രജനീകാന്തും രാഷ്ട്രീയത്തിലേക്ക്: ജൂലൈയില്‍ പാര്‍ട്ടി പ്രഖ്യാപനമെന്ന് സൂചന

അടുത്തിടെ രജനീകാന്ത് ആരാധകരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണു അദ്ദേഹം രാഷ്ട്രീയപ്രവേശം ഉറപ്പാക്കുന്നതായി സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്ക് വാദ് അറിയിച്ചത്.

രജനീകാന്തും രാഷ്ട്രീയത്തിലേക്ക്: ജൂലൈയില്‍ പാര്‍ട്ടി പ്രഖ്യാപനമെന്ന് സൂചന

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തും രാഷ്ട്രീയത്തിലേക്ക്. രജനീകാന്ത് ജൂലൈ അവസാനത്തോടെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്നു സഹോദരന്‍ സത്യനാരായണ റാവു ഗെയ്ക്ക് വാദ് പറഞ്ഞു. രജനീകാന്ത് രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്നതു ജനങ്ങളുടെ ആഗ്രഹമാണെന്നും ആരാധകരുമായുള്ള ചര്‍ച്ചകളുടെ ആദ്യഘട്ടം കഴിഞ്ഞെന്നും സത്യനാരായണ പറഞ്ഞു.

അടുത്തിടെ രജനീകാന്ത് ആരാധകരുമായി കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണു രാഷ്ട്രീയപ്രവേശം ഉറപ്പാക്കുന്നതായി സഹോദരന്‍ അറിയിച്ചത്. ആരാധകരെ കാണുന്നതിനിടയില്‍ രജനി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതിനെപ്പറ്റി നേരിട്ടൊന്നും പരാമര്‍ശിച്ചില്ലെങ്കിലും തമിഴ്നാട് രാഷ്ട്രീയവൃന്ദങ്ങളില്‍ വലിയ ചര്‍ച്ചകള്‍ക്കു വഴിയൊരുക്കിയിരുന്നു. തമിഴ്നാട്ടില്‍ നല്ല രാഷ്ട്രീയക്കാര്‍ ഉണ്ടെന്നും വ്യവസ്ഥയാണു തകരാറിലായതെന്നുമായിരുന്നു രജനി പറഞ്ഞത്്.

വ്യവസ്ഥയെ ശുചീകരിക്കാന്‍ ഒപ്പം കൂടണമെന്ന് അദ്ദേഹം ആരാധകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. എപ്പോള്‍ വേണമെങ്കിലും യുദ്ധത്തിനു സജ്ജമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മെയ് 15മുതല്‍ 19വരെയായിരുന്നു രജനി ആരാധകരുമായി കൂടിക്കാഴ്ച നടത്തിയത്. പുതിയ സിനിമയായ കാലാ കരികാലന്റെ തിരക്കുകള്‍ അവസാനിച്ച ശേഷം 15 ജില്ലകളിലെ ആരാധകരെയായിരുന്നു രജനി കണ്ടത്. ജൂണ്‍, ജൂലൈ മാസങ്ങളില്‍ കൂടുതല്‍ കൂടിക്കാഴ്ചകള്‍ നടത്തുന്നുണ്ടെന്നും സത്യനാരായണ അറിയിച്ചു.

'പദ്ധതികള്‍ക്കു അവസാനരൂപം നല്‍കുന്നതിനു മുമ്പ് അദ്ദേഹത്തിനു കഴിയാവുന്നത്ര ആരാധകരെ കാണണമെന്നാണ് ആഗ്രഹം. നല്ല പ്രതികരണം വരുന്നതിനാല്‍ ഫലവും മികച്ചതായിരിക്കുമെന്നു പ്രതീക്ഷിക്കുന്നു. തമിഴ്നാട് രാഷ്ട്രീയത്തില്‍ ഒരു പുതിയ യുഗമായിരിക്കും ഉണ്ടാകുക,' സത്യനാരായണ പറഞ്ഞു.

പൊതുജീവിതത്തിലെ അഴിമതികളെ ഇല്ലാതാക്കുകയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. സര്‍ക്കാര്‍ ഭണ്ഡാരം പണം കൊണ്ടു നിറഞ്ഞിരിക്കുകയാണ്. പക്ഷേ അതു പാവങ്ങളിലേയ്ക്കെത്തുന്നില്ല എന്നും സത്യനാരായണ കൂട്ടിച്ചേര്‍ത്തു.

രജനിയെ പാര്‍ട്ടിയിലേയ്ക്കു ആകര്‍ഷിക്കാന്‍ ബിജെപി ശക്തമായി ശ്രമിക്കുന്നുണ്ട്. എന്നാല്‍ സ്വന്തം പാര്‍ട്ടി രൂപീകരിക്കാനാണു രജനിക്കിഷ്ടം. പേരും ഘടനയും പിന്നീടു പ്രഖ്യാപിക്കും എന്നും രജനിയുടെ സഹോദരന്‍ പറഞ്ഞു. അതേസമയം, രജനി തങ്ങളോടൊപ്പം ചേരുമെന്ന് ഇപ്പോഴും പ്രതീക്ഷിക്കുന്നതായി ബിജെപി തമിഴ്നാട് പ്രസിഡന്റ് തമിളിസൈ സൗന്ദരരാജന്‍ പറഞ്ഞു.


Story by