ഹിന്ദി ജനകീയമാക്കാനുള്ള നിർദ്ദേശങ്ങൾ രാഷ്ട്രപതി അംഗീകരിച്ചു; മന്ത്രിമാർ ഇനി പ്രസംഗം ഹിന്ദിയിലാക്കണം

ഹിന്ദി ഭാഷയുടെ പ്രചാരണത്തിനായി പാർലമെന്റ് ഔദ്യോഗികഭാഷാ കമ്മീഷൻ സമർപ്പിച്ച നിർദ്ദേശങ്ങൾ രാഷ്ട്രപതി അംഗീകരിച്ചു.

ഹിന്ദി ജനകീയമാക്കാനുള്ള നിർദ്ദേശങ്ങൾ രാഷ്ട്രപതി അംഗീകരിച്ചു; മന്ത്രിമാർ ഇനി പ്രസംഗം ഹിന്ദിയിലാക്കണം

രാഷ്ട്രപതിയും മന്ത്രിമാരും ഉള്‍പ്പടെയുള്ളവര്‍ ഹിന്ദി അറിയാമെങ്കില്‍ അവരുടെ പ്രസംഗങ്ങള്‍ ഹിന്ദിയിലാക്കണം എന്ന പാര്‍ലമെന്‌റ് ഔദ്യോഗികഭാഷാ കമ്മീഷന്‌റെ നിര്‍ദ്ദേശം രാഷ്ട്രപതി പ്രണബ് മുഖര്‍ജി അംഗീകരിച്ചു. ഹിന്ദി ജനകീയമാക്കാനും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ തമ്മിലുള്ള ആശയവിനിമയങ്ങള്‍ മെച്ചപ്പെടുത്താനും വേണ്ടി ആറ് വര്‍ഷങ്ങള്‍ക്കു മുമ്പ് കമ്മീഷന്‍ 117 നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു.

രാഷ്ട്രപതിയുടെ അറിയിപ്പ് എല്ലാ മന്ത്രാലയങ്ങള്‍ക്കും സംസ്ഥാനങ്ങള്‍ക്കും പ്രധാനമന്ത്രിയുടെ ഓഫീസിലേയ്ക്കും അംഗീകാരത്തിനായി അയച്ചു. ജൂലൈയില്‍ പ്രണബ് മുഖര്‍ജിയുടെ രാഷ്ട്രപതി കാലാവധി അവസാനിക്കും. അടുത്ത രാഷ്ട്രപതി ഹിന്ദിയില്‍ മാത്രമായിരിക്കും പ്രസംഗിക്കുക എന്നറിയുന്നു.

എയര്‍ ഇന്ത്യ ടിക്കറ്റുകളില്‍ ഹിന്ദി ഉപയോഗിക്കുക, ഹിന്ദി പ്രസിദ്ധീകരണങ്ങളും പത്രങ്ങളും യാത്രക്കാര്‍ക്ക് ലഭ്യമാക്കുക എന്നീ നിര്‍ദ്ദേശങ്ങളും രാഷ്ട്രപതി അംഗീകരിച്ചു. അതേ സമയം പൊതുമേഖലാ സ്ഥാപമങ്ങളില്‍ ഹിന്ദിയില്‍ ആശയവിനിമയം നടത്തണമെന്ന നിര്‍ദ്ദേശം രാഷ്ട്രപതി തള്ളി.

സ്വകാര്യസ്ഥാപനങ്ങള്‍ അവരുടെ ഉല്‍പ്പന്നങ്ങളുടെ വിവരങ്ങള്‍ ഹിന്ദിയിലും ഉല്‍പ്പന്നത്തിന്‌റെ പേര് ദേവനാഗരിയിലും നല്‍കണമെന്ന നിര്‍ദ്ദേശം തള്ളി. എന്നിരുന്നാലും രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം എല്ലാ സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളും ഉല്‍പ്പന്നങ്ങളുടെ പേര് ഹിന്ദിയിലും കൊടുക്കേണ്ടി വരും.

സര്‍ക്കാര്‍ ജോലിയ്ക്കായി ഹിന്ദി പരിജ്ഞാനം വേണമെന്ന നിര്‍ദ്ദേശവും തള്ളപ്പെട്ടു. സിബിഎസ്ഇ, കേന്ദ്രീയ വിദ്യാലയ സ്‌കൂളുകളില്‍ ഹിന്ദി നിര്‍ബന്ധ പാഠ്യവിഷയം ആക്കണമെന്ന നിര്‍ദ്ദേശം തത്വത്തില്‍ അംഗീകരിക്കപ്പെട്ടു. ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇത് നടപ്പിലാക്കാമെന്നും മറ്റു സംസ്ഥാനങ്ങളുമായി ആലോചിച്ച് തീരുമാനിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു.

ഹിന്ദി സംസാരഭാഷയല്ലാത്ത സംസ്ഥാനങ്ങളിലെ സര്‍വകലാശാലകളില്‍ ഹിന്ദിയില്‍ പരീക്ഷയെഴുതാനുള്ള അവസരം അനുവദിക്കണമെന്നത് മാനവവിഭവശേഷി മന്ത്രാലയം അന്വേഷിക്കണമെന്നും ഉത്തരവുണ്ട്.

എന്നാല്‍ തമിഴ്‌നാട് പോലെയുള്ള ഹിന്ദിവിരുദ്ധ സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശങ്ങളോട് എത്രത്തോളം യോജിക്കുമെന്ന കാര്യം കണ്ടറിയണം.