റാഫേൽ വിമാനം നിർമ്മിക്കാൻ എച്ച്എഎല്ലിനു ശേഷിയില്ല; പക്ഷേ റിലയൻസിനുണ്ട്: നിർമ്മല സീതാരാമൻ

കഴിഞ്ഞ ഒക്ടോബറിൽ തറക്കല്ലിട്ട റിലയൻസ് ഏറോസ്പേസിൻ്റെ 'ശേഷി' എത്രത്തോളമെന്ന് ഇനിയും കണ്ടറിയേണ്ടിയിരിക്കുന്നു.

റാഫേൽ വിമാനം നിർമ്മിക്കാൻ എച്ച്എഎല്ലിനു ശേഷിയില്ല; പക്ഷേ റിലയൻസിനുണ്ട്: നിർമ്മല സീതാരാമൻ

‌റാഫേൽ വിമാനം നിർമ്മിക്കാനുള്ള ചുമതല റിലയൻസ് ഏറോനോട്ടിക്സിനു നൽകിയതിനെ ന്യായീകരിച്ച് പ്രതിരോധമന്ത്രി നിർമ്മല സീതാരാമൻ. 78 വർഷത്തെ അനുഭവജ്ഞാനമുള്ള ഹിന്ദുസ്താൻ ഏറോനോട്ടിക്സ് ലിമിറ്റഡിന് റാഫേൽ നിർമ്മിക്കാനുള്ള ശേഷിയില്ലെന്നും റിലയൻസിന് അതുണ്ടെന്നുമാണ് നിർമ്മല സീതാരാമൻ്റെ വിശദീകരണം. പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അവരുടെ പരാമർശം.

"എച്ച്എഎല്ലിൻ്റെ ശേഷിക്കുറവ് മൂലമാണ് യുപിഎ സർക്കാരിൻ്റെ കാലത്ത് കൊണ്ടു വന്ന റാഫേൽ കരാർ റദ്ദായത്. ഇന്ത്യൻ എയർഫോഴ്സിന് വിമാനത്തിൻ്റെ നിലവാരത്തിൽ ഉറപ്പ് വേണമായിരുന്നു. ഇത് നൽകാൻ എച്ച്എഎല്ലിനു കഴിഞ്ഞില്ല"- അവർ പറഞ്ഞു.

ലോകത്തെ തന്നെ ഏറ്റവും മികച്ച വിമാനനിർമ്മാതാക്കളിൽ ഒരാളായ ഹിന്ദുസ്താൻ ഏറോനോട്ടിക്സിന് റാഫേൽ നിർമ്മിക്കാനുള്ള ശേഷിയില്ലെന്ന പ്രതിരോധമന്ത്രിയുടെ പ്രസ്താവന വ്യാപകമായ പ്രതിഷേഷങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബറിൽ തറക്കല്ലിട്ട റിലയൻസ് ഏറോസ്പേസിൻ്റെ 'ശേഷി' എത്രത്തോളമെന്ന് ഇനിയും കണ്ടറിയേണ്ടിയിരിക്കുന്നു. ധ്രുവ് ഹെലികോപ്ടർ, തേജസ് പോർവിമാനം തുടങ്ങി ഒട്ടേറെ നിർമ്മിതികൾ നടത്തിയ എച്ച്എഎല്ലിൻ്റെ ശേഷി ചോദ്യം ചെയ്തത് റിലയൻസിന് കരാർ നൽകാനാണെന്ന കാര്യത്തിൽ തർക്കമില്ല.

യുപിഎ സർക്കാരിൻ്റെ ഭരണകാലത്ത് പരാജയപ്പെട്ട റാഫേൽ വിമാനക്കരാർ 2015ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാന്‍സിലെത്തിയപ്പോഴാണ് വീണ്ടും ചര്‍ച്ചയായത്. അന്ന് മോദിക്കൊപ്പം റിലയന്‍സ് ഉടമ അനില്‍ അംബാനിയും അന്ന് ഉണ്ടായിരുന്നു. 10.2 ബില്യണ്‍ ഡോളര്‍ അതായത് 54,000 കോടിക്ക് 126 റാഫേല്‍ പോര്‍വിമാനങ്ങളും അതിന്റെ സാങ്കേതിക വിദ്യയും ഇന്ത്യയില്‍ എത്തിക്കാനായിരുന്നു യു പി എ സര്‍ക്കാരിന്റെ കാലത്ത് കരാർ. അതിൽത്തന്നെ ആദ്യം ലഭ്യമാക്കുന്ന 36 വിമാനങ്ങളില്‍ 18 എണ്ണം ഇന്ത്യയില്‍ നിര്‍മിക്കാനായിരുന്നു മന്‍മോഹന്‍ സിംഗ് സര്‍ക്കാരിന്റെ കരാര്‍ വ്യവസ്ഥ ചെയ്തത്. എന്നാല്‍ മോദി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ ആ കരാറില്‍ വലിയ അഴിച്ചുപണികളും ഭേദഗതികളും വരുത്തി. റിലയന്‍സ് എയ്റോ സ്ട്രക്ചര്‍ എന്ന അനില്‍ അംബാനിയുടെ കമ്പനി ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനുമായി ചേര്‍ന്ന് ഡസോള്‍ട്ട് റിലയന്‍സ് ആരോ സ്പെയ്സ് എന്ന കമ്പനി തുടങ്ങിയത് ഈ കരാര്‍ ലക്ഷ്യമിട്ടാണെന്നതും ശ്രദ്ധേയമാണ്.

Read More >>