പെഹ്ലു ഖാനെ ആരും കൊന്നിട്ടില്ല; ഗോസംരക്ഷക ഗുണ്ടകള്‍ക്കെതിരെയുള്ള കേസില്‍ അന്വേഷണം അവസാനിപ്പിച്ച് രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍

സര്‍ക്കാര്‍ നീക്കത്തില്‍ പെഹ്ലു ഖാന്റെ കുടുംബം പ്രതിഷേധമറിയിച്ചു. പെഹ്ലു ഖാനെ ആക്രമിക്കുന്നതിനിടെ അവര്‍ തമ്മില്‍ പേരുകള്‍ വിളിച്ചിരുന്നത് കേട്ടിരുന്നതായും പെഹ്ലു ഖാന്റെ മകന്‍ ഇര്‍ഷാദ് പറഞ്ഞു. ഓം, ഹുക്കും, സുധീര്‍, രാഹുല്‍ എന്നിവരുടെ പേര് താന്‍ കേട്ടിരുന്നു എന്നും ഇര്‍ഷാദ് വ്യക്തമാക്കി.

പെഹ്ലു ഖാനെ ആരും കൊന്നിട്ടില്ല; ഗോസംരക്ഷക ഗുണ്ടകള്‍ക്കെതിരെയുള്ള കേസില്‍ അന്വേഷണം അവസാനിപ്പിച്ച് രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍

രാജസ്ഥാനിലെ ആള്‍വാറില്‍ ഗോസംരക്ഷക ഗുണ്ടകള്‍ തല്ലിക്കൊന്ന ക്ഷീര കര്‍ഷകന്‍ പെഹ്ലു ഖാന്റെ കൊലപാതകക്കേസില്‍ അന്വേഷണം അവസാനിപ്പിച്ച് രാജസ്ഥാനിലെ ബിജെപി സര്‍ക്കാര്‍. ഏപ്രില്‍ ഒന്നിനാണ് പെഹ്ലു ഖാനെ ആറുപേരടങ്ങുന്ന ഗോസംരക്ഷക ഗുണ്ടാസംഘം തല്ലിക്കൊലപ്പെടുത്തിയത്. ഇവര്‍ക്കെതിരെയുള്ള അന്വേഷണമാണ് നിര്‍ത്തിവെച്ചത്.

ആറുപേരില്‍ മൂന്ന് പേര്‍ക്ക് ഹിന്ദു വലതുപക്ഷ സംഘടനകളുമായി നേരിട്ട് ബന്ധമുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. ഒരു ഗോശാലയിലെ സ്റ്റാഫിന്റെ പ്രസ്താവനകളുടെയും മൊബൈല്‍ ഫോണ്‍ റെക്കോര്‍ഡുകളുടെയും അടിസ്ഥാനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

ഓം യാദവ് (45), ഹുക്കുംചന്ദ് യാദവ് (44), സുധീര്‍ യാദവ് (45), ജഗ്മാല്‍ യാദവ് (73), നവീന്‍ ശര്‍മ (48), രാഹുല്‍ സൈനി (24) എന്നിവര്‍ കൊലപാതകം നടന്ന സ്ഥലത്തുനിന്നും 4 കിലോമീറ്റര്‍ അകലെയുള്ള രഥ് ഗോശാലയുടെ പരിസരത്ത് ഉണ്ടായിരുന്നതായും തെളിഞ്ഞിട്ടുണ്ട്. ജഗ്മാല്‍ യാദവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഗോശാല.

കേസിലെ സാക്ഷികളായ രഥ് ഗോശാലയിലെ പൊലീസുകാരും തൊഴിലാളികളും പറയുന്നത് ആക്രമണം നടന്ന സമയത്ത് ഗോശാലയുടെ പരിസരത്ത് ഇവര്‍ ഉണ്ടായിരുന്നില്ല എന്നാണ്. ഈ ആറുപേരുടെയും കോള്‍ റെക്കോര്‍ഡുകളും മൊബൈല്‍ ലൊക്കേഷനും പരിശോധിച്ചപ്പോള്‍ അത് വ്യക്തമായി.

കേസിലെ പ്രതിയായ 19കാരന്‍ വിപിന്‍ യാദവിന് സെപ്തംബര്‍ ആദ്യവാരം രാജസ്ഥാന്‍ ഹൈക്കോടതി ജാമ്യം നല്‍കിയിരുന്നു. കേസില്‍ ജാമ്യം ലഭിച്ച അഞ്ചാമത്തെ പ്രതിയാണ് വിപിന്‍ യാദവ്. കേസില്‍ പ്രതികളായ രണ്ടുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

ജയ്പൂരിലെ ഒരു മാര്‍ക്കറ്റില്‍ നിന്ന് ഹരിയാനയിലേക്ക് കന്നുകാലികളെ കൊണ്ടുപോകുകയായിരുന്നു പെഹ്ലു ഖാന്‍. ഏപ്രില്‍ ഒന്നിനാണ് പെഹ്ലുവിന്റെ ട്രക്കിനു നേരെ ഗോസംരക്ഷക ഗുണ്ടകള്‍ ആക്രമണം നടത്തിയത്. തന്റെ ഡയറി ബിസിനസ്സിനുവേണ്ടി അനുമതിയോടെയാണ് പെഹ്ലു ഖാന്‍ കന്നുകാലികളെ കൊണ്ടുപോയത്.

സെപ്തംബര്‍ ഒന്നിന് ക്രൈം ബ്രാഞ്ച് ആള്‍വാര്‍ പൊലീസിന് കണ്ടെത്തലുകള്‍ സമര്‍പ്പിച്ചു. കുറ്റാരോപിതരുടെ പട്ടികയില്‍ നിന്ന് ഈ ആറു പേരുടെ പേര് ഒഴിവാക്കണമെന്നും ക്രൈം ബ്രാഞ്ച് ആവശ്യപ്പെട്ടു. ഈ ആറുപേരെപ്പറ്റി വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 5,000 രൂപ പ്രതിഫലമായി കൊടുക്കുമെന്ന അറിയിപ്പും ക്രൈം ബ്രാഞ്ച് പിന്‍വലിച്ചു. ഇത് പിന്‍വലിച്ചത് ആ ആറുപേര്‍ക്ക് കുറ്റകൃത്യവുമായി യാതൊരു ബന്ധവുമില്ലെന്ന് സിഐഡി-സിബി അന്വേഷണത്തില്‍ വ്യക്തമായതുകൊണ്ടാണ് എന്ന് ആള്‍വാര്‍ എസ് പി രാഹുല്‍ പ്രകാശ് അറിയിച്ചതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

സര്‍ക്കാര്‍ നീക്കത്തില്‍ പെഹ്ലു ഖാന്റെ കുടുംബം പ്രതിഷേധമറിയിച്ചു. പെഹ്ലു ഖാനെ ആക്രമിക്കുന്നതിനിടെ അവര്‍ തമ്മില്‍ പേരുകള്‍ വിളിച്ചിരുന്നത് കേട്ടിരുന്നതായും പെഹ്ലു ഖാന്റെ മകന്‍ ഇര്‍ഷാദ് പറഞ്ഞു. ഓം, ഹുക്കും, സുധീര്‍, രാഹുല്‍ എന്നിവരുടെ പേര് താന്‍ കേട്ടിരുന്നു എന്നും ഇര്‍ഷാദ് വ്യക്തമാക്കി.

പെഹ്ലു ഖാന്റെ മൊഴി ഒരു പൊലീസ് ഓഫീസര്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. കോടതിയില്‍ നിലനില്‍ക്കുന്ന മരണമൊഴിയാണ് അത്. മരണമൊഴിയെ അവിശ്വസിക്കാന്‍ ഒരിക്കലും പൊലീസിന് കഴിയില്ലെന്നും മരണമൊഴി കൃത്യമായ തെളിവാണ് എന്നും രാജസ്ഥാന്‍ ഹൈക്കോടതിയിലെ വിനയ്പാല്‍ യാദവ് പറയുന്നു.

ഏപ്രില്‍ ഒന്നിന് 11 മണിയോടെ ബെഹ്‌റോറിലെ കൈലാഷ് ഹോസ്പിറ്റലില്‍ ഐസിയുവില്‍ കഴിയുന്നതിനിടെ പെഹ്ലു ഖാന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ആറുപേര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്തത്.

പൊലീസ് സമ്മര്‍ദ്ദത്തിലാണ്. ഇതുകൊണ്ട് മാത്രം നീതിക്കുവേണ്ടിയുള്ള തങ്ങളുടെ പോരാട്ടം അവസാനിക്കില്ലെന്നും പെഹ്ലു ഖാന്റെ മകന്‍ ഇര്‍ഷാദ് പറയുന്നു.

Read More >>