കണ്ണൂരിലെ വിഡ്ഢിക്കശാപ്പ്: വെട്ടിലായി കോണ്‍ഗ്രസ് നേതൃത്വം; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

പശുരാഷ്ട്രീയത്തിന് ഏറെ പ്രാധാന്യമുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഈ ദൃശ്യങ്ങള്‍ കോണ്‍ഗ്രസിന് കനത്ത തിരിച്ചടിനല്‍കുമെന്നുറപ്പാണ്. ദേശീയ മാധ്യമങ്ങള്‍ക്കൂടി വിഷയം ഏറ്റെടുത്തതോടെ കോണ്‍ഗ്രസ് നേതൃത്വത്തിനകത്ത് കശാപ്പ് സമര രീതിയോട് കടുത്ത വിയോജിപ്പ് രൂപപ്പെട്ടു. ഈ സാഹചര്യത്തിലാണ് ബീഫ് നിരോധനത്തോടുപോലും കാര്യമായി പ്രതികരിക്കാതിരുന്ന രാഹുല്‍ കനത്ത ഭാഷയില്‍ കശാപ്പ് സമരത്തെ തള്ളിപ്പറഞ്ഞത്.

കണ്ണൂരിലെ വിഡ്ഢിക്കശാപ്പ്: വെട്ടിലായി കോണ്‍ഗ്രസ് നേതൃത്വം; ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

കണ്ണൂരില്‍ യൂത്തുകോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന പരസ്യ കശാപ്പിനെതിരെ രാഹുല്‍ ഗാന്ധി. കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടന്ന സംഭവം എടുത്തുചാട്ടവും അപരിഷ്‌കൃതവുമാണ്. തനിക്കും കോണ്‍ഗ്രസിനും അത് അസ്വീകാര്യമാണ്. സംഭവത്തില്‍ ശക്തമായി അപലിക്കുന്നതായും രാഹുല്‍ ട്വിറ്റര്‍ പോസ്റ്റില്‍ വ്യക്തമാക്കി.

കണ്ണൂരിലെ പരസ്യ കശാപ്പിനെ അനുകൂലിച്ച് കെപിസിസി പ്രസിഡന്റ് രംഗത്ത് വന്നിരുന്നു. കേരളമൊട്ടാകെ ഇതുപോലുള്ള സമര രീതികള്‍ വ്യപിപ്പിക്കുമെന്നും കശാപ്പ് നിരോധന നിയമത്തിനെതിരെയുള്ള സ്വാഭാവികമായ പ്രതികരണമാണ് കണ്ണൂരിലേതെന്നുമാണ് ഹസന്‍ വ്യക്തമാക്കിയത്. എന്നാല്‍ എഐസിസി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംഭവം കയ്യൊഴിഞ്ഞതോടെ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്.

നേരത്തെ ബീഫ് വിഷയം ഉയര്‍ന്നപ്പോള്‍ ഇടതുസംഘടനകള്‍ ബീഫ് ഫെസ്റ്റുമായി രംഗത്തെത്തിയിരുന്നു. പുതിയ സാഹചര്യത്തില്‍ ബീഫ് ഫെസ്റ്റ് പ്രതിരോധവുമായി ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ളവര്‍ സമരത്തിനിറങ്ങിയതോടെ വേറിട്ട സമരമാര്‍ഗ്ഗങ്ങള്‍ യൂത്ത് കോണ്‍ഗ്രസ് തേടുകയായിരുന്നു. കഴിഞ്ഞ ദിവസം ചങ്ങരംകുളം ഹൈവേയില്‍ ബീഫ് വെട്ടി വിറ്റുകൊണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക ഘടകം രംഗത്തെത്തി. ബീഫ് ഫെസ്റ്റ് ഉള്‍പ്പെടെയുള്ള ഭക്ഷണ സമരങ്ങള്‍ക്ക് ആവശ്യമായ മാംസം അംഗീകൃത അറവുശാലകളില്‍നിന്നാണ് ശേഖരിക്കുന്നത്.

ഈഘട്ടത്തിലാണ് തികച്ചും വേറിട്ട സമരമാര്‍ഗ്ഗമെന്ന നിലയില്‍ യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലാ കമ്മിറ്റി പൊതുനിരത്തില്‍വെച്ച് മാടിനെ പരസ്യമായി കശാപ്പ് ചെയ്ത് വില്‍പ്പന നടത്താന്‍ തീരുമാനിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന നേതാവ് റിജില്‍ മാക്കുറ്റിയുടെ നേതൃത്വത്തില്‍ നടന്ന സമര പരിപാടിയില്‍ നിരത്തില്‍വെച്ച് മാടിനെയറുക്കാനാണ് ആദ്യം തീരുമാനിച്ചത്. പിന്നീട് പരിപാടി വാഹനത്തിലേക്ക് മാറ്റി. കുട്ടികളുള്‍പ്പെടെ നോക്കി നില്‍ക്കെ നടന്ന കശാപ്പ് മുഴുവന്‍ മാധ്യമങ്ങളും ചിത്രീകരിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ഉപയോഗിച്ചുകൊണ്ട് കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ടി പ്രവര്‍ത്തകര്‍ പശുവിനെ അറുക്കുന്നുവെന്ന പ്രചരണം ബിജെപി നേതാക്കള്‍ ദേശീയ തലത്തില്‍ ആരംഭിക്കുകയായിരുന്നു.