മൂത്രപാനം, മലവിസര്‍ജ്ജന ഭക്ഷണം എന്നീ സമരരീതികളുമായി ജന്തര്‍മന്ദിറില്‍ തമിഴ്നാട്ടിലെ കര്‍ഷകര്‍

38 ദിവസങ്ങള്‍ക്കു മുന്‍പാണ് ഇവര്‍ ഡല്‍ഹിയില്‍ സമരവുമായി എത്തിയത്. ആത്മഹത്യ ചെയ്ത കര്‍ഷകരെ പ്രതിനിധീകരിച്ചു കൈകളില്‍ തലയോട്ടി ഏന്തിയും, എലിയെയും പാമ്പിനെയും കടിച്ചു ഭക്ഷിക്കുന്നതും, വിവസ്ത്രരാകുന്നതുമെല്ലാമായിരുന്നു ഇതുവരെ ഇവരുടെ സമരരീതികള്‍.

മൂത്രപാനം, മലവിസര്‍ജ്ജന ഭക്ഷണം എന്നീ സമരരീതികളുമായി ജന്തര്‍മന്ദിറില്‍ തമിഴ്നാട്ടിലെ കര്‍ഷകര്‍

നാളിതുവരെ പരിചിതമല്ലാത്ത സമരരീതികളുമായി തമിഴ്നാട്ടിലെ കര്‍ഷകര്‍ ജന്തര്‍ മന്ദിറില്‍ സമരം തുടരുന്നു. സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കാത്ത പക്ഷം ശനിയാഴ്ച 'മൂത്രപാന' സമരത്തിനു ഒരുങ്ങുകയാണ് ഇവര്‍. കേന്ദ്രത്തില്‍ നിന്ന് തുടര്‍ന്നും നിര്‍ജ്ജീവമായ പ്രതികരണമാണ് ഉണ്ടാകുന്നതെങ്കില്‍ മനുഷ്യവിസ്സര്‍ജ്ജനം ഭക്ഷിച്ചും തങ്ങള്‍ പ്രതിഷേധം രേഖപ്പെടുത്തും എന്ന് ഇവര്‍ പറയുന്നു.

38 ദിവസങ്ങള്‍ക്കു മുന്‍പാണ് ഇവര്‍ ഡല്‍ഹിയില്‍ സമരവുമായി എത്തിയത്. ആത്മഹത്യ ചെയ്ത കര്‍ഷകരെ പ്രതിനിധീകരിച്ചു കൈകളില്‍ തലയോട്ടി ഏന്തിയും, എലിയെയും പാമ്പിനെയും കടിച്ചു ഭക്ഷിക്കുന്നതും, വിവസ്ത്രരാകുന്നതുമെല്ലാമായിരുന്നു ഇതുവരെ ഇവരുടെ സമരരീതികള്‍. കര്‍ഷകരുടെ ദുരിതം വിവരിക്കുന്നതിന് പ്രതീകാത്മകമായി ചമ്മട്ടി പ്രഹരവും ശവസംസ്ക്കാര ചടങ്ങുകളും ഇവര്‍ നടത്തിയിരുന്നു. തുടര്‍ന്നാണ്‌ ഇപ്പോള്‍ കുപ്പികളില്‍ ശേഖരിച്ച മൂത്രവുമായി ഇവര്‍ സര്‍ക്കാരിന്റെ പ്രതികരണം കാത്തിരിക്കുന്നത്.

"ഞങ്ങള്‍ക്ക് കുടിക്കാന്‍ വെള്ളം ലഭിക്കുന്നില്ല. പ്രധാനമന്ത്രി ഞങ്ങളുടെ ദാഹം കണ്ടില്ലെന്നു നടിക്കുകയാണ്. അങ്ങനെയങ്കില്‍ മൂത്രം പാനം ചെയ്യുകയാണ് ഇനി ഞങ്ങളുടെ മുന്‍പിലുള്ള പോംവഴി" തെന്നിന്ത്യന്‍ നദീസംയോജന കര്‍ഷകസമിതിയുടെ നേതാവായ അയ്യക്കണ്ണ് പറയുന്നു.

"ഇത്തരം വിഭിന്നമായ സമരരീതികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ തങ്ങളെ നിര്‍ബന്ധിക്കുകയാണ്. പ്രധാനമന്ത്രി ഞങ്ങളെ കേള്‍ക്കാന്‍ തയ്യാറായെങ്കില്‍ ഇങ്ങനെ ഉണ്ടാവില്ലായിരുന്നു. ജന്തര്‍ മന്ദിറിലെ സമരം ഞങ്ങള്‍ക്ക് ഇത്തരത്തില്‍ മുന്നോട്ടു കൊണ്ടുപോകേണ്ടതായും വരുമായിരുന്നില്ല."

തമിഴ്നാട്ടില്‍ നിന്നുള്ള ജനപ്രതിനിധിയായ മന്ത്രി പൊന്‍ രാധാകൃഷ്ണനുമായി ഇവര്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കാര്‍ഷിക വായ്പകല്‍ തിരിച്ചടവിന് ഒരു വര്‍ഷത്തെ ഇളവ്, പുതിയ വായ്പാ പദ്ധതികള്‍, ജപ്തി നടപടികള്‍ നിര്‍ത്തി വയ്ക്കും എന്നിങ്ങനെയുള്ള കാര്യങ്ങള്‍ മെയ്‌ 15 ന് മുന്‍പായി ധനമന്ത്രിയോട് സംസാരിച്ചു ഉറപ്പു നല്‍കാമെന്നാണ് പൊന്‍ രാധാകൃഷ്ണന്‍ അറിയിച്ചിരുന്നതെങ്കിലും അതുണ്ടായില്ല. കാവേരി മാനേജ്‌മന്റ്‌ ബോര്‍ഡ് എന്ന ആശയത്തോട് മന്ത്രി പ്രതികരിച്ചിരുന്നുമില്ല. തുടര്‍ന്നാണ്‌ സമരം കൂടുതല്‍ ശക്തമാകുന്നത്.