പശുവിനെ ദേശീയ മൃഗമാക്കണം, കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവും വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് രാജസ്ഥാന്‍ ഹൈക്കോടതി

കശാപ്പു നിരോധിച്ചുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് രാജസ്ഥാന്‍ ഹൈക്കോടതിയുടെ പരമാര്‍ശം. നേരത്തെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് മദ്രാസ് ഹൈക്കോടതി സ്‌റ്റേ ചെയ്തിരുന്നു.

പശുവിനെ ദേശീയ മൃഗമാക്കണം, കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം തടവും വേണം; കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോട് രാജസ്ഥാന്‍ ഹൈക്കോടതി

കടുവയ്ക്കു പകരം പശുവിനെ ദേശീയമൃഗമാക്കണമെന്ന് രാജസ്ഥാന്‍ ഹൈക്കോടതി. കേന്ദ്രസര്‍ക്കാരിനോടാണ് കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. പശുവിനെ കൊല്ലുന്നവര്‍ക്ക് ജീവപര്യന്തം ശിക്ഷ നല്‍കണമെന്നും കോടതി പറഞ്ഞു.

ഗോശാലകളുടെ പ്രവര്‍ത്തനം സംബന്ധിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിർദേശം. കശാപ്പ് നിരോധിച്ചുള്ള കേന്ദ്രസർക്കാർ ഉത്തരവിനെതിരെ കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങൾ എതിർപ്പുമായി രം​ഗത്തെത്തുകയും സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയും ചെയ്യുന്ന പശ്ചാത്തലത്തിലാണ് രാജസ്ഥാൻ ഹൈക്കോടതിയുടെ വ്യത്യസ്ത നിർദേശം.

നേരത്തെ മദ്രാസ് ഹൈക്കോടതി കേന്ദ്ര ഉത്തരവ് സ്‌റ്റേ ചെയ്തിരുന്നു. പൗരന്റെ പ്രാഥമികാവകാശത്തിൽ കൈ കടത്താൻ കേന്ദ്രസർക്കാരിന് എന്ത് അവകാശമാണുള്ളതെന്നു കോടതി ചോദിച്ചിരുന്നു.

എന്നാൽ കേന്ദ്രതീരുമാനത്തിന് അനുകൂലമായ നിലപാടാണ് കേരള ഹൈക്കോതി സ്വീകരിച്ചത്. കാലികളെ കശാപ്പിനായി കാലിച്ചന്തകളില്‍ വില്‍ക്കുന്നതു മാത്രമാണ് നിരോധിച്ചതെന്നും മദ്രാസ് ഹൈക്കോടതി വിധി ആശ്ചര്യപ്പെടുത്തുന്നതായും കേരള ഹൈക്കോടതി പറഞ്ഞിരുന്നു.

വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണ് രാജസ്ഥാനില്‍ ഭരിക്കുന്നത്.രാജസ്ഥാനില്‍ പശുവിനെ കൊല്ലുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ തടവുശിക്ഷയാണുള്ളത്.