മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ രാം ജെത്മലാനി അന്തരിച്ചു

അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍ നിയമമന്ത്രിയായും നഗരവികസന മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായ രാം ജെത്മലാനി അന്തരിച്ചു

മുൻ കേന്ദ്രമന്ത്രിയും മുതിർന്ന അഭിഭാഷകനുമായിരുന്ന രാം ജെത്മലാനി(95 ) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ ഒമ്പത് മണിക്കായിരുന്നു അന്ത്യം. നിലവിൽ ആർജെഡിയുടെ രാജ്യാസഭാംഗമാണ്.

ആറാം ലോക്‌സഭയിലും ഏഴാം ലോക്‌സഭയിലും മുംബൈയില്‍ നിന്ന് ബിജെപിയെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തിയിട്ടുണ്ട്. അടല്‍ ബിഹാരി വാജ്‌പേയി മന്ത്രിസഭയില്‍ നിയമമന്ത്രിയായും നഗരവികസന മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.പിന്നീട് 2004ല്‍ ലഖ്‌നൗ മണ്ഡലത്തില്‍ അദ്ദേഹം വാജ്‌പേയിക്കെതിരേ മല്‍സരിച്ചിരുന്നു.

പ്രശസ്തമായ പല കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ഹാജരായിരുന്നത് രാം ജത്മലാനിയായിരുന്നു

2011-ല്‍ രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് വേണ്ടി മദ്രാസ് ഹൈക്കോടതിയില്‍ ഹാജരായത് ജെത്മലാനിയയായിരുന്നു. പാര്‍ലമെന്റ് ആക്രമണക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ ഇളവ് ചെയ്യണമെന്നാവശ്യപ്പെട്ടും സുഹറബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ക്കേസില്‍ അമിത്ഷാക്ക് വേണ്ടിയും 2ജി സ്‌പെക്ട്രം കേസില്‍ കനിമൊഴിക്കു വേണ്ടിയും ഹവാല ഇടപാടില്‍ എല്‍ കെ അഡ്വാനിക്ക് വേണ്ടിയും അദ്ദേഹം വാദിച്ചിരുന്നു. കാലിത്തീറ്റ കുംഭകോണത്തില്‍ ലാലു പ്രസാദ് യാദവ്, ഖനി അഴിമതിക്കേസില്‍ യെദിയൂരപ്പ, ജോധ്പൂര്‍ ലൈംഗിക പീഡനക്കേസില്‍ ആശാറാം ബാപ്പു അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിത എന്നിവര്‍ക്കു വേണ്ടി അഭിഭാഷകനായതും ജെത്മലാനിയായിരുന്നു.

സുപ്രീംകോടതിയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന അഭിഭാഷകരില്‍ ഒരാളായ ജെത്മലാനി ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.