രാജശേഖര്‍ ഝാ, നിങ്ങളെന്തിനാണ് നജീബ് മുഹമ്മദിന് ഇസ്ലാമിക്ക് സ്റ്റേറ്റുമായി 'ഇല്ലാത്ത' ഒരു ബന്ധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്?

നജീബിന് തീവ്രവാദബന്ധമെന്ന് നുണയെഴുതിയ മാധ്യമപ്രവര്‍ത്തകന്‍ രാജശേഖര്‍ ഝായ്ക്കും ടൈംസ്‌ ഓഫ് ഇന്ത്യയ്ക്കുമെതിരെ പ്രതിഷേധം ശക്തമാകുന്നു

രാജശേഖര്‍ ഝാ, നിങ്ങളെന്തിനാണ് നജീബ് മുഹമ്മദിന് ഇസ്ലാമിക്ക് സ്റ്റേറ്റുമായി ഇല്ലാത്ത ഒരു ബന്ധം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്?

ജെ.എന്‍.യുവില്‍ നിന്നും കാണാതായ വിദ്യാര്‍ഥി നജീബ് അഹമ്മദ്, ഇസ്ലാമിക് സ്റ്റേറ്റ് വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നുവെന്ന കെട്ടിച്ചമച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ച ടൈംസ്‌ ഓഫ് ഇന്ത്യയ്ക്കും ഇത് തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകന്‍ രാജശേഖര്‍ ഝായ്ക്കും എതിരെ പ്രതിഷേധം ശക്തമാകുന്നു.

'പോലീസില്‍ നിന്നും ലഭിച്ച വിശ്വസനീയമായ വിവര'മെന്ന വാദത്തോടെയാണ് ടൈംസ്‌ ഓഫ് ഇന്ത്യയില്‍ ഝായുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. എന്നാല്‍, ഡല്‍ഹി പോലീസ് ഈ വാര്‍ത്ത നിഷേധിച്ചു. നജീബ് അഹമ്മദ് ഇസ്ലാമിക്ക് സ്റ്റേറ്റ് വെബ്സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നതിന് തങ്ങള്‍ക്ക് ഇതുവരെയും ഒരു തെളിവും ലഭിച്ചിട്ടില്ലായെന്നും പോലീസ് പറയുന്നു. മാത്രമല്ല, നജീബ് ഏതെല്ലാം സൈറ്റുകള്‍ സന്ദര്‍ശിച്ചിരുന്നു എന്നു പോലും പോലീസിന്റെ അന്വേഷണപരിധിയില്‍ വന്നിട്ടുമില്ല.

അപ്പോള്‍ പിന്നെ അവശേഷിക്കുന്ന ചോദ്യം ഇതാണ്- ആര്‍ക്ക് വേണ്ടിയും എന്തിനു വേണ്ടിയുമാണ് ഝാ ഭാവനയില്‍ നിന്നുമൊരു റിപ്പോര്‍ട്ട് തയാറാക്കുകയും അതിനു പോലീസില്‍ നിന്നും ലഭിച്ച വിശ്വസനീയമായ വിവരം എന്ന ആധികാരികത നല്‍കാന്‍ ശ്രമിക്കുകയും ചെയ്തത്?

ഒരാള്‍ക്ക്‌ അറിയാന്‍ സാധിക്കാത്തത് പോലും അറിയാനുള്ള എന്തു അത്ഭുതസിദ്ധിയാണ് ഝായ്ക്കുള്ളതെന്നു ഇന്ത്യ റെസിസ്റ്റ് ചോദ്യം ഉയര്‍ത്തുന്നു. ഇത് ചോദ്യം ചെയ്ത തങ്ങളെ ഝാ ട്വിറ്ററില്‍ ബ്ലോക്ക്‌ ചെയ്തെന്നും ഇന്ത്യ ടൈംസ്‌ പറയുന്നു. മാര്‍ച്ച്‌ 21നാണ് ടൈംസ്‌ ഓഫ് ഇന്ത്യയില്‍ രാജശേഖര്‍ ഝായുടെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഇക്കാര്യത്തില്‍ ഈ മാധ്യമപ്രവര്‍ത്തകന്റെ യഥാര്‍ത്ഥ അജണ്ട പുറത്തുക്കൊണ്ടു വരണം. സംഘി താല്‍പര്യങ്ങളെ സംരക്ഷിക്കുന്നതിനു വേണ്ടിയാണ് ഝാ ഇത്തരമൊരു അപകടകരമായ വ്യാജവാര്‍ത്ത സൃഷ്ടിച്ചത് എന്നാണ് പരക്കെ ഉയരുന്ന വിമര്‍ശനം.

വാര്‍ത്ത അവതരിപ്പിച്ച രീതിയിലുമുണ്ട് പ്രത്യേകത. തങ്ങളുടെ സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ തയ്യാറാക്കിയ 600 വാക്കുകളുള്ള വ്യാജവാര്‍ത്ത ഒന്നാം പേജില്‍ നല്‍കിയ പത്രം, പക്ഷെ ഇതിനെ ഖണ്ഡിച്ചുക്കൊണ്ടുള്ള പോലീസിന്റെ മൊഴി 70 വാക്കുകളില്‍ ഒതുക്കി അധികം ശ്രദ്ധിക്കപ്പെടാത്ത രീതിയില്‍ ഉള്‍പേജിലാണ് അടുത്ത ദിവസം പ്രസിദ്ധീകരിച്ചത്.

നജീബ് മുഹമ്മദിന് ഇസ്ലാമിക്ക് സ്റ്റേറ്റുമായി ബന്ധപ്പെടുത്തുന്ന ഒന്നും തങ്ങള്‍ കണ്ടെത്തിയിട്ടില്ല എന്നായിരുന്നു പോലീസിന്റെ പ്രസ്താവന.

ടൈംസ്‌ ഓഫ് ഇന്ത്യ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയ ഇയാളോട് പരസ്യമായ മാപ്പ് പറയാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും, ഝായെ പുറത്താക്കണമെന്നും ശക്തമായ ആവശ്യം പല കോണില്‍നിന്നും ഉയര്‍ന്നിട്ടുണ്ട്.

വ്യാജവാര്‍ത്ത ചമച്ചു അതിനു ഇല്ലാത്ത വിശ്വാസ്യത നല്‍കാന്‍ ശ്രമിച്ചു രാജ്യത്തെ ജനങ്ങളില്‍ അനാവശ്യമായ സംശയങ്ങളും അന്തരവുമുണ്ടാക്കാന്‍ ശ്രമിക്കുന്ന ഇത്തരം പ്രവര്‍ത്തികളെ ജേര്‍ണലിസം എന്നു വിശേഷിപ്പിക്കാന്‍ കഴിയില്ല എന്നും ഇന്ത്യ റെസ്സിസ്റ്റ് വിലയിരുത്തുന്നു.