സര്‍ദാര്‍ സരോവര്‍ ഡാം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; മേധാപട്കര്‍ അടക്കമുള്ളവര്‍ ജല സത്യാഗ്രഹത്തില്‍

അണക്കെട്ട് നിർമ്മാണം കാരണം കുടിയൊഴിപ്പിക്കപ്പെട്ടവരും എപ്പോഴും മുങ്ങിപ്പോയേക്കാവുന്ന ഗ്രാമങ്ങളില്‍ കഴിയുന്നവരും നദിയിലിറങ്ങിനിന്ന് ഇപ്പോഴും സമരം തുടരുകയാണ്. നര്‍മ്മദയുടെ തീരത്ത് കുടിയൊഴിക്കപ്പെടുന്ന പതിനായിരങ്ങളുടെ നെഞ്ചത്ത് ചവിട്ടിയാണ് മോദി ജന്മദിനം ആഘോഷിക്കുന്നത് എന്ന് മേധാ പട്കര്‍ പറഞ്ഞു.

സര്‍ദാര്‍ സരോവര്‍ ഡാം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു; മേധാപട്കര്‍ അടക്കമുള്ളവര്‍ ജല സത്യാഗ്രഹത്തില്‍

പ്രതിഷേധങ്ങൾക്കിടെ, നര്‍മ്മദ നദിയിലെ സര്‍ദാര്‍ സരോവര്‍ ഡാം പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. 57 വര്‍ഷം മുമ്പ് തറക്കല്ലിട്ട ഡാം ആണ് സര്‍ദാര്‍ സരോവര്‍ ഡാം. അണക്കെട്ട് നിർമ്മാണം കാരണം കുടിയൊഴിപ്പിക്കപ്പെട്ടവരും എപ്പോഴും മുങ്ങിപ്പോയേക്കാവുന്ന ഗ്രാമങ്ങളില്‍ കഴിയുന്നവരും നദിയിലിറങ്ങിനിന്ന് ഇപ്പോഴും സമരം തുടരുകയാണ്. നര്‍മ്മദയുടെ തീരത്ത് കുടിയൊഴിക്കപ്പെടുന്ന പതിനായിരങ്ങളുടെ നെഞ്ചത്ത് ചവിട്ടിയാണ് മോദി ജന്മദിനം ആഘോഷിക്കുന്നത് എന്ന് മേധാ പട്കര്‍ പറഞ്ഞു.ജൂലൈ അവസാന വാരം മുതല്‍ മേധാ പട്കര്‍ അടക്കമുള്ളവര്‍ ഡാമിനെതിരെ നിരാഹാരസമരം നടത്തിവന്നിരുന്നു. ഓഗസ്റ്റ് ഏഴിന് 2000 പോലീസുകാര്‍ ചേര്‍ന്ന് സമാധാനപരമായി സമരം ചെയ്യുകയായിരുന്ന ഇവരെ ആക്രമിക്കുകയും അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തിരുന്നു. അണക്കെട്ട് നിർമ്മാണം മൂലം കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ലഭിക്കേണ്ട നഷ്ടപരിഹാരമോ പുനരധിവാസമോ കാര്യക്ഷമമായി നടത്തിയിട്ടില്ല. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് അനുകൂലമായ കോടതി വിധികളും നടപ്പാക്കിയിട്ടില്ല.

"മോദിജിയുടെ രാജ്യത്ത്, ശിവരാജ് സിങ് ചൗഹാന്റെ രാജ്യത്ത് സംഭവിക്കുന്നതെന്താണോ അതിന് ഉത്തരമില്ല. ശിവരാജ് സിംങിന്റെ സര്‍ക്കാര്‍ കര്‍ഷക വിരുദ്ധവും ആദിവാസി വിരുദ്ധവുമായ കൊലയാളി സര്‍ക്കാരാണ്. ബലപ്രയോഗത്തിലൂടെയാണ് നമ്മളെ നേരിടുന്നത്. ബാബാ സാഹേബിന്റെ ഭരണഘടനയ്ക്ക് ഒരു വിലയും കല്‍പിക്കാതെയാണ് ഇവര്‍ രാജ്യം ഭരിക്കുന്നത്. ഡാമിന്റെ കാര്യത്തില്‍ നാളെ എന്ത് സംഭവിക്കുമെന്ന് ആര്‍ക്കറിയാം? മോദിക്കെതിരെ രാജ്യത്തിന്റെ മുക്കിലും മൂലയിലും സമരങ്ങള്‍ നടക്കുന്നുണ്ട്. നര്‍മ്മദയ്ക്ക് വേണ്ടി മാത്രമല്ല ഈ സമരം, വികസനത്തിന്റെ പേരില്‍ നടപ്പാക്കുന്ന എല്ലാത്തരം കുടിയൊഴിപ്പിക്കലിനെതിരെയാണ്." എന്നും മേധ അറിയിച്ചിരുന്നു.
ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള പിടിവള്ളിയായാണ് എന്‍ഡിഎ ഡാമിനെ നോക്കിക്കാണുന്നത്. അധികാരത്തിലേറിയ 2014 മുതല്‍ തന്നെ ബിജെപി സര്‍ദാര്‍ സരോവര്‍ ഡാം പദ്ധതിയെ രാഷ്ട്രീയ വളര്‍ച്ചയ്ക്ക് ഉപയോഗിക്കുന്നുണ്ട്.


Read More >>