സഹാരന്‍പൂര്‍ സന്ദര്‍ശനം: രാഹുല്‍ ഗാന്ധിയെ പൊലീസ് ജില്ലാ അതിര്‍ത്തിയില്‍ തടഞ്ഞു

''സഹാരന്‍പൂര്‍ സന്ദര്‍ശിക്കണമെന്ന ഉദ്ദേശ്യത്തിലാണ് ഞാന്‍ വന്നത്. ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം തിരിച്ചുപോകുകയാണ്'' രാഹുല്‍ പറഞ്ഞു. സഹാരന്‍പൂരില്‍ അക്രമത്തിനിരയായ ദളിത് വിഭാഗത്തില്‍പ്പെടുന്നവരെ സന്ദര്‍ശിക്കുകയായിരുന്നു രാഹുലിന്റെ പദ്ധതിയെന്ന് കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു.

സഹാരന്‍പൂര്‍ സന്ദര്‍ശനം: രാഹുല്‍ ഗാന്ധിയെ പൊലീസ് ജില്ലാ അതിര്‍ത്തിയില്‍ തടഞ്ഞു

ഉത്തര്‍പ്രദേശിലെ സഹാരന്‍പൂരില്‍ സന്ദര്‍ശനം നടത്താനെത്തിയ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊലീസ് തടഞ്ഞു. തുടര്‍ന്ന് അദ്ദേഹം സന്ദര്‍ശനം റദ്ദാക്കി ഡല്‍ഹിയിലേക്ക് മടങ്ങി. ''സഹാരന്‍പൂര്‍ സന്ദര്‍ശിക്കണമെന്ന ഉദ്ദേശ്യത്തിലാണ് ഞാന്‍ വന്നത്. ജില്ലാ ഭരണകൂടത്തിന്റെ അഭ്യര്‍ത്ഥന പ്രകാരം തിരിച്ചുപോകുകയാണ്'' രാഹുല്‍ പറഞ്ഞു.

രാജ്യത്ത് പാവപ്പെട്ടവര്‍ക്കും പാർശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും ജീവിക്കാനാകുന്ന അവസ്ഥയല്ല ഉള്ളതെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, രാജ് ബബ്ബാര്‍ എന്നിവരും രാഹുലിനെ അനുഗമിച്ചിരുന്നു.

സഹാരന്‍പൂരില്‍ അക്രമത്തിനിരയായ ദളിത് വിഭാഗത്തില്‍പ്പെടുന്നവരെ സന്ദര്‍ശിക്കുകയായിരുന്നു രാഹുലിന്റെ പദ്ധതിയെന്ന് കോൺഗ്രസ്സ് നേതാക്കൾ പറഞ്ഞു. ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ നിന്ന് 181 കിലോമീറ്റര്‍ ദൂരെയുള്ള സഹാരന്‍പൂരിലേക്ക് രാഹുല്‍ യാത്ര തിരിച്ചത്. രാഹുല്‍ ഗാന്ധിക്ക് സഹാരന്‍പൂരില്‍ സന്ദര്‍ശനാനുമതി നിഷേധിച്ച കാര്യം മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ ആദിത്യ മിശ്ര കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു.

സഹാരന്‍പൂരില്‍ ദളിത് വിഭാഗത്തിന് നേരെ കഴിഞ്ഞ ഒരു മാസമായി ആക്രമണം നടന്നുവരികയാണ്. സഹാരന്‍പൂരില്‍ ഇറങ്ങാന്‍ രാഹുല്‍ ഗാന്ധിയെ സമ്മതിക്കില്ലെന്ന ഉറച്ച നിലപാടിലാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. രാഹുലിന്റെ സന്ദര്‍ശനം 'രാഷ്ട്രീയ വിനോദ സഞ്ചാരം' ആണെന്ന് ബി ജെ പി കുറ്റപ്പെടുത്തി. ''രാഹുലിന് കുറെയേറെ ഫോട്ടോകള്‍ എടുക്കേണ്ടതുണ്ട്. അതിനായാണ് സഹാരന്‍പൂരില്‍ വരുന്നത്. സര്‍ക്കാര്‍ അദ്ദേഹത്തെ സഹാരന്‍പൂര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല''-ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്ങ് പറഞ്ഞു.