ആയുധനിർമ്മാണത്തിൽ സ്വകാര്യകമ്പനികളേയും ഉൾപ്പെടുത്താൻ സർക്കാർ തീരുമാനം

യുദ്ധസാമഗ്രികള്‍ നിര്‍മ്മിക്കുന്നതില്‍ സ്വകാര്യമേഖലയെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ ഔദ്യോഗികതലത്തില്‍ വിയോജിപ്പുകള്‍ ഉണ്ടായിരുന്നു. ഇതുകാരണം വിമാനങ്ങള്‍, മുങ്ങിക്കപ്പലുകള്‍, കരയില്‍ ഉപയോഗിക്കാനുള്ള വാഹനങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കാനുള്ള വലിയ ഓര്‍ഡറുകള്‍ പ്രതീക്ഷിച്ചിരുന്ന സ്വകാര്യ കമ്പനികള്‍ ആശങ്കയിലുമായിരുന്നു. കഴിഞ്ഞാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന മീറ്റിംഗില്‍ വച്ചാണ് തര്‍ക്കങ്ങള്‍ക്ക് അവസാനമുണ്ടായത്.

ആയുധനിർമ്മാണത്തിൽ സ്വകാര്യകമ്പനികളേയും ഉൾപ്പെടുത്താൻ സർക്കാർ തീരുമാനം

പ്രതിരോധ രംഗത്ത് സ്വകാര്യനിക്ഷേപം അനുവദിക്കാൻ സർക്കാർ തത്വത്തിൽ തീരുമാനിച്ചതായി ദി ഇക്കണോമിക് ടൈംസ് റിപ്പോട്ട് ചെയ്യുന്നു. ഇന്ത്യയുടെ സായുധസേനയ്ക്കാവശ്യമായ ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ സ്വകാര്യപങ്കാളിത്തം അനുവദിക്കാൻ കേന്ദ്ര സർക്കാർ പ്രതിരോധമന്ത്രാലയത്തിനു പച്ചക്കൊടി കാട്ടിയെന്നാണ് ഈ സാമ്പത്തിക ദിനപ്പത്രത്തിന്റെ റിപ്പോർട്ടിലുള്ളത്. പ്രധാനമന്ത്രിയുടെ ഓഫീസും പ്രതിരോധമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും പദ്ധതിയെ അനുകൂലിച്ചെന്നാണ് അറിയുന്നത്.

യുദ്ധസാമഗ്രികള്‍ നിര്‍മ്മിക്കുന്നതില്‍ സ്വകാര്യമേഖലയെ പങ്കെടുപ്പിക്കുന്ന കാര്യത്തില്‍ ഔദ്യോഗികതലത്തില്‍ വിയോജിപ്പുകള്‍ ഉണ്ടായിരുന്നു. ഇതുകാരണം വിമാനങ്ങള്‍, മുങ്ങിക്കപ്പലുകള്‍, കരയില്‍ ഉപയോഗിക്കാനുള്ള വാഹനങ്ങള്‍, ആയുധങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കാനുള്ള വലിയ ഓര്‍ഡറുകള്‍ പ്രതീക്ഷിച്ചിരുന്ന സ്വകാര്യ കമ്പനികള്‍ ആശങ്കയിലുമായിരുന്നു. നിലവില്‍ ഇതെല്ലാം പൊതുമേഖലയിലാണ് നിര്‍മ്മിക്കപ്പെടുന്നത്.

കഴിഞ്ഞയാഴ്ച പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തിലാണ് തര്‍ക്കങ്ങള്‍ക്കു വിരാമമായത്. മൂന്നു വ്യാവസായിക മേഖലകളില്‍ നിന്നുമുള്ള മുന്‍നിര കമ്പനികളുടെ പ്രതിനിധികളെ ഇതിനെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ ക്ഷണിച്ചിട്ടുണ്ട്. വ്യാഴാഴ്ചയായിരിക്കും ചര്‍ച്ച നടക്കുക എന്നു കരുതപ്പെടുന്നു.

ആദ്യത്തെ ഘട്ടത്തില്‍ നാലു പദ്ധതികളായിരിക്കും ആരംഭിക്കുക എന്ന് പ്രതീക്ഷിക്കുന്നു. പുതിയ മുങ്ങിക്കപ്പലുകള്‍, നാവികസേനയ്ക്കുള്ള ഹെലികോപ്ടറുകള്‍, ഒറ്റ എഞ്ചിനുള്ള യുദ്ധവിമാനങ്ങള്‍, ആര്‍മിയുടെ ആവശ്യത്തിനായുള്ള സായുധവാഹനങ്ങള്‍ എന്നിവയായിരിക്കും അവ.

'സ്വകാര്യമേഖലയെ പങ്കെടുപ്പിക്കുന്നതു വളരെ നല്ലതാണെന്നതില്‍ സംശയമില്ല. ഏതാണ്ട് എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചുകഴിഞ്ഞു. അതിവേഗത്തില്‍ പ്രവര്‍ത്തനം തുടങ്ങേണ്ടതുണ്ട്,' ഒരു മുതിര്‍ന്ന സായുധസേനാ ഓഫീസര്‍ പറഞ്ഞു.

എന്നാല്‍ സ്വകാര്യമേഖലയെ ആയുധനിര്‍മ്മാണം ഏല്‍പ്പിക്കുന്നതില്‍ അതൃപ്തി പ്രകടിപ്പിക്കുന്നവരുമുണ്ട്. ചില പ്രത്യേക കമ്പനികളെ ജോലിയേല്‍പ്പിച്ചാല്‍ ഗുണനിലവാരത്തിനെക്കുറിച്ച് സംശയിക്കേണ്ടി വരുമെന്ന് അവര്‍ പറയുന്നു. അതേ സമയം പ്രതിരോധ മേഖലയ്ക്കായി നിർമ്മിച്ചുനൽകുന്ന വാഹനങ്ങൾക്ക് 25 വർഷത്തെ ആയുസ്സുണ്ടാവണം എന്നും അക്കാലയളവിൽ അവയുടെ പരിപാലനവും ഇതേ കമ്പനികൾ ഉറപ്പുവരുത്തണമെന്നും കരാറിൽ വ്യവസ്ഥയുണ്ടാവും എന്നാണ് അറിയുന്നത്. അതുകൊണ്ടുതന്നെ ദീർഘകാലമായി ഹെവി എഞ്ചിനീയറിങ്, വാഹനനിർമ്മാണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിപരിചയമുള്ള കമ്പനികളുമായാവും കരാറിൽ ഏർപ്പെടുകയെന്ന് ഒരു മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധി അറിയിച്ചു. അതുകൊണ്ട് ഉടമ്പടിയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏതൊക്കെ കമ്പനികളെയാണ് ഉള്‍പ്പെടുത്തുക എന്നത് തീരുമാനിച്ചിട്ടില്ല. ആറ് പ്രധാനകമ്പനികള്‍ ഉണ്ടാകുമെന്ന് സൂചനകളുണ്ട്. അവര്‍ തങ്ങളുടെ സാമ്പത്തിക അടിത്തറ കൂടി ഉറപ്പാക്കിയാലേ കരാറില്‍ എത്താന്‍ സാധിക്കുകയുള്ളൂ. ലാര്‍സന്‍ & ടൂബ്രോ, റ്റാറ്റ, മഹീന്ദ്ര & മഹീന്ദ്ര, റിലയന്‍സ് ഡിഫന്‍സ്, ഭാരത് ഫോര്‍ജ്, അദാനി ഗ്രൂപ് എന്നിവരാണ് പട്ടികയിലുള്ളതെന്ന് ആദ്യസൂചനകള്‍ പറയുന്നു.

ഇപ്പോഴത്തെ പദ്ധതിയനുസരിച്ച് ഒരുകമ്പനിയ്ക്കു മാത്രമേ ആയുധനിര്‍മ്മാണത്തിനുള്ള കരാര്‍ നല്‍കുകയുള്ളൂ. ഇതു കമ്പനികള്‍ക്കിടയില്‍ കൊടിയ മത്സരം സൃഷ്ടിക്കാനിടയുണ്ട്. റ്റാറ്റാ, എല്‍ & ടി തുടങ്ങിയ കമ്പനികള്‍ക്ക് ഈ രംഗത്ത് വളരെയധികം താല്പര്യമുണ്ട്. അടുത്ത യോഗത്തിനു ശേഷമേ, ആരായിരിക്കും സര്‍ക്കാരിന്റെ ആയുധനിര്‍മ്മാണ പങ്കാളിയാകുക എന്ന് അറിയുകയുള്ളൂ.