ചായക്ക് ഏഴുരൂപ, ഊണിന് 50: ഇനി അമിത നിരക്ക് പാടില്ല; ഭക്ഷണസാധനങ്ങളുടെ പുതിയ വിലവിവരപ്പട്ടികയുമായി റെയില്‍വേ

ഭക്ഷണപാനീയങ്ങള്‍ക്കു ട്രെയിനില്‍ അധിക തുക ഈടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതോടെയാണ് ഇന്ത്യന്‍ റെയില്‍വേ വിലവിവരപ്പട്ടക പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ചായക്ക് ഏഴുരൂപ, ഊണിന് 50: ഇനി അമിത നിരക്ക് പാടില്ല; ഭക്ഷണസാധനങ്ങളുടെ പുതിയ വിലവിവരപ്പട്ടികയുമായി റെയില്‍വേ

ഭക്ഷണസാധനങ്ങളുടെ പേരില്‍ ട്രെയിനില്‍ ചൂഷണം പതിവായതോടെ ചായയ്ക്ക് ഏഴു രൂപയും ഊണിനു 50 രൂപയും ഉള്‍പ്പെടെ കൃത്യമായ നിരക്ക് നിശ്ചയിച്ച് ഇന്ത്യന്‍ റെയില്‍വേ അധികൃതര്‍. ഭക്ഷണപാനീയങ്ങള്‍ക്കു ട്രെയിനില്‍ അധിക തുക ഈടാക്കുന്നുവെന്ന പരാതികള്‍ വ്യാപകമായതോടെയാണ് ഇന്ത്യന്‍ റെയില്‍വേ വിലവിവരപ്പട്ടക പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇപ്പോള്‍ ഔദ്യോഗികമായി പുറത്തുവിട്ട നിരക്കിനേക്കാള്‍ കൂടുതല്‍ കേറ്ററിങ് സര്‍വീസിലുള്ളവര്‍ വാങ്ങിയാല്‍ ഉടന്‍ പരാതി നല്‍കണമെന്നും റെയില്‍വേ മന്ത്രാലയം അറിയിച്ചു.

ഇന്ത്യന്‍ റെയില്‍വെയുടെ കേറ്ററിങ് സംവിധാനത്തിലെ നിരക്കുകള്‍ അറിഞ്ഞിരിക്കൂ, ആരെങ്കിലും കൂടുതല്‍ വില ഈടാക്കാന്‍ ശ്രമിച്ചാല്‍ @RailMinIndia ല്‍ പരാതിപ്പെടൂ, ഞങ്ങള്‍ 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമാണ് എന്ന് റെയില്‍ മന്ത്രാലയം ട്വിറ്ററിലൂടെ അറിയിച്ചു.

ചായ മുതല്‍ നോണ്‍ വെജ് ഉച്ചഭക്ഷണം വരെയുള്ള ഭക്ഷണ പാനീയങ്ങളുടെ വിലയാണ് റെയില്‍വേ പുറത്തുവിട്ടിരിക്കുന്നത്. ചായക്കും കാപ്പിക്കും ഏഴു രൂപയും ഒരു ലിറ്ററിന്റെ മിനറല്‍ വാട്ടറിനു 15 രൂപയുമാണ് വില. പ്രഭാത ഭക്ഷണം വെജ് ആണെങ്കില്‍ 30ഉം നോണ്‍ വെജിനു 35 രൂപയുമാണ് വില നിശ്ചയിച്ചിരിക്കുന്നത്. സാധാരണ ഊണിനു 50ഉം നോണ്‍ വെജിനു 55 ഉം നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നു.

കേറ്ററിങ് സര്‍വ്വീസുമായി ബന്ധപ്പെട്ട മേഖലയിലുള്ളവരുമായി യോഗം ചേര്‍ന്ന ശേഷമാണ് റെയില്‍വേ ട്രെയിനിലെ ഭക്ഷണത്തിനു കൃത്യമായ വിലയും അളവും നിശ്ചയിച്ചത്. ട്രെയിനില്‍ ലഭിക്കുന്ന ഭക്ഷണത്തിന്റെ ഗുണമില്ലായ്മയും തോന്നിയ വിലയും അളവ് വ്യത്യാസവും ചൂണ്ടികാണിച്ച് വ്യാപക പരാതി ഉയര്‍ന്നതോടെയാണ് റെയില്‍വേയുടെ ഈ തീരുമാനം.