ബലാല്‍സംഗാരോപിതനായ സ്വാമിയുടെ നേതൃത്വത്തില്‍ ബംഗലൂരുവിലെ മാംസവില്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നീക്കം

സ്വാമിയുടെ നേതൃത്വത്തില്‍ അണിയറയില്‍ കോപ്പു കൂട്ടുന്ന വര്‍ഗീയ രാഷ്ട്രീയത്തിന് കര്‍ണാടക സര്‍ക്കാര്‍ ഒരു കാലത്തും അനുമതി നല്‍കില്ലെന്ന് വികസനവകുപ്പ് മന്ത്രി കെ.ജെ.ജോര്‍ജ്ജ് പറയുന്നു

ബലാല്‍സംഗാരോപിതനായ സ്വാമിയുടെ നേതൃത്വത്തില്‍ ബംഗലൂരുവിലെ മാംസവില്പന കേന്ദ്രങ്ങള്‍ അടച്ചുപൂട്ടാന്‍ നീക്കം

ഭക്തയെ ഭീഷണിപ്പെടുത്തി ലൈംഗീക പീഡനത്തിനിരയാക്കിയെന്ന ആരോപണം നേരിടുന്ന രാഘവേശ്വര ഭാരതി സ്വാമിയുടെ നേതൃത്വത്തില്‍ ബംഗലൂരുവിലെ മാംസവില്‍പ്പന കേന്ദ്രങ്ങള്‍ അടച്ചു പൂട്ടാനായി ഗോ സംരക്ഷണസേന പ്രക്ഷോഭം സംഘടിപ്പിക്കുന്നു. സംസ്ഥാനത്ത് ആകെ മൊത്തം 1,700 മാംസവില്പനശാലകള്‍ അനധികൃതമായിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നും കേവലം 43 എണ്ണത്തിന് മാത്രമാണ് പ്രാദേശിക സര്‍ക്കാരിന്റെ ലൈസന്‍സ് ഉള്ളതെന്നുമാണ് ഇവരുടെ ആരോപണം.

ഹരിഷ് ശര്‍മ്മയെന്നാണ് രാഘവേശ്വര ഭാരതി സ്വാമിയുടെ യഥാര്‍ത്ഥ പേര്. ആശ്രമത്തിലെത്തിയ 48 വയസുകാരിയായ ഒരു പഴയകാല ഗായികയെ നാല് വര്‍ഷമായി 168 പ്രാവശ്യം ലൈംഗീക പീഡനത്തിനിരയാക്കി എന്ന പരാതി വന്നതോടെയാണ് രാഘവേശ്വര ഭാരതി സ്വാമി വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്‌. രാജ്യത്ത് അങ്ങോളമിങ്ങോളവും തന്നെ മതപരമായ ചടങ്ങുകള്‍ക്ക് സ്വാമി കൂട്ടിക്കൊണ്ടു പോയിരുന്നു എന്നും അപ്പോഴെല്ലാം സ്വാമി തന്നെ ലൈംഗീകമായി ചൂഷണം ചെയ്തു എന്നും സ്ത്രീ ആരോപിച്ചിരുന്നു.

തന്നോട് സഹകരിച്ചില്ലെങ്കില്‍ ശ്രീരാമഭഗവാന്റെ ശാപമുണ്ടാകുമെന്നയിരുന്നു സ്വാമിയുടെ ഭീഷണി. മറ്റുള്ള സ്വാമിമാരെ പോലെയല്ല താണെന്നും തനിക്ക് ഭോഗാനുമതിയുണ്ടെന്നുമായിരുന്നു സ്വാമി അവകാശപ്പെട്ടത് എന്നും പരാതിക്കാരി പറയുന്നു. പരാതിയില്‍ സിഐഡി എഫ്.ഐ.ആര്‍ തയ്യാറാക്കി അന്വേഷണം നടന്നു വരുന്നു.

സ്വാമിയുടെ നേതൃത്വത്തില്‍ അണിയറയില്‍ കോപ്പു കൂട്ടുന്ന വര്‍ഗീയ രാഷ്ട്രീയത്തിന് കര്‍ണാടക സര്‍ക്കാര്‍ ഒരു കാലത്തും അനുമതി നല്‍കില്ലെന്ന് വികസനവകുപ്പ് മന്ത്രി കെ.ജെ.ജോര്‍ജ്ജ് പറഞ്ഞു. വര്‍ഗ്ഗീയ വിഷം തുപ്പി തങ്ങളുടെ സംസ്ഥാനത്തെ നശിപ്പിക്കാന്‍ ഒരു പീഡനവീരനെ ബംഗലൂരൂ ജനത അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. നിയമം നടപ്പിലാക്കുന്നത് സര്‍ക്കാരാണ്. ഒരാളും ഇതിലൂടെ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കേണ്ടതില്ല എന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.

Read More >>