പഞ്ചാബില്‍ ആപ്പിന്റെ കെട്ടഴിച്ചത് ഡല്‍ഹി നേതാക്കള്‍; ദേശീയ പാര്‍ട്ടിയാകാന്‍ എഎപിയ്ക്ക് ഒരു കെജ്രിവാല്‍ മാത്രം പോരാ

ആംആദ്മി പാര്‍ട്ടി പഞ്ചാബില്‍ ഭരണം പിടിക്കുമെന്നും ഗോവയില്‍ നിര്‍ണായക ശക്തിയാകുമെന്നും കരുതിയവര്‍ ചെറുതല്ല. ആപ്പ് പഞ്ചാബില്‍ വലിയ ഒറ്റകക്ഷിയാകുമെന്ന രീതിയിലുള്ള പ്രവചനങ്ങളുമുണ്ടായിരുന്നു. 20 സീറ്റ് കിട്ടിയ ആംആദ്മി പാര്‍ട്ടിയ്ക്ക് പഞ്ചാബിലെ പ്രതിപക്ഷ പാര്‍ട്ടിയെന്ന ആശ്വാസം മാത്രമാണുള്ളത്. ഗോവയിലാകട്ടെ അക്കൗണ്ട് തുറക്കാനും പാര്‍ട്ടിക്ക് കഴിഞ്ഞില്ല.

പഞ്ചാബില്‍ ആപ്പിന്റെ കെട്ടഴിച്ചത് ഡല്‍ഹി നേതാക്കള്‍; ദേശീയ പാര്‍ട്ടിയാകാന്‍ എഎപിയ്ക്ക് ഒരു കെജ്രിവാല്‍ മാത്രം പോരാ

ആംആദ്മി പാര്‍ട്ടിയുടെ ആത്മവിശ്വാസവും കണക്കുകൂട്ടലും പഞ്ചാബിലും ഗോവയിലും പിഴച്ചതിന് കാരണങ്ങളേറെ. അരവിന്ദ് കെജ്രിവാളില്‍ കേന്ദ്രീകരിച്ച് പ്രചരണം നടത്തിയ പാര്‍ട്ടിക്ക് ഉയര്‍ത്തിക്കാട്ടാന്‍ പഞ്ചാബില്‍ നിന്ന് നേതാക്കളില്ലാതെ പോയി. മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുമെന്ന സൂചനയുണ്ടായിരുന്ന പാര്‍ലമെന്റംഗം ഭഗവത് മന്‍ ജലാലാബാദില്‍ മൂന്നാം മൂന്നാം സ്ഥാനത്തായി. ഡല്‍ഹിയില്‍ നിന്നുള്ള ജര്‍ണൈല്‍ സിംഗിനേയും എച്ച് എസ് ഫൂല്‍ക്കയേയും പഞ്ചാബില്‍ മത്സരത്തിനിറക്കിയെങ്കിലും അതും ഫലം കണ്ടില്ല.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നാല് സീറ്റ് കിട്ടിയ ആംആദ്മി പാര്‍ട്ടിക്ക് 26 ശതമാനം വോട്ട് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ രണ്ട് ശതമാനം വോട്ട് പാര്‍ട്ടിക്ക് നഷ്ടമായി. പാര്‍ട്ടിയ്ക്കുള്ളിലെ തര്‍ക്കങ്ങളും വിവാദങ്ങളുമാണ് പാര്‍ട്ടിക്ക് വോട്ട് നഷ്ടമുണ്ടാക്കിയത്. കഴിഞ്ഞ ആഗസ്റ്റില്‍ എഎപിയുടെ പഞ്ചാബ് കണ്‍വീനര്‍ സുചാസിംഗ് ഛോട്ടാപൂറിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതും ക്ഷീണമുണ്ടാക്കി.

മോദി തരംഗം ആഞ്ഞടിച്ച 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ നാല് പേര്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിച്ചു ജയിച്ചെങ്കിലും അവരില്‍ രണ്ട് പേര്‍ ഇപ്പോള്‍ പുറത്താണ്. അച്ചടക്കലംഘനം ആരോപിച്ച് ധരംവീര്‍ ഗാന്ധി, ഹരീന്ദര്‍ സിംഗ് ഖല്‍സ, എന്നിവരെയാണ് ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. ഇതും പാര്‍ട്ടിയെ പിന്തുണക്കുന്നവരില്‍ അസംതൃപ്തിയുണ്ടാക്കി.

ഡല്‍ഹിയില്‍ നിന്ന് തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നതില്‍ പഞ്ചാബിലെ നേതാക്കള്‍ക്ക് അമര്‍ഷമുണ്ടായിരുന്നു.ഡല്‍ഹിയില്‍ നിന്നുള്ള ദുര്‍ഗേഷ് പഥക് ആയിരുന്നു സ്ഥാനാര്‍ത്ഥി കാര്യങ്ങളില്‍ തീരുമാനമെടുത്തിരുന്നത്. 14 മേഖലാ കോര്‍ഡിനേറ്റര്‍മാരും 39 സംസ്ഥാന കോര്‍ഡിനേറ്റര്‍മാരും ഡല്‍ഹിയില്‍ നിന്നുള്ളവര്‍. ഡല്‍ഹി 'ഹെക്കമാന്‍ഡിന്റെ' ഇടപെടല്‍ പഞ്ചാബില്‍ 'ഇന്‍സൈഡ്', ഔട്ട്് സൈഡ് എന്ന് നേതാക്കളെ രണ്ടായി തിരിച്ചു.

പഞ്ചാബിനെ അറിയാത്ത പ്രചരണമായിരുന്നു ആപ്പ് പഞ്ചാബില്‍ നടത്തിയതെന്ന വിമര്‍ശനങ്ങളും ശക്തമായിരുന്നു. പാര്‍ട്ടി പ്രകടന പത്രികയില്‍ സുവര്‍ണ ക്ഷേത്രത്തിന് മുകളിലായി ചിഹ്നമായ ചൂല്‍ അച്ചടിച്ച് വന്നത് വിവാദമായിരുന്നു. അഴിമതിയും സുതാര്യതയും മുഖമുദ്രയെന്ന് അവകാശപ്പെടുന്ന എഎപി തെരഞ്ഞെടുപ്പ് സംഭാവനകള്‍ വെളിപ്പെടുത്തിയില്ലെന്ന വിമര്‍ശവും ഉയര്‍ന്നിരുന്നു.

ഗോവയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എല്‍വിസ് ഗോമസ് ഉള്‍പ്പെടെ എല്ലാവരും തോറ്റു. കെജ്രിവാളിനൊപ്പം നില്‍ക്കാവുന്ന സംസ്ഥാന നേതാക്കലെ വളര്‍ത്തിയെടുക്കക ,ഡല്‍ഹിയില്‍ വിജയിച്ച തന്ത്രങ്ങള്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് പാകമാകില്ല എന്നിവയാണ് ദേശീയ പാര്‍ട്ടിയാകാന്‍ ആംആദ്മി പാര്‍ട്ടി പഠിക്കേണ്ടത്.