒരു വിഭാഗം നാട്ടുകാർ ആക്ഷേപിച്ചു. രാംപൂരില്‍ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത മുസ്ലീം കുറ്റവാളികളെ പിടികൂടാന്‍ യുപി പോലീസ് കാണിച്ച ഉത്സാഹവും പരിശോധിക്കേണ്ടതാണെന്നും ഇവിടെ വിവേചനം നടക്കുന്നുണ്ട് എന്നും അവർ പറഞ്ഞു. മുസ്ലീം സ്ത്രീകളുടെ ശവക്കുഴി മാന്തിയെടുത്ത് ബലാത്സംഗം ചെയ്യണമെന്ന് പൊതുവേദിയില്‍ വിളിച്ച് കൂവുന്നവരുടെ പൊലീസില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനുമില്ലെന്നും അവർ പറഞ്ഞു

യോഗിയുടെ പൊലീസ് ബലാത്സംഗക്കേസുകള്‍ കൈകാര്യം ചെയ്യുന്നത് വ്യക്തമായ അജണ്ട ഉപയോഗിച്ചാണെന്ന് ജെവാര്‍-ബുലന്ദ്ഷഹര്‍ ഹൈവേയില്‍ നാല് മുസ്ലീം സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ട കേസുമായി ബന്ധപ്പെടുത്തിയും മനസ്സിലാക്കാവുന്നതാണ്. ഉത്തര്‍ പ്രദേശിലെ യോഗിയുടെ പൊലീസ് ഇരകള്‍ മുസ്ലീം അല്ലെങ്കില്‍ മാത്രമേ ഉഷാറാകുകയുള്ളൂവെന്നാണ് പ്രധാന പരാതി.