രാഷ്ട്രീയത്തില്‍ കൊണ്ടുവന്നത് പിണറായി; രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും കണ്ണന്താനം

കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് തന്റെ സ്ഥാനലബ്ധിയില്‍ അസംതൃപ്തിയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു

രാഷ്ട്രീയത്തില്‍ കൊണ്ടുവന്നത് പിണറായി; രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലാതാക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും കണ്ണന്താനം

തന്നെ രാഷ്ട്രീയത്തില്‍ കൊണ്ടുവന്നത് പിണറായി വിജയനാണെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ അവസാനിപ്പിക്കാന്‍ പിണറായി വിജയനുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ന്യൂസ് 18 ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കണ്ണന്താനം പറഞ്ഞു. കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് തന്റെ സ്ഥാനലബ്ധിയില്‍ അസംതൃപ്തിയുണ്ടെന്ന തരത്തിലുള്ള വാര്‍ത്തകള്‍ വാസ്തവവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ തനിക്ക് ലഭിച്ച സ്വീകരണത്തില്‍ എല്ലാ ബിജെപി നേതാക്കളും പങ്കെടുത്തിരുന്നുവെന്നും കണ്ണന്താനം അവകാശപ്പെട്ടു.


യുപിഎ ഭരണത്തില്‍ അരങ്ങേറിയ അഴിമതിയും കൊള്ളയുമാണ് ശക്തനായ ഒരു നേതാവിനെ രാജ്യത്തിന് ആവശ്യമാണെന്ന തോന്നല്‍ ജനത്തിനുണ്ടാക്കിയത്. മോദിയാണ് ഇതിന് ഏറ്റവും അനുയോജ്യനെന്നാണ് താന്‍ തിരിച്ചറിഞ്ഞതെന്നും കണ്ണന്താനം പറഞ്ഞു. ഗുജറാത്തില്‍ മോദി നടത്തിയ വികസനമാണ് ഇത്തരത്തിലൊരു നിലപാട് രൂപപ്പെടുത്തുന്നതിന് കാരണമായത്-കണ്ണന്താനം പറയുന്നു. ''പിണറായി വിജയനുമായി എനിക്ക് വളരെ അടുത്ത ബന്ധമാണുള്ളത്. അദ്ദേഹമാണെന്നെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത്. രാഷ്ട്രീയത്തിലിറങ്ങാനുള്ള ആഗ്രഹം പ്രകടിപ്പിച്ചതോടെ എംഎ ബേബിയാണ് എനിക്ക് പിണറായിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കിയത്. സംസാരം തുടങ്ങി വെറും 10 സെക്കന്‍ഡിനുള്ളില്‍ അദ്ദേഹമെനിക്ക് കാഞ്ഞിരപ്പള്ളി സീറ്റ് വാഗ്ദാനം ചെയ്തു'' കണ്ണന്താനം പറയുന്നു. പിണറായിയോടൊപ്പം ഇരുന്ന് ചര്‍ച്ച ചെയ്ത് രാഷ്ട്രീയ കൊലപാതകങ്ങള്‍ ഇല്ലാതാക്കുമെന്നും കണ്ണന്താനം പറഞ്ഞു.

Read More >>