ബലാത്സംഗത്തിനിരയായ 18കാരിയോട് ഗ്രാമത്തില്‍ തിരിച്ചെത്തണമെങ്കില്‍ 20,000 രൂപ നല്‍കണമെന്ന് ആവശ്യം

സ്വന്തം സമുദായ നേതാക്കന്‍മാരാണ് അനാഥയായ പെണ്‍കുട്ടിയോട് വിചിത്രമായ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

ബലാത്സംഗത്തിനിരയായ 18കാരിയോട് ഗ്രാമത്തില്‍ തിരിച്ചെത്തണമെങ്കില്‍ 20,000 രൂപ നല്‍കണമെന്ന് ആവശ്യം

ബലാത്സംഗത്തിനിരയായ 18കാരിയോട് ഗ്രാമത്തിലേക്ക് തിരികെ പ്രവേശനം ലഭിക്കണമെങ്കില്‍ 20,000 രൂപ നല്‍കണമെന്ന് സമുദായ നേതാക്കള്‍ ആവശ്യപ്പെട്ടു. കര്‍ണാടകയിലെ രാമനഗര ജില്ലയിലാണ് സംഭവം. രണ്ട് വര്‍ഷം മുമ്പ് ബലാത്സംഗത്തിനിരയായി വീട്ടുകാരാല്‍ ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടിയോടാണ് വിചിത്രമായ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

പീഡനത്തിനിരയായി പ്രസവിച്ച യുവതി ഒരു അനാഥാലയത്തിലാണ് താമസം. 16 വയസുള്ളപ്പോഴാണ് ചന്നപത്‌ന താലൂക്കില്‍ വെച്ച് ബലാത്സംഗത്തിനിരയായത്. ഇതിനെത്തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ രാമനഗരയിലെ ഒരു അനാഥാലയത്തിന് കൈമാറുകയായിരുന്നു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസാണ് ഈ വാര്‍ത്ത പുറത്തുകൊണ്ടുവന്നത്. തന്നോട് സമുദായവും ഗ്രാമവും തിരികെ സ്വീകരിക്കണമെങ്കില്‍ 20,000 രൂപ നല്‍കണമെന്നാണ് സമുദായ നേതാക്കള്‍ ആവശ്യപ്പെട്ടതെന്ന് യുവതി പറഞ്ഞു.

ജില്ലാ ഭരണകൂടം പ്രശ്‌നത്തില്‍ ഇടപെടണമെന്നാണ് യുവതിയുടെ ആവശ്യം. പീഡനത്തിനിരയായ യുവതിയുടെ സഹോദരനും അവരെ കൈയൊഴിഞ്ഞിരുന്നു. തന്നെ കാണുമ്പോഴൊക്കെ സഹോദരന്‍ ചീത്ത വിളിക്കുകയാണെന്ന് യുവതി പറഞ്ഞു. ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട യുവതിയുടെ പിതാവ് രണ്ട് വര്‍ഷം മുമ്പ് മരിച്ചിരുന്നു.