മുസ്ലീം സൈദ്ധാന്തികരെ കണ്ട് രാഹുൽ ഗാന്ധി; പാർട്ടിയുടെ മൃദുഹിന്ദുത്വം ചർച്ചയായെന്ന് സൂചന

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം പോയ ഹിന്ദുക്കളുടെ വോട്ട് നേടാൻ കോൺഗ്രസ് ‘മൃദു ഹിന്ദുത്വ’നയം സ്വീകരിക്കുന്നുണ്ടെന്നും ഇത് മുസ്ലീം സമൂഹത്തിന് ഭീഷണിയായാണ് അനുഭവപ്പെടുന്നതെന്നും മുസ്ലീം ബുദ്ധിജീവികൾ രാഹുൽ ഗാന്ധിയോട് പറഞ്ഞു

മുസ്ലീം സൈദ്ധാന്തികരെ കണ്ട് രാഹുൽ ഗാന്ധി; പാർട്ടിയുടെ മൃദുഹിന്ദുത്വം ചർച്ചയായെന്ന് സൂചന

കോൺഗ്ര സ് അധ്യക്ഷൻ രാഹുൽ ഗാന്ധി മുസ്ലീം നേതാക്കളെയും സൈദ്ധാന്തികരെയും സന്ദർശിച്ചു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന ഒരു മാതൃകയാണ് പാർട്ടി പിന്തുടരുന്നതെന്ന് രാഹുൽ മുസ്ലീം സൈദ്ധാന്തികരോട് പറഞ്ഞു. കോൺഗ്രസ് 'മൃദു ഹിന്ദുത്വ' നിലപാടുകൾ സ്വീകരിക്കുന്നു എന്ന ആരോപണവും ചർച്ചയായെന്നാണ് സൂചന. പാർട്ടിയോട് അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികളായ എ‌എൻ‌ഐ, പിടിഐ എന്നിവരാണ് ഇക്കാര്യങ്ങൾ റിപ്പോർട്ട് ചെയ്തത്.

2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി നിരവധി കൂടിക്കാഴ്ചകൾ നടത്താൻ കോൺഗ്രസ് തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് പാർട്ടി അധ്യക്ഷൻ മുസ്ലീം ബുദ്ധിജീവികളെ കണ്ടത്. രാഹുലിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. ഒരു പ്രത്യേക മതത്തിനോ വിഭാഗത്തിനോ വേണ്ടിയുള്ള ഒരു അജൻഡയും പാർട്ടിക്കില്ലെന്ന് രാഹുൽ അവരോട് പറഞ്ഞു. നീതിയുടെ വിതരണത്തിൽ കേന്ദ്രീകരിച്ച് 'എല്ലാവർക്കും വേണ്ടിയുള്ള അജൻഡ'യാണ് പാർട്ടിയ്ക്കുള്ളതെന്നും രാഹുൽ പറഞ്ഞു.

കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബിജെപിക്കൊപ്പം പോയ ഹിന്ദുക്കളുടെ വോട്ട് നേടാൻ കോൺഗ്രസ് 'മൃദു ഹിന്ദുത്വ'നയം സ്വീകരിക്കുന്നുണ്ടെന്നും ഇത് മുസ്ലീം സമൂഹത്തിന് ഭീഷണിയായാണ് അനുഭവപ്പെടുന്നതെന്നും മുസ്ലീം ബുദ്ധിജീവികൾ രാഹുൽ ഗാന്ധിയോട് പറഞ്ഞു- പിടിഐ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ പാർട്ടി അതിന്റെ അടിസ്ഥാന പ്രത്യയശാസ്ത്രത്തിൽ ഒരു വിട്ടുവീഴ്ചയും നടത്തില്ലെന്നും ഒരാൾക്കു മേലും അനീതി നടപ്പാവാൻ പാർട്ടി അനുവദിക്കില്ലെന്നും രാഹുൽ ഗാന്ധി ഇവർക്ക് ഉറപ്പുകൊടുത്തെന്നാണ് റിപ്പോർട്ടുകൾ. ബിജെപിയുടെ ചിന്താധാര വിഭജനത്തിന്റേതും കോൺഗ്രസിന്റേത് ഉൾക്കൊള്ളലിന്റേതുമാണെന്നും പാർട്ടിക്ക് എല്ലാവരേയും ഒരുമിച്ച് കൊണ്ടുപോകേണ്ടതുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞതായും പാർട്ടിയോടടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ഭരിക്കുന്ന പാർട്ടിക്കും പ്രത്യേകിച്ച് ഒന്നും എടുത്തുകാണിക്കാ‍നില്ല. അതുകൊണ്ട് അവർക്ക് ഏതെങ്കിലും വൈകാരിക വിഷയങ്ങളിലേയ്ക്ക് അവരുടെ ശ്രദ്ധതിരിക്കേണ്ടതുണ്ട്. ദളിതരെയും മുസ്ലീങ്ങളെയും പൊതുനിരത്തിൽ കൊന്ന് തള്ളിയും ജനങ്ങൾക്കിടയിൽ വിഭജനമുണ്ടാക്കിയും അവരുണ്ടാക്കുന്ന ആഖ്യാനങ്ങൾ അതിനുകൂടി വേണ്ടിയാണ്- രാഹുൽ ഗാന്ധി പറഞ്ഞു. മുൻ പ്ലാൻസിംഗ് കമ്മീഷനംഗം സ്യേദ ഹമീദ്, ജെ‌എൻ‌യു അധ്യാപകൻ സോയ ഹസൻ, അലിഗഢ് സർവകലാശാല മുൻ പ്രസിഡന്റ് സെഡ്.കെ ഫൈസാൻ, വിദ്യാഭ്യാസ വിചക്ഷണൻ ഇല്യാസ് മാലിക്, വിരമിച്ച കേന്ദ്ര ഉദ്യോഗസ്ഥനായ എ.എഫ് ഫാറൂഖി തുടങ്ങിയവരുമായായിരുന്നു കൂടിക്കാഴ്ച. മുൻ മന്ത്രി സൽമാൻ ഖുർഷിദ്, കോൺഗ്രസ് ന്യൂനപക്ഷ കമ്മീഷൻ തലവൻ നദീം ജാവേദ് തുടങ്ങിയവരും സന്നിഹിതരായിരുന്നു

Read More >>