രജനീകാന്തിന്റെ ശ്രീലങ്കന്‍ യാത്രയ്‌ക്കെതിരെ തമിഴ് സംഘടനകള്‍ രംഗത്ത്

തമിഴ് വംശജര്‍ക്കായി ലൈക ഗ്രൂപ്പ് നിര്‍മിച്ച വീടുകളുടെ ഉദ്ഘാടനത്തിനാണ് താരം പോകുന്നത്. തമിഴ് വംശജര്‍ വംശീയാക്രമണങ്ങള്‍ക്കിരയാകുന്ന രാജ്യത്ത് ഗവണ്‍മെന്റുമായി ലൈക ഗ്രൂപ്പിന് അടുത്ത ബന്ധമാണുള്ളതെന്നാണ് തമിഴ് സംഘടനകള്‍ ആരോപിക്കുന്നത്.

രജനീകാന്തിന്റെ ശ്രീലങ്കന്‍ യാത്രയ്‌ക്കെതിരെ തമിഴ് സംഘടനകള്‍ രംഗത്ത്

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന്റെ നിര്‍ദ്ദിഷ്ട ശ്രീലങ്കന്‍ യാത്രക്കെതിരെ പ്രതിഷേധവുമായി തമിഴ് സംഘടനകള്‍. താരം ഏപ്രില്‍ 9ന് നിശ്ചയിച്ചിരിക്കുന്ന യാത്രയില്‍ നിന്ന് പിന്‍മാറണമെന്ന ആവശ്യവുമായി വിടുതലൈ ചിരുതൈഗള്‍ കക്ഷി, തമിഴകം വാഴ്‌വുറിമൈ കക്ഷി എന്നീ സംഘടനകളാണ് രംഗത്തുവന്നിരിക്കുന്നത്. ലൈക ഗ്രൂപ്പ് ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്കായി നിര്‍മിച്ചിരിക്കുന്ന 150 വീടുകളുടെ ഉദ്ഘാടനം നടത്താനാണ് രജനീകാന്ത് ശ്രീലങ്കയ്ക്ക് പോകാനിരിക്കുന്നത്.

ശ്രീലങ്കയിലെ വംശീയ പ്രശ്‌നങ്ങളില്‍ രജനീകാന്തിനെ മധ്യസ്ഥത വഹിപ്പിക്കാനാണ് താരത്തെ ശ്രീലങ്കയിലെത്തിക്കുന്നതെന്ന് വിടുതലൈ ചിരുതൈഗള്‍ കക്ഷി സ്ഥാപകന്‍ തിരുമാവലവന്‍ പറഞ്ഞു. ഒരു സുഹൃത്തെന്ന നിലയിലാണ് താനിക്കാര്യം രജനിയോട് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ഒരു ടിവി ചാനലിനോട് പറഞ്ഞു. എന്തിരന്റെ രണ്ടാം ഭാഗത്തിലാണ് രജനീകാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. ലൈക ഗ്രൂപ്പാണ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത്. നേരത്തെ വിജയ് നായകനായ കത്തി എന്ന സിനിമ നിര്‍മിച്ചപ്പോഴും ലൈക ഗ്രൂപ്പിനെതിരെ തമിഴ് സംഘടനകള്‍ രംഗത്തുവന്നിരുന്നു. മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രജപക്ഷെയുമായി ലൈക ഗ്രൂപ്പിന് ബന്ധമുണ്ടെന്ന ആരോപണത്തിലാണ് സിനിമയ്‌ക്കെതിരെ സംഘടനകള്‍ അന്ന് രംഗത്തുവന്നത്.

ശ്രീലങ്കയില്‍ വംശീയാക്രമണങ്ങളില്‍ തമിഴ് വംശജര്‍ കൊല്ലപ്പെട്ടതിന് കാരണം മഹീന്ദ്ര രജപക്ഷെയാണെന്ന് ഈ സംഘടനകള്‍ ആരോപിച്ചിരുന്നു. ശ്രീലങ്കക്കാരും തമിഴ് വംശജരും ശ്രീലങ്കയില്‍ സാഹോദര്യത്തോടെ കഴിയുകയാണെന്ന് തെറ്റിദ്ധരിപ്പിക്കാനുള്ള ലൈക ഗ്രൂപ്പിന്റെ തന്ത്രത്തില്‍ വീഴരുതെന്ന് മുന്‍ എംഎല്‍എയും തമിഴകം വാഴ്‌വുറിമൈ കക്ഷി നേതാവുമായ ടി വേല്‍മുരുകന്‍ പറഞ്ഞു. തമിഴ് വംശജര്‍ ശ്രീലങ്കയില്‍ വംശീയാക്രമണങ്ങള്‍ നേരിടുന്ന സമയത്തെ സന്ദര്‍ശനം ഗുണത്തെക്കാളേറെ ദോഷമാകും വരുത്തുകയെന്ന് അദ്ദേഹം പറഞ്ഞു. ലൈക ഗ്രൂപ്പ് വഴി സിംഹളരും തമിഴ് വംശജരും സാഹോദര്യത്തിലാണ് ജീവിക്കുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് ശ്രീലങ്കന്‍ ഗവണ്‍മെന്റ് നടത്തുന്നതെന്ന് വേല്‍മുരുകന്‍ ആരോപിച്ചു.

loading...