പ്രധാനമന്ത്രി മോദിയുടെ 58ാമതു വിദേശയാത്രയ്ക്ക് ഇന്നു തുടക്കം; 36 മാസത്തിനുള്ളില്‍ 45 രാജ്യങ്ങള്‍ സന്ദര്‍ശിച്ച വകയില്‍ ചെലവ് 288 കോടി

അധികാരമേറ്റു 36 മാസത്തിനുള്ളില്‍ പ്രധാനമന്ത്രിയുടെ യാത്രയ്ക്കു ചെലവായ തുക 288 കോടി രൂപയെന്നാണു റിപ്പോര്‍ട്ടുകള്‍. ഈ യാത്രയെക്കൂടാതെ ഈ വര്‍ഷം കസാഖിസ്ഥാൻ, ഇസ്രായേല്‍, ജര്‍മ്മനി, ചൈന, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിക്കും...

പ്രധാനമന്ത്രി മോദിയുടെ 58ാമതു വിദേശയാത്രയ്ക്ക് ഇന്നു തുടക്കം; 36 മാസത്തിനുള്ളില്‍ 45 രാജ്യങ്ങള്‍ സന്ദര്‍ശിച്ച വകയില്‍ ചെലവ് 288 കോടി

ഒരു ചെറിയ ഇടവേളയ്ക്കു ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രയ്ക്ക് ഇന്നു തുടക്കമാകും. ഫ്രാന്‍സ്, ജര്‍മനി, സ്‌പെയിന്‍, റഷ്യ എന്നീ രാജ്യങ്ങളാണ് പ്രധാനമന്ത്രി സന്ദര്‍ശിക്കുന്നത്. ഇന്നു മുതല്‍ ജൂണ്‍ 3 വരെയാണ് ത്രിരാഷ്ട്ര സന്ദര്‍ശനം നിശ്ചയിച്ചിട്ടുള്ളത്. ഇതോടെ 36 മാസത്തിനുള്ളില്‍ പ്രധാനമന്ത്രി 57 യാത്രകളിലൂടെ 45 രാജ്യങ്ങളാണു സന്ദര്‍ശിക്കുക.

രാജ്യങ്ങളുമായുള്ള സാമ്പത്തികബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുകയും നിക്ഷേപം വര്‍ധിപ്പിക്കുകയുമാണ് ഇത്തവണത്തെ സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യമെന്നു നരേന്ദ്രമോദി അറിയിച്ചു. ആദ്യം ജര്‍മനിയിലാണു മോദി എത്തുക. ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കല്‍ അടക്കമുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തും.

ചൊവ്വാഴ്ച ജര്‍മ്മനിയില്‍ നിന്നും സ്‌പെയിനിലേക്കു പുറപ്പെടുന്ന മോദി അവിടെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാജാവ് ഫെലിപ് നാലാമനുമായും പ്രധാനമന്ത്രി മാരിയാനോ റജോയിയുമായും ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ സഹകരണം സംബന്ധിച്ചു മോദി ചര്‍ച്ചകളില്‍ പങ്കെടുക്കും. വിവിധ പദ്ധതികളില്‍ സ്പെയിനിന്റെ സഹായവും മോദി തേടും. മൂന്നു പതിറ്റാണ്ടിനിടയില്‍ ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി സ്പെയിനിലെത്തുന്നത്.

സ്പെയിന്‍ സന്ദര്‍ശനത്തിനു ശേഷം റഷ്യയിലേക്കും അവിടെ നിന്നു ഫ്രാന്‍സിലേക്കും പ്രധാനമന്ത്രി പോകും. 31 മുതല്‍ ജൂണ്‍ രണ്ടുവരെയുള്ള റഷ്യന്‍ സന്ദര്‍ശനത്തില്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തും. അടുത്തദിവസം ഫ്രാന്‍സില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി പാരിസില്‍ വച്ചു പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും

അധികാരമേറ്റ് 36 മാസത്തിനുള്ളില്‍ പ്രധാനമന്ത്രിയുടെ യാത്രയ്ക്കു ചെലവായ തുക 288 കോടി രൂപയെന്നാണു റിപ്പോര്‍ട്ടുകള്‍. ഈ യാത്രയെക്കൂടാതെ ഈ വര്‍ഷം ഖസാക്സ്ഥാന്‍, ഇസ്രായേല്‍, ജര്‍മ്മനി, ചൈന, ഫിലിപ്പീന്‍സ് എന്നീ രാജ്യങ്ങളും പ്രധാനമന്ത്രി സന്ദര്‍ശിക്കും.