'മയിലുകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നില്ല': തെളിവ് മതഗ്രന്ഥങ്ങളിലെന്ന് ജഡ്ജി

മയിലുകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാറില്ലെന്ന് ഭഗവദ് പുരാണത്തില്‍ പറയുന്നുണ്ടെന്ന് ഇന്നലെ വിരമിച്ച രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി മഹേഷ് ചന്ദ്ര ശര്‍മ പറഞ്ഞു

മയിലുകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നില്ല: തെളിവ് മതഗ്രന്ഥങ്ങളിലെന്ന് ജഡ്ജി

മയിലുകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നില്ലെന്ന പ്രസ്താവന നടത്തിയതിലൂടെ അപഹാസ്യനായ രാജസ്ഥാന്‍ ഹൈക്കോടതി മുന്‍ ജഡ്ജി ന്യായീകരണവുമായി രംഗത്തെത്തി. താന്‍ പറഞ്ഞ കാര്യത്തെക്കുറിച്ച് ശാസ്ത്രീയ പരീക്ഷണങ്ങള്‍ ആവശ്യമില്ലെന്നും ഇക്കാര്യങ്ങളെല്ലാം മതഗ്രന്ഥങ്ങളില്‍ ഉണ്ടെന്നും മഹേഷ് ചന്ദ്ര ശര്‍മ പറഞ്ഞു. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞത്.

മയിലുകളെക്കുറിച്ച് എല്ലാ ഹൈന്ദവ ഗ്രന്ഥങ്ങളിലും പറയുന്നുണ്ട്. മയിലുകള്‍ നിത്യബ്രഹ്മചാരികളാണെന്നും പുസ്തകങ്ങളിലുണ്ടെന്ന് അദ്ദേഹം അവകാശപ്പെട്ടു. ''മയിലുകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാറില്ലെന്ന് ഭഗവദ് പുരാണത്തില്‍ പറയുന്നുണ്ട്''മഹേഷ് ചന്ദ്ര ശര്‍മ പറയുന്നു. മയിലുകള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാറില്ലെന്നും ആണ്‍ മയിലിന്റെ കണ്ണുനീര്‍ പെണ്‍മയില്‍ കുടിച്ചാണ് ഗര്‍ഭം ധരിക്കുന്നതുമെന്നാണ് ഇന്നലെ ഇദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ഇന്നലെ വിരമിക്കും മുമ്പ് കേസ് പരിഗണിക്കവേ പശുവിനെ രാജ്യത്തിന്റെ ദേശീയ മൃഗമാക്കണമെന്നും പശു മൂത്രത്തിന് രോഗങ്ങള്‍ ഭേദമാക്കാനുള്ള കഴിവുണ്ടെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.

''മയില്‍ ഇന്ത്യയുടെ ദേശീയ പക്ഷി ആയത് അത് ഒരു ബ്രഹ്മചാരി ആയതു കൊണ്ടാണ്. മയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാറില്ല. അതായത് അത് ഇണ ചേരാറില്ല. മയിലുകളില്‍ പ്രത്യുല്‍പാദനം നടക്കുന്നത് പെണ്‍മയില്‍ ആണ്‍ മയിലിന്റെ കണ്ണിനീര്‍ കുടിക്കുന്നതു കൊണ്ടാണ്. ഭഗവാന്‍ കൃഷ്ണനും മയില്‍ പീലി ചൂടിയിരുന്നു.'- ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മ ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.