മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കു സിപിഐഎം പിന്തുണ; ജില്ലാ പരിഷത്തില്‍ ശിവസേന നേതാവ് പ്രസിഡന്റായി

ജില്ലാ പരിഷത്ത് പ്രസിഡന്റായി ശിവസേനയിലെ ശീതള്‍ സാംഗ്ലെ തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും മൂന്ന് സിപിഐഎം അംഗങ്ങളുമാണ് സാംഗ്ലെയെ പിന്തുണച്ചത്.

മഹാരാഷ്ട്രയില്‍ ശിവസേനയ്ക്കു സിപിഐഎം പിന്തുണ; ജില്ലാ പരിഷത്തില്‍ ശിവസേന നേതാവ് പ്രസിഡന്റായി

മഹാരാഷ്ട്രയിലെ നാസിക് ജില്ലാ പരിഷത്തില്‍ സിപിഐഎം-കോണ്‍ഗ്രസ് പിന്തുണയോടെ ശിവസേന അധികാരത്തിലേറി. ബിജെപി അധികാരത്തിലേറാതിരിക്കാനാണ് ശിവസേനയെ സിപിഎമ്മും, കോണ്‍ഗ്രസും ചേര്‍ന്ന് പിന്തുണച്ചത്. ജില്ലാ പരിഷത്ത് പ്രസിഡന്റായി ശിവസേനയിലെ ശീതള്‍ സാംഗ്ലെ തെരഞ്ഞെടുക്കപ്പെട്ടു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും മൂന്ന് സിപിഐഎം അംഗങ്ങളുമാണ് സാംഗ്ലെയെ പിന്തുണച്ചത്. കോണ്‍ഗ്രസിന്റെ നയ്‌ന ഗവിറ്റ് വൈസ് പ്രസിഡന്റായി. ശിവസേനയ്ക്ക്‌ ആകെ 25 അംഗങ്ങളാണ് ജില്ലാ പരിഷത്തിലുള്ളത്. ശിവസേന നാസിക്കില്‍ ബിജെപിയുടെ പിന്തുണ സ്വീകരിച്ചിരുന്നില്ല.

1966ല്‍ ശിവസേന രൂപം കൊണ്ടതുമുതല്‍ 1980കള്‍ വരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ശിവസേനയും തമ്മില്‍ ബോംബെയിലടക്കം മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളില്‍ വലിയ സംഘര്‍ഷങ്ങളും രക്തചൊരിച്ചിലുകളും നടന്നിട്ടുണ്ട്. സിപിഐഎമ്മിന്റേയും സിപിഐയുടേയും നിരവധി പ്രവര്‍ത്തകര്‍ ശിവസേനക്കാരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. കമ്മ്യൂണിസ്റ്റുകളെ അടിച്ചൊതുക്കിയാണ് ശിവസേനയുടേയും ബാല്‍താക്കറേ എന്ന നേതാവിന്റെയും ഉദയം തന്നെ. കൃഷ്ണ ദേശായ് എന്ന സിപിഐ എംഎല്‍എയുടെ കൊലപാതകമടക്കം നിരവധി സംഭവങ്ങള്‍ ഇത്തരം സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ടുണ്ടായിട്ടുണ്ട്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനങ്ങള്‍ക്കിടയിലുണ്ടായിരുന്ന ശക്തമായ സ്വാധീനം ഇല്ലാതാക്കാനും ഇടതുപക്ഷ പ്രവര്‍ത്തകരെ കായികമായി ആക്രമിക്കാനും അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാരുകളുടെയും കോര്‍പ്പറേറ്റ് മുതലാളിമാരുടേയും പിന്തുണയോടെ ശിവസേന പ്രവര്‍ത്തിച്ചതായി പുസ്തകത്തില്‍ അശോക് ധാവ്‌ളെ പറയുന്നുണ്ട്. ശിവസേനയെ ഒരു പ്രാദേശിക തീവ്രവാദ കക്ഷിയായി മാത്രമല്ല ഒരു ഹിന്ദുത്വ ഫാഷിസ്റ്റ് സംഘടനയായി തന്നെയാണ് സിപിഎം വിലയിരുത്തുന്നത്. ഈ സാഹചര്യത്തില്‍ നാസിക് ജില്ലാ പരിഷത്തില്‍ ശിവസേനയ്ക്ക് സിപിഐഎം നല്‍കുന്ന പിന്തുണ ശ്രദ്ധേയമായിരിക്കുകയാണ്. എന്‍സിപിയും ശിവസേനയും യവത്മാലില്‍ കൈകോര്‍ത്തപ്പോള്‍ ബിജെപിയും കോണ്‍ഗ്രസും ഇവിടെ സഖ്യകക്ഷികളായി. മറ്റ് സ്ഥലങ്ങളിലും ഇതേ പോലെ തന്നെയുള്ള സഖ്യങ്ങള്‍ രൂപം കൊണ്ടിട്ടുണ്ട്.

Read More >>