സന്ദർശനാനുമതി നിഷേധിച്ചിട്ടും രാഹുല്‍ ഗാന്ധി സഹാരന്‍പൂരിലേക്ക് യാത്ര തിരിച്ചു

ഉത്തര്‍പ്രദേശ് പൊലീസാണ് രാഹുലിന് സന്ദർശനാനുമതി നിഷേധിച്ചത്. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, രാജ് ബബ്ബാര്‍ എന്നിവരും രാഹുലിനെ അനുഗമിക്കുന്നുണ്ട്. രാഹുലിന്റെ സഹാരന്‍പൂര്‍ സന്ദര്‍ശനം 'രാഷ്ട്രീയ വിനോദ സഞ്ചാരം' ആണെന്ന് ബി ജെ പി കുറ്റപ്പെടുത്തി.

സന്ദർശനാനുമതി നിഷേധിച്ചിട്ടും രാഹുല്‍ ഗാന്ധി സഹാരന്‍പൂരിലേക്ക് യാത്ര തിരിച്ചു

സന്ദർശനാനുമതി നിഷേധിച്ചിട്ടും ഉത്തര്‍പ്രദേശിലെ കലാപബാധിത പ്രദേശമായ സഹാരന്‍പൂരിലേക്ക് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യാത്ര തിരിച്ചു. കോണ്‍ഗ്രസ് നേതാക്കളായ ഗുലാം നബി ആസാദ്, രാജ് ബബ്ബാര്‍ എന്നിവരും രാഹുലിനെ അനുഗമിക്കുന്നുണ്ട്. ഉത്തര്‍പ്രദേശ് പൊലീസാണ് രാഹുലിന് സന്ദർശനാനുമതി നിഷേധിച്ചത്. ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ നിന്ന് 181 കിലോമീറ്റര്‍ ദൂരെയുള്ള സഹാരന്‍പൂരിലേക്ക് രാഹുല്‍ യാത്ര തിരിച്ചത്.

രാഹുല്‍ ഗാന്ധിക്ക് സഹാരന്‍പൂരിൽ സന്ദർശനാനുമതി നിഷേധിച്ച കാര്യം മുതിര്‍ന്ന പൊലീസുദ്യോഗസ്ഥന്‍ ആദിത്യ മിശ്ര കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. സഹാരന്‍പൂരില്‍ ദളിത് വിഭാഗത്തിന് നേരെ കഴിഞ്ഞ ഒരു മാസമായി ആക്രമണം നടന്നുവരികയാണ്.

രാഹുലിന്റെ സന്ദര്‍ശനം 'രാഷ്ട്രീയ വിനോദ സഞ്ചാരം' ആണെന്ന് ബി ജെ പി കുറ്റപ്പെടുത്തി. ''രാഹുലിന് കുറെയേറെ ഫോട്ടോകള്‍ എടുക്കേണ്ടതുണ്ട്. അതിനായാണ് സഹാരന്‍പൂരിൽ വരുന്നത്. സര്‍ക്കാര്‍ അദ്ദേഹത്തെ സഹാരന്‍പൂര്‍ സന്ദര്‍ശിക്കാന്‍ അനുവദിക്കില്ല''- ഉത്തര്‍പ്രദേശ് മന്ത്രി സിദ്ധാര്‍ത്ഥ് നാഥ് സിങ്ങ് പറഞ്ഞു.

ബഹുജന്‍ സമാജ് പാര്‍ട്ടി അണികള്‍ക്കു നേരെ കഴിഞ്ഞ ദിവസം ഒരു സംഘം നടത്തിയ അക്രമത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ കൊല്ലപ്പെട്ടിരുന്നു. ബി എസ് പി നേതാവ് മായാവതിയുടെ നേതൃത്വത്തിലുള്ള ഗൂഢാലോചനയുടെ ഫലമായാണ് പ്രദേശത്ത് അക്രമം നടക്കുന്നതെന്നാണ് സംസ്ഥാന സർക്കാർ പറയുന്നത്.