റഫാൽ കരാർ: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് റിപ്പോർട്ട്; അഴിമതി ആരോപണം ശരിവെക്കുന്നുവെന്ന് കണ്ടെത്തൽ

റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്നു കേന്ദ്രം സുപ്രിംകോടതിയില്‍ വ്യക്തമാക്കിയത് കഴിഞ്ഞ വര്‍ഷമാണ്.

റഫാൽ കരാർ: പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടുവെന്ന് റിപ്പോർട്ട്; അഴിമതി ആരോപണം ശരിവെക്കുന്നുവെന്ന് കണ്ടെത്തൽ

റഫാല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസ് ഫ്രഞ്ച് കമ്പനിയുമായി സമാന്തര ചര്‍ച്ചകള്‍ നടത്തിയിരുന്നതിന്റെ തെളിവുകള്‍ പുറത്ത്. പ്രധാനമന്ത്രിയുടെ ഓഫീസ് നടത്തിയ ഇടപെടലില്‍ പ്രതിഷേധിച്ച് പ്രതിരോധമന്ത്രാലയ സെക്രട്ടറി തയ്യാറാക്കിയ കുറിപ്പ് സഹിതം ദി ഹിന്ദു പത്രമാണ് ഇത് റിപ്പോർട്ട് ചെയ്തത്.

2015 നവംബര്‍ 24ല്‍ എഴുതിയ കുറിപ്പാണിത്. പ്രതിരോധമന്ത്രാലയത്തിന്റെ ടീമിന്റെ നിലപാടിനു വിരുദ്ധമായ തീരുമാനമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് എടുത്തിരിക്കുന്നതെന്നാണ് കുറിപ്പിലെ വിവരം. പ്രതിരോധ സെക്രട്ടറിയായിരുന്ന ജി മോഹന്‍കുമാര്‍ ആണ് കുറിപ്പ് തയ്യാറാക്കിയത്. പ്രതിരോധമന്ത്രാലയം നടത്തിയ ചര്‍ച്ചകളുടെ ഫലത്തില്‍ പ്രധാനമന്ത്രി ഓഫീസിനു വിശ്വാസമില്ലെങ്കില്‍ പ്രധാനമന്ത്രി ഓഫീസ് നേരിട്ട് ഇവ ചെയ്യണമെന്നും കുറിപ്പില്‍ ജി മോഹന്‍ കുമാര്‍ ആവശ്യപ്പെടുന്നു.

റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന് പങ്കില്ലെന്നു കേന്ദ്രം സുപ്രിംകോടതിയില്‍ വ്യക്തമാക്കിയത് കഴിഞ്ഞ വര്‍ഷമാണ്. ഈ വാദം ഖണ്ഡിക്കുന്നതാണ് പ്രതിരോധമന്ത്രാലയത്തില്‍ നിന്നു പുറത്തായ കുറിപ്പ്. റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ട വിവരം കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ നിന്നു മറച്ചുവച്ചത് കോടതിയലക്ഷ്യമാണെന്ന് പത്രാധിപര്‍ എന്‍ റാം വ്യക്തമാക്കി.

അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെ ഓഫ്‌സെറ്റ് പങ്കാളിയാക്കിയതും കൂടിയ തുകയ്ക്ക് സാങ്കേതിക വിദ്യ കൈമാറ്റം പോലുമില്ലാതെ പഴയ കരാര്‍ ഒഴിവാക്കി ദാസ്സൗള്‍ട്ട് ഡിഫന്‍സുമായി കരാര്‍ പുതുക്കിയതും വന്‍ അഴിമതിക്കു വേണ്ടിയാണെന്ന കോണ്‍ഗ്രസ് ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തായ കുറിപ്പ്.