ബിജെപി കാവിവൽക്കരണ തന്ത്രം വീണ്ടും; വസുന്ധര രാജെ സർക്കാരിന് തിരിച്ചടി നൽകി രാജസ്ഥാൻ ഹൈക്കോടതി

സർക്കാർ സ്ഥാപനങ്ങളെ ആർഎസ്എസിനു കീഴിലാക്കുന്നതിന്റെ ഭാ​ഗമായാണ് ബിജെപി രാജ്യമൊട്ടാകെ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന ആരോപണം ശക്തമാണ്. സംസ്ഥാനത്ത് ഇതിനോടകം വിവിധ രീതിയിൽ ബിജെപി സർക്കാർ കാവിവൽക്കരണം നടപ്പാക്കിയിട്ടുണ്ട്.

ബിജെപി കാവിവൽക്കരണ തന്ത്രം വീണ്ടും; വസുന്ധര രാജെ സർക്കാരിന് തിരിച്ചടി നൽകി രാജസ്ഥാൻ ഹൈക്കോടതി

രാജ്യത്തെ വിവിധ സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും നിലവിലെ പേരുമാറ്റി തങ്ങളുടെ നേതാക്കളുടെ പേരാക്കാനുള്ള സംഘപരിവാർ നീക്കം തുടരുന്നു. എന്നാൽ ഈ നീക്കത്തിന് തിരിച്ചടി നൽകിയിരിക്കുകയാണ് രാജസ്ഥാൻ ഹൈക്കോടതി. രാജസ്ഥാനിലെ രാജീവ് ​ഗാന്ധി സേവാ കേന്ദ്രയുടെ പേര് അടൽ സേവാ കേന്ദ്ര എന്നാക്കാനുള്ള ബിജെപി ശ്രമമാണ് പാളിയത്. സംസ്ഥാനത്ത് നിരവധിയിടങ്ങളിൽ പലതരത്തിൽ കാവിവൽക്കരണം നടപ്പാക്കിയിട്ടുള്ള ബിജെപിയുടെ പുതിയ തന്ത്രമാണ് ഹൈക്കോടതിയുടെ കൃത്യമായ ഇടപെടലിലൂടെ തകർന്നത്.രാജസ്ഥാൻ സർക്കാരിനെതിരെ കോൺ​ഗ്രസ് നേതാവ് സന്യം ലോധ സമർപ്പിച്ച ഹരജി തീർപ്പാക്കിയാണ് കോടതി ബിജെപി നീക്കത്തിനു തടയിട്ടത്. ഇനിയൊരിക്കലും ഇത്തരം സാഹചര്യങ്ങൾ സൃഷ്ടിക്കരുതെന്ന് സംസ്ഥാന പഞ്ചായത്തി രാജ്- ​ഗ്രാമവികസന വകുപ്പിന് കോടതി നിർദേശം നൽകി. അതേസമയം, വിവാദങ്ങളൊഴിവാക്കാൻ സ്ഥാപനങ്ങൾക്ക് സ്വാതന്ത്ര്യസമര സേനാനികളുടെ നാമം നൽകാൻ ശ്രദ്ധിക്കണമെന്നും കോടതി വ്യക്തമാക്കി. സർക്കാർ സ്ഥാപനങ്ങളെ ആർഎസ്എസിനു കീഴിലാക്കുന്നതിന്റെ ഭാ​ഗമായാണ് ബിജെപി രാജ്യമൊട്ടാകെ ഇത്തരം നീക്കങ്ങൾ നടത്തുന്നതെന്ന ആരോപണം ശക്തമാണ്.

സംസ്ഥാനത്ത് ഇതിനോടകം വിവിധ രീതിയിൽ ബിജെപി സർക്കാർ കാവിവൽക്കരണം നടപ്പാക്കിയിട്ടുണ്ട്. രാജസ്ഥാനിലെ 35 സര്‍ക്കാര്‍ വായനശാലകളുടെ നിലവിലെ പേരു മാറ്റി ആര്‍എസ്എസ് ആചാര്യനായിരുന്ന പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുടെ പേര് നല്‍കിയിട്ട് അധികം നാളായില്ല. ആര്‍എസ്എസ് പേരുകള്‍ സർക്കാർ- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നതിലൂടെ കൂടുതല്‍ ആളുകളിലേക്ക് തങ്ങളുടെ നേതാ ക്കളുടെ പേരുകള്‍ എത്തിക്കാനും അതുവഴി കൂടുതല്‍ പേരെ തങ്ങളുടെ അനുഭാവികളാക്കി മാറ്റാനാവുമെന്നുമാണ് സംഘടനയുടെ വിലയിരുത്തൽ.

ഇതുകൂടാതെ, സ്കൂളുകളില്‍ സ്വാതന്ത്ര സമരസേനാനികളെ കുറിച്ച്‌ മാത്രം പഠിച്ചാൽ പോരാ, ആര്‍എസ്എസ് നേതാക്കളെ കുറിച്ചും പഠിപ്പിക്കണമെന്നാണ് രാജസ്ഥാൻ സർക്കാരിന്റെ നിലപാട്. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സ്ഥാപകന്‍ കെ ബി ഹെഡ്ഗേവര്‍ എന്നിവരുള്‍പ്പെടെ 73 പേരുടെ ജീവചരിത്രങ്ങള്‍ രാജസ്ഥാന്‍ സ്കൂള്‍ ലൈബ്രറികളില്‍ എത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വാസുദേവ് ദേവനനി നേരത്തെ പറഞ്ഞിരുന്നു.

ഇതുകൂടാതെ, സ്‌കൂള്‍ സിലബസില്‍ ഹിന്ദുത്വ അജണ്ട തിരുകിക്കയറ്റിയും വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള രാജസ്ഥാൻ സർക്കാർ വിവാദത്തിലിടം പിടിച്ചിരുന്നു. ശ്യാമപ്രസാദ് മുഖര്‍ജി, ആർഎസ്എസ് ആചാര്യൻ ദീന്‍ ദയാല്‍ ഉപാധ്യായ, ആർഎസ്എസ് നേതാവ് സവര്‍ക്കര്‍ എന്നിവരെക്കുറിച്ചുള്ള പാഠഭാഗങ്ങള്‍ സിലബസില്‍ ഉള്‍പ്പെടുത്തുകയും ജവഹര്‍ലാല്‍ നെഹ്‌റു അടക്കമുള്ളവരെക്കുറിച്ചുള്ള ഭാഗങ്ങള്‍ കുറച്ചുമായിരുന്നു ഈ നീക്കം. മാത്രമല്ല, കോളേജ് വിദ്യാർത്ഥികൾ ആര്‍എസ്എസ് പിന്തുണയുള്ള കേന്ദ്രത്തില്‍ പഠനയാത്ര നടത്തുന്നത് രാജസ്ഥാന്‍ സര്‍ക്കാര്‍ കഴിഞ്ഞ ഒക്ടോബറിൽ നിർബന്ധമാക്കിയിരുന്നു.

ഉദയ്പൂരില്‍ ആര്‍എസ്എസ് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പ്രതാപ് ഗൗരവ് കേന്ദ്രയില്‍ എല്ലാ കോളേജുകളും നിര്‍ബന്ധമായി 'പഠനയാത്ര' നടത്തണമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവ്. 2016ൽ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവത് ആണ് കേന്ദ്രം ഉദ്ഘാടനം ചെയ്തത്. സംസ്ഥാനത്തെ വിദ്യാഭ്യാസ രം​ഗം കാവിവൽക്കരിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമായിരുന്നു ഇത്. മുതിര്‍ന്ന ആര്‍എസ്എസ് നേതാവ് സോഹന്‍ സിങ് ആണ് കേന്ദ്രത്തിന് രൂപം നല്‍കിയത്. തുടർന്ന്, സ്കൂൾ വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് അനുകൂല സംഘടന നടത്തുന്ന ആദ്ധ്യാത്മിക മേളയില്‍ പങ്കെടുക്കണമെന്ന സംസ്ഥാന സർക്കാർ നിര്‍ദ്ദേശം നല്‍കിയിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു സംഭവം. ഇതിനു പിന്നാലെ മേളയില്‍ വിതരണം ചെയ്ത മുസ്ലിം വിരുദ്ധ ലഘുലേഖയും വിവാദമായിരുന്നു.

2015ൽ ബക്രീദ് ദിനമായ സെപ്തംബർ 25 ന് സ്‌കൂളുകള്‍ക്ക് അവധി നല്‍കാതെ അന്ന് ആര്‍എസ്എസ് നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്‍മദിനം ആഘോഷിച്ചതാണ് മറ്റൊരു സംഭവം. ബിജെപി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് സംസ്ഥാനമൊട്ടാകെ ഇത്തരത്തിൽ കാവിവൽക്കരണ ശ്രമങ്ങൾ വ്യാപകമായത്. രാജസ്ഥാനിൽ മാത്രമല്ല, ബിജെപി ഭരിക്കുന്ന യുപിയിലും സമാന രീതിയിലുള്ള നീക്കങ്ങൾ നടന്നിരുന്നു. യുപിയിൽ ഹജ്ജ് ഹൗസിന് കാവിനിറം നൽകിയതാണ് ആദിത്യനാഥ് സർക്കാരിന്റെ ഏറ്റവും ശ്രദ്ധേയമായ കാവിവൽക്കരണ നീക്കം. ഇത് വിവാദമായതോടെ വെള്ള പെയിന്റടിച്ച് തടിയൂരിയെങ്കിലും സർക്കാർ നിർമിച്ചുനൽകുന്ന കക്കൂസുകൾക്ക് കാവി പെയിന്റടിച്ചാണ് സർക്കാർ വീണ്ടും ആർഎസ്എസ് തന്ത്രം ആവിഷ്കരിച്ചത്. മാത്രമല്ല, സംസ്ഥാനത്തെ വര്‍ഷങ്ങള്‍ പഴക്കമുള്ള മുഗള്‍സരായി റെയില്‍വെ സ്റ്റേഷന്റെ പേര് ദീന്‍ ദയാല്‍ ഉപാധ്യായ എന്നാക്കി മാറ്റിയതും വിവാദമായിരുന്നു.

നേരത്തെ, 1817ല്‍ ഒഡീഷയില്‍ നടന്ന 'പൈക ബിദ്രോഹ' (പൈക പ്രക്ഷോഭം) ഒന്നാം സ്വാതന്ത്ര്യ സമരമായി അംഗീകരിച്ച് സ്‌കൂളുകളിലും കോളജുകളിലും പഠിപ്പിക്കുമെന്നു കേന്ദ്രമന്ത്രി പ്രകാശ് ജാവ്ദേക്കര്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യം മുഴുവന്‍ 'പൈക ബിദ്രോഹ'യുടെ ചരിത്ര സ്മാരകങ്ങള്‍ നിര്‍മിക്കാന്‍ കേന്ദ്രം 200 കോടി രൂപയും അനുവദിച്ചിട്ടുണ്ട്.

Read More >>