വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുമോ? പൂനെയിലെ റോഡുകളിൽ സാക്ഷാൽ യമരാജൻ കാത്തിരിക്കുന്നു!

ആരെങ്കിലും ഫോണില്‍ സംസാരിച്ചു കൊണ്ടുവാഹനമോടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ യമരാജന്‍ വണ്ടി നിര്‍ത്തിക്കും. എന്നിട്ട് 'എന്റെയൊപ്പം വരുന്നോ?' എന്നു മറാത്തിയില്‍ ചോദിക്കും. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ മരണം മാത്രമാണു ഫലം എന്നു മനസ്സിലാക്കി കൊടുക്കുകയാണ് ഇതിലൂടെ.

വാഹനമോടിക്കുമ്പോൾ ഫോൺ ഉപയോഗിക്കുമോ? പൂനെയിലെ റോഡുകളിൽ സാക്ഷാൽ യമരാജൻ കാത്തിരിക്കുന്നു!

വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുന്നത് അപകടമാണെന്ന് എല്ലാവര്‍ക്കും അറിയാം. എത്രയൊക്കെ താക്കീതുകള്‍ നല്‍കിയാലും ഡ്രൈവിങ്ങിനിടയിലെ ഫോണ്‍ ഉപയോഗത്തിനു കുറവൊന്നും ഇല്ലാത്തതു ട്രാഫിക് പൊലീസിനു വലിയ തലവേദനയാണ്.

അതുകൊണ്ടാണു പൂനെ ട്രാഫിക് പൊലീസ് ശരിക്കും യമരാജാവിനെത്തന്നെ അവതരിപ്പിക്കാന്‍ തീരുമാനിച്ചത്. വണ്ടിയോടിക്കുമ്പോള്‍ ഫോൺ ഉപയോഗിക്കുന്നവര്‍ മരണദേവനെ കണ്ടോട്ടെ. മെയ് 13 മുതല്‍ നഗരത്തില്‍ സന്ദേശവുമായി യമരാജാവിനെ കൊണ്ടുവരാനാണു തീരുമാനം. ഡ്രൈവിങ്ങും ഫോണില്‍ സംസാരവും ഒന്നിച്ചു കൊണ്ടുപോകുന്നവര്‍ക്കു വെളിപാടുണ്ടായിക്കോട്ടെ എന്നതാണു ലക്ഷ്യം.

ആരെങ്കിലും ഫോണില്‍ സംസാരിച്ചു കൊണ്ടുവാഹനമോടിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ യമരാജന്‍ വണ്ടി നിര്‍ത്തിക്കും. എന്നിട്ട് 'എന്റെയൊപ്പം വരുന്നോ?' എന്നു മറാത്തിയില്‍ ചോദിക്കും. വാഹനമോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ മരണം മാത്രമാണു ഫലം എന്നു മനസ്സിലാക്കി കൊടുക്കുകയാണ് ഇതിലൂടെ.

പൂനെ ട്രാഫിക് പൊലീസിലെ അസ്സിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ എം പി സര്‍താപെയുടെ ബുദ്ധിയില്‍ വിരിഞ്ഞതാണ് ഈ ആശയം. അതിനു ഡെപ്യൂട്ടി കമ്മീഷണര്‍ (ട്രാഫിക്) അശോക് മൊറാലെ സമ്മതം നല്‍കുകയും ചെയ്തു. മദ്യപിച്ചു വാഹനമോടിക്കുന്നവര്‍ക്കായി ചെന്നൈ ട്രാഫിക് പൊലീസ് പരീക്ഷിച്ച ആശയമാണിത്.

'മരണഭയം ഒന്നാന്തരം മരുന്നാണ്. പരമ്പരാഗതമായി ഹിന്ദു സംസ്‌കാരത്തില്‍ മിക്കവര്‍ക്കും യമരാജനെ പേടിയാണ്. ആ പേടി പ്രയോജനപ്പെടുത്തലാണു ഞങ്ങളുടെ പദ്ധതി'- സര്‍താപെ പറഞ്ഞു.

'ഫലം ആസന്നമാകുമ്പോള്‍ എന്തെങ്കിലും പ്രവര്‍ത്തിക്കാന്‍ തുടങ്ങുമെന്നതു മനുഷ്യന്റെ സ്വഭാവമാണ്. അതുപോലെ, തിരിച്ചടി ഉണ്ടാകുമെന്നാണെങ്കില്‍ അവര്‍ പ്രവര്‍ത്തികളില്‍ നിന്നും പിന്മാറുകയും ചെയ്യും. വലിയ പിഴയീടാക്കുന്നതു അത്രയ്ക്കു ഫലം തരില്ല. എന്നാല്‍, യമരാജന്റെ മുഖം കാണുമ്പോള്‍ അവരൊന്നു ഭയക്കുകയും ചെയ്യും. അടുത്ത തവണ വണ്ടിയോടിക്കുമ്പോള്‍ ഫോണ്‍ ഉപയോഗിക്കുകയുമില്ല'- സര്‍താപെ കൂട്ടിച്ചേര്‍ത്തു.

ഒരു സ്വകാര്യ സ്ഥാപനത്തില്‍ സെക്യൂരിറ്റി ആയി ജോലി ചെയ്യുന്ന അപ്പാ അഖാഡെയാണു യമരാജവേഷം കെട്ടുന്നത്. സ്വമേധയാ വേഷം കെട്ടാന്‍ എത്തിയതാണദ്ദേഹം.

'അവബോധം ഉണ്ടാക്കാന്‍ ട്രാഫിക് പൊലീസിനെ സഹായിക്കേണ്ടതു എന്റെ കടമയാണെന്നു തോന്നി. എന്റെ രൂപം ഇതിനു യോജിച്ചതാണ്. അതുകൊണ്ടാണു അപേക്ഷയുമായി പൊലീസ് വന്നപ്പോള്‍ അപ്പോള്‍ത്തന്നെ സമ്മതിച്ചത്. എന്റെ യമരാജവേഷം ഫോണില്‍ സംസാരിച്ചു കൊണ്ടു വാഹനമോടിക്കുന്നവരുടെ എണ്ണം കുറയ്ക്കാന്‍ സഹായിക്കുമെങ്കില്‍ ഞാന്‍ സമൂഹത്തിനു വേണ്ടി എന്തെങ്കിലും ചെയ്‌തെന്നു തോന്നും'- അപ്പാ അഖാഡെ പറയുന്നു.

വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നതിലെ അപകടങ്ങളെക്കുറിച്ചു ധാരാളം അവബോധന യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും കഴിഞ്ഞമാസം മാത്രം പൂനെയില്‍ 264 ഡ്രൈവിങ് ലൈസന്‍സുകളാണു പിടിച്ചെടുത്തു റദ്ദാക്കാന്‍ അയച്ചത്. പുതിയ പദ്ധതിയിലൂടെ എന്തെങ്കിലും പുരോഗതി ഉണ്ടാകുമെന്നാണു പൂനെ ട്രാഫിക് പൊലീസ് പ്രതീക്ഷിക്കുന്നത്.