'ലവ് ജിഹാദ്'; സെൻകുമാറിന് സ്വയബുദ്ധി നഷ്ട്ടപ്പെട്ടോയെന്ന് പ്രശാന്ത് ഭൂഷൺ

സെൻകുമാറിന്റെ വിവാദ പരാമർശങ്ങൾക്ക് 'സ്വന്തം വക്കീലിന്റെ' വക്കാലത്തില്ല. സെൻകുമാറിനെതിരെ നാരദയോട് തുറന്നടിച്ച് അഡ്വ. പ്രശാന്ത് ഭൂഷൺ. കേരള സർക്കാരിനെതിരെ സുപ്രീം കോടതിയിൽ സെൻകുമാറിന് വേണ്ടി വാദിച്ച അഭിഭാഷകനാണ് പ്രശാന്ത് ഭൂഷൺ. സെൻകുമാർ കേസിൽ സുപ്രീം കോടതി വിധി നിർണയം കഴിഞ്ഞപ്പോൾ പ്രത്യേകം പേരെടുത്തു പറഞ്ഞു പ്രകീർത്തിച്ചതും പ്രശാന്ത് ഭൂഷനെയാണ്.

മുൻ ഡിജിപി സെൻകുമാറിന്റെ മുസ്ലിം വിരുദ്ധ പരാമർശം അടിസ്ഥാനരഹിതവും മഠയത്തവുമാണെന്ന് സുപ്രീം കോടതി മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ. എന്ത് അടിസ്ഥാനത്തിലാണ് കേരളത്തിലെ മുഴുവൻ മുസ്ലിം ജനതയേയും സംശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന വിവരമില്ലാത്ത ആരോപണങ്ങൾ സെൻകുമാർ ഉന്നയിക്കുന്നതെന്നു പ്രശാന്ത് ഭൂഷൺ ചോദിച്ചു. ആരോപണങ്ങൾക്ക് അടിസ്ഥാനമായ വിവരങ്ങൾ സെൻകുമാറിന് എവിടുന്ന് കിട്ടിയെന്നും പ്രശാന്ത് ഭൂഷൺ ചോദിച്ചു.

ഇന്ത്യയെ സ്നേഹിക്കുന്ന ദേശസ്നേഹമുള്ള ജനങ്ങളാണ് കേരളത്തിലെ മുസ്ലിം സമുദായമെന്നു പ്രശാന്ത് ഭൂഷൺ നാരദ ന്യൂസിനോട് പറഞ്ഞു. മുസ്ലിം സമുദായത്തെ മുഴുവൻ തീവ്രവാദ റാഡിക്കൽ ചിന്താഗതിക്കാർ എന്ന് വിളിച്ചതും ലവ് ജിഹാദ് ഉണ്ടെന്നു പറഞ്ഞതുമൊക്കെ വെച്ചുനോക്കുമ്പോൾ സെൻകുമാറിന് സ്വയബുദ്ധി നഷ്ടമായോ എന്ന് സംശയമുണർത്തുന്നുവെന്നും പ്രശാന്ത് ഭൂഷൺ പറഞ്ഞു

കേരള സർക്കാരിനെതിരെ സുപ്രീം കോടതിയിൽ സെൻകുമാറിന് വേണ്ടി വാദിച്ച അഭിഭാഷകനാണ് പ്രശാന്ത് ഭൂഷൺ. സെൻകുമാർ കേസിൽ സുപ്രീം കോടതി വിധി നിർണയം കഴിഞ്ഞപ്പോൾ പ്രത്യേകം പേരെടുത്തു പറഞ്ഞു പ്രകീർത്തിച്ചതും പ്രശാന്ത് ഭൂഷനെയാണ്. തനിക്കുവേണ്ടി സുപ്രീംകോടതിയിൽ ഹാജരാകാൻ പ്രശാന്ത് ഭൂഷൺ ഫീസ് ഇനത്തിൽ ഇനത്തിൽ ഒന്നും വാങ്ങിയില്ലെന്നും തനിക്കു എല്ലാ ധാർമിക പിന്തുണയും പ്രശാന്ത് ഭൂഷൺ നൽകിയെന്നും സെൻകുമാർ പറഞ്ഞിരുന്നു.

കേരളത്തിലെ മുസ്ലിം ജനവിഭാഗം പെറ്റു പെരുകുന്നുവെന്നും കേരളം താമസിയാതെ മുസ്ലിം ഭൂരിപക്ഷം സംസ്ഥാനമാകുമെന്നും മുസ്ലിങ്ങൾ ലവ് ജിഹാദ് നടത്തുന്നുവെന്നും സെൻകുമാർ സമകാലിക മലയാളം വാരികയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.