രോഹിത് വെമുല സ്തൂപം ജയിലിലാണ്, എനിക്കൊപ്പം സര്‍വ്വകലാശാല മെയ്ന്‍ ഗേറ്റില്‍ ഒത്തുചേരൂ; രാധികാ വെമുല

രോഹിത് സ്തൂപത്തിന് ശ്രദ്ധാഞ്ജലിയര്‍പ്പിക്കാനായി രോഹിതിന്റെ അടുത്ത ബന്ധുക്കളായ ആരെയും പൊതു ഇടമായ സര്‍വ്വകലാശാലയിലേക്ക് കയറ്റിവിടുന്നില്ല. സ്തൂപം ഒരു ജയിലില്‍ സൂക്ഷിച്ചതുപോലെയാണിപ്പോള്‍.

രോഹിത് വെമുല സ്തൂപം ജയിലിലാണ്, എനിക്കൊപ്പം സര്‍വ്വകലാശാല മെയ്ന്‍ ഗേറ്റില്‍ ഒത്തുചേരൂ; രാധികാ വെമുല

ഹെെദരാബാദ് കേന്ദ്ര സര്‍വ്വകലാശാലയില്‍ രോഹിത് വെമുലയുടെ വ്യവസ്ഥാപിത ജാതി കൊലപാതകം നടന്നിട്ട് ജനുവരി 17ന് രണ്ട് വര്‍ഷം പൂര്‍ത്തിയാകുന്നു. രോഹിതിന്‍റെ കൊലപാതകത്തില്‍ പ്രധാന കുറ്റാരോപിതനായ വെെസ് ചാന്‍സലര്‍ അപ്പാറാവു ഇപ്പോഴും സര്‍വ്വകലാശാലയില്‍ തുടരുകയാണ്. രാധിക വെമുലയ്ക്ക് സര്‍വ്വകലാശാലയില്‍ പ്രവേശനമില്ല. രോഹിത് വെമുല ഷഹാദത് ദിവസത്തിലേക്ക് സംഘപരിവാര്‍വിരുദ്ധരായ എല്ലാവരെയും ക്ഷണിച്ചുകൊണ്ട് രാധിക വെമുല എഴുതിയ കത്ത്.

എന്റെ പ്രിയപ്പെട്ട അംബേദ്കറൈറ്റുകളേ, സഖാക്കളേ,

രോഹിത് ജാതീയമായ ഈ ലോകം വിട്ട ശേഷം, ആര്‍എസ്എസ്- ബിജെപി സര്‍ക്കാരിനെതിരെ എല്ലാ ഫാസിസ്റ്റ് വിരുദ്ധ ശക്തികളെയും ഒരുമിച്ചു ചേര്‍ക്കാന്‍ ശ്രമിക്കുകയാണ് നമ്മള്‍, എല്ലാവരുമൊത്തുചേര്‍ന്ന്. ഈ കാലയളവില്‍ എന്നെ പല രാഷ്ട്രീയ പാര്‍ട്ടികളും ക്ഷണിക്കുകയുണ്ടായി. പല സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍, എന്‍ജിഓകള്‍, വിദ്യാര്‍ത്ഥി സംഘടനകള്‍, അവരുടെ പ്രക്ഷോഭങ്ങളിലെല്ലാം ഞാന്‍ പങ്കെടുത്തിട്ടുമുണ്ട്.

തുല്യതയ്ക്കും സാഹോദര്യത്തിനും വേണ്ടി രോഹിത് നടത്തിയ അന്തിമ ത്യാഗത്തിന്റെ സ്മരണയ്ക്കായാണ് രോഹിത് സ്തൂപം സ്ഥാപിച്ചിരിക്കുന്നത്. രോഹിത് സ്തൂപത്തിന് ശ്രദ്ധാഞ്ജലിയര്‍പ്പിക്കാനായി രോഹിതിന്റെ അടുത്ത ബന്ധുക്കളായ ആരെയും പൊതു ഇടമായ സര്‍വ്വകലാശാലയിലേക്ക് കയറ്റിവിടുന്നില്ല. സ്തൂപം ഒരു ജയിലില്‍ സൂക്ഷിച്ചതുപോലെയാണിപ്പോള്‍.

ജനുവരി 17ന് എന്റെ മകന്‍ രോഹിത് വെമുലയുടെ രക്തസാക്ഷി ദിനമാണ്. രാജ്യമെമ്പാടും പരിപാടികളില്‍ പങ്കെടുക്കാന്‍ എന്നെ ക്ഷണിച്ച ഓരോരുത്തരെയും രോഹിത് സ്തൂപത്തിനടിയില്‍ രോഹിതിന്റെ അസ്ഥികള്‍ സൂക്ഷിച്ചിരിക്കുന്ന ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയിലേക്ക് ക്ഷണിക്കുന്നു. എനിക്കൊപ്പം രോഹിതിന് ശ്രദ്ധാഞ്ജലിയര്‍പ്പിക്കാന്‍ ഒത്തുചേരുക.

ജനുവരി 17ന് ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി മെയ്ന്‍ ഗേറ്റില്‍ ഞങ്ങള്‍ നിങ്ങളുടെ സാന്നിധ്യം ആഗ്രഹിക്കുന്നു.

ജയ് ഭീം, ലാല്‍ സലാം.

രാധിക വെമുല.

Read More >>