തമിഴ് സംഘടനകളുടെ പ്രതിഷേധം; രജനീകാന്ത് ശ്രീലങ്കന്‍ യാത്ര റദ്ദാക്കി

ലെയ്ക ഗ്രൂപ്പ് നിര്‍മിച്ചു നല്‍കിയ സൗജന്യ ഭവന പദ്ധതി ഉദ്ഘാടനത്തിനായി ഏപ്രില്‍ 9ന് നിശ്ചയിച്ചിരുന്ന യാത്രയില്‍ നിന്നാണ് താരം പിന്‍മാറിയത്.

തമിഴ് സംഘടനകളുടെ പ്രതിഷേധം; രജനീകാന്ത് ശ്രീലങ്കന്‍ യാത്ര റദ്ദാക്കി

തമിഴ് സംഘടനകള്‍ ഉയര്‍ത്തിയ പ്രതിഷേധത്തിനെത്തുടര്‍ന്ന് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്ത് നിര്‍ദ്ദിഷ്ട ശ്രീലങ്കന്‍ യാത്ര റദ്ദാക്കി. ശ്രീലങ്കയിലെ തമിഴ് വംശജര്‍ക്ക് ലെയ്ക ഗ്രൂപ്പ് നിര്‍മിച്ചു നല്‍കിയ സൗജന്യ ഭവന പദ്ധതി ഉദ്ഘാടനത്തിനായി ഏപ്രില്‍ 9ന് നിശ്ചയിച്ചിരുന്ന യാത്രയില്‍ നിന്നാണ് താരം പിന്‍മാറിയത്. വിടുതലൈ ചിരുതൈഗള്‍ കക്ഷി, തമിഴകം വാഴ്‌വുറിമൈ കക്ഷി എന്നീ സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് താന്‍ യാത്രയില്‍ നിന്ന് പിന്‍മാറുന്നതെന്ന് രജനീകാന്ത് മാധ്യമങ്ങളോട് പറഞ്ഞു

.ശ്രീലങ്കയിലെ വംശീയ പ്രശ്‌നങ്ങളില്‍ രജനീകാന്തിനെ മധ്യസ്ഥത വഹിപ്പിക്കാനാണ് താരത്തെ ശ്രീലങ്കയിലെത്തിക്കുന്നതെന്ന് വിടുതലൈ ചിരുതൈഗള്‍ കക്ഷി സ്ഥാപകന്‍ തിരുമാവലവന്‍ ആരോപിച്ചിരുന്നു. ഒരു സുഹൃത്തെന്ന നിലയിലാണ് താനിക്കാര്യം രജനിയോട് ആവശ്യപ്പെടുന്നതെന്ന് അദ്ദേഹം ഒരു ടിവി ചാനലിനോട് പറഞ്ഞു.

എന്തിരന്റെ രണ്ടാം ഭാഗത്തിലാണ് രജനീകാന്ത് ഇപ്പോള്‍ അഭിനയിക്കുന്നത്. ലൈക ഗ്രൂപ്പാണ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത്. നേരത്തെ വിജയ് നായകനായ കത്തി എന്ന സിനിമ നിര്‍മിച്ചപ്പോഴും ലൈക ഗ്രൂപ്പിനെതിരെ തമിഴ് സംഘടനകള്‍ രംഗത്തുവന്നിരുന്നു. മുന്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹീന്ദ്ര രജപക്ഷെയുമായി ലൈക ഗ്രൂപ്പിന് ബന്ധമുണ്ടെന്ന ആരോപണത്തിലാണ് സിനിമയ്‌ക്കെതിരെ സംഘടനകള്‍ അന്ന് രംഗത്തുവന്നത്. ശ്രീലങ്കയില്‍ വംശീയാക്രമണങ്ങളില്‍ തമിഴ് വംശജര്‍ കൊല്ലപ്പെട്ടതിന് കാരണം മഹീന്ദ്ര രജപക്ഷെയാണെന്ന് ഈ സംഘടനകള്‍ ആരോപിച്ചിരുന്നു.